ബേപ്പൂർ ∙ തോണിച്ചിറ മുണ്ട്യാർ വയലിൽ പ്രളയദുരിത ബാധിതർക്കു വില്ലേജ് അധികൃതർ വിതരണം ചെയ്ത തലയണയിൽ കോഴിത്തൂവൽ നിറച്ച നിലയിൽ കണ്ടെത്തി. തുണ്ടത്തിൽ ത്രേസ്യക്കു നൽകിയ ദുരിതാശ്വാസ സാമഗ്രികളിലുണ്ടായ തലയണയിലാണു ദുർഗന്ധം വമിക്കുന്ന കോഴിത്തൂവൽ കണ്ടത്. വീട്ടിൽ കിറ്റ് സൂക്ഷിച്ച മുറിയിൽ നിന്നു ദുർഗന്ധം പരന്നതോടെ പരിശോധിച്ചപ്പോഴാണു തലയണയിൽ പക്ഷിത്തൂവൽ കുത്തിനിറച്ചതു കണ്ടത്.
വില്ലേജ് ഓഫിസിൽ നിന്നു ലഭിച്ച ടോക്കൺ പ്രകാരം നടുവട്ടം മാഹി ഗോഡൗണിൽ നിന്നു ശനിയാഴ്ചയാണു ത്രേസ്യ സാധനങ്ങൾ കൈപ്പറ്റിയത്. തലയണയ്ക്കു പുറമെ ബ്രഷ്, സോപ്പ്, പേസ്റ്റ്, വസ്ത്രം എന്നിവയും കിറ്റിലുണ്ടായിരുന്നു. മുണ്ട്യാർവയയിലെ ഒട്ടേറെ കുടുംബങ്ങൾക്കുവില്ലേജ് മുഖേന ദുരിതാശ്വാസ സാമഗ്രികളുടെ കിറ്റ് വിതരണം ചെയ്തിരുന്നു.
തലയണയിൽ കോഴിത്തൂവൽ കണ്ടതോടെ പരിസരവാസികൾ ആശങ്കയിലാണ്. വിവരം വില്ലേജ് അധികൃതരെ അറിയിച്ചു.
Post Your Comments