
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആസ്വദിക്കുന്നവരാണ് പലരും. എന്നാല്‍ ചിലരുടെ കാര്യത്തില്‍ അങ്ങനെ അല്ല. ലൈംഗികബന്ധത്തിനു ശേഷം വേദന അനുഭവപ്പെടാറുണ്ടെങ്കിലും തുറന്നു പറയാന്‍ അവര്‍ക്ക് മടിയാണ്. ഇണ എന്തു വിചാരിക്കുമെന്ന ചിന്തയാണ് ഇക്കാര്യങ്ങള്‍ മൂടി വെയ്ക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതു തുറന്നു പറയണം. മാത്രമല്ല നിങ്ങള്‍ അല്‍പം സൂക്ഷിക്കുന്നതും നന്ന്.
ഒരുപക്ഷേ ഈ ലക്ഷണം ഡിസ്‌പെറെണിയ (dyspareunia) യുടെതാകാം. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ലൈംഗികബന്ധത്തിനു ശേഷമോ മുന്‍പോ തോന്നുന്ന അതികഠിനമായ വേദനയാണ് ഇതിന്റെ ആദ്യലക്ഷണമെന്നു മുംബൈ സെക്‌സ് ഹെല്‍ത്ത് വിദഗ്ധനായ ഡോ. ദീപക് ജുമാനി പറയുന്നു.
ജനനേന്ദ്രിയത്തിലാണ് ഈ വേദന സാധാരണ കാണുന്നതെങ്കിലും ഇത് യോനിക്കുള്ളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. സെക്‌സിനു ശേഷം ദീര്‍ഘനേരം നിലനില്‍ക്കുന്ന പുകച്ചിലോ അസ്വസ്ഥതയോയാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ഇതിനു പിന്നില്‍ ശാരീരികമാനസികലക്ഷണങ്ങള്‍ ഒരുപാട് ഉണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാതെ വരിക, അണുബാധ, എരിച്ചില്‍, മുറിവുകള്‍ തുടങ്ങി ഈസ്ട്രജന്‍ അളവ് കുറയുന്നതു വരെ ഇതിനു പിന്നിലെ കാരണങ്ങളാണ്. എന്നാല്‍ വേദന കഠിനമായി അനുഭവപ്പെടുന്നത് ഒരുപക്ഷേ എന്‍ഡോമെട്രിയോസിസ്, ഒവേറിയന്‍ സിസ്റ്റ്, ഫൈബ്രോയ്ഡ്, കാന്‍സര്‍ എന്നിവയുടെ ലക്ഷണവുമാകാം.
അലര്‍ജി, തുടര്‍ച്ചയായ ജലദോഷം എന്നിവയ്ക്ക് ആന്റിഹിസ്റ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതും ചിലപ്പോള്‍ ഡിസ്‌പെറെണിയയ്ക്ക് കാരണമാകും. പുരുഷന്മാരില്‍ ഡിസ്‌പെറെണിയ ലക്ഷണം തോന്നുന്നത് കൂടുതലും ബീജങ്ങള്‍ പുറത്തുവരുന്ന അവസരത്തിലാണ്. ലൂബ്രിക്കേഷന്‍ കുറവ്, മുറിവുകള്‍, അണുബാധ എന്നിവയാകാം ഇവിടെയും ഇതിനു കാരണം.
Post Your Comments