തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ കേരളമൊട്ടാകെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. ഇതോടെ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് പ്രത്യേക ഒരുക്കങ്ങള്‍ ഉണ്ടാവില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
സന്നിധാനത്ത് കൂടുതല്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ശബരിമലയില്‍ യുവതികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് യോഗത്തിലും തീരുമാനമെടുത്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തര്‍ ദര്‍ശനത്തിനു എത്തിയിരുന്നു.
അതെ സൗകര്യങ്ങള്‍ തന്നെ തുടര്‍ന്നാല്‍ മതി എന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. പുതുതായി സ്ത്രീകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം നടക്കും. നവംബര്‍ 15ന് മുന്‍പ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീയാക്കാനും പമ്പയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നല്‍കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Post Your Comments