ന്യൂഡല്‍ഹി : കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഹൈവേ പൊലീസിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് കാറിനുള്ളില്‍ വച്ച് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പാളിയത്. ന്യൂഡല്‍ഹിയിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദ് രാജ്നഗര്‍ സ്വദേശി യശ്വന്ത് റാണയും കാമുകി അനുഷുലുമാണ് കൊലപാതകശ്രമത്തിനിടെ പൊലീസ് പിടിയിലായത്.
ഗുരുതരമായി പരിക്കേറ്റ യശ്വന്ത് റാണയുടെ ഭാര്യ ശിവാനിയെ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. രാജ്നഗറിലെ ഒരു സ്കൂളിലെ ജീവനക്കാരാണ് റാണയും അന്ഷുലും. രണ്ടു വര്‍ഷം മുന്‍പാണ് റാണ ശിവാനിയെ വിവാഹം ചെയ്യുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ഒരു കുഞ്ഞു പിറന്നതിന് ശേഷം റാണ ഭാര്യയുമായി അകല്‍ച്ചയിലായിരുന്നെന്ന് പൊലീസ് വിശദമാക്കുന്നു. കുഞ്ഞിന്റെ ചികില്‍സ ഡല്‍ഹി എയിംസില്‍ നടത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ശിവാനിയെ റാണ പിതാവിന്റെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ഗാസിയാബാദിലെത്തിയെങ്കിലും കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ റാണ തയ്യാറായില്ല. ഇത് ശിവാനി ചോദ്യം ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് ശിവാനിയെ കാറില്‍ കയറ്റി യാത്ര തുടങ്ങിയത്. എന്നാല്‍ ന്യൂഡല്‍ഹി -മീററ്റ് ദേശീയപാതയില്‍ വച്ച് വാഹനത്തില്‍ അന്ഷുലും കയറുകയായിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ ആയിരുന്ന ശിവാനിയെ പിന്‍സീറ്റില്‍ നിന്ന് അന്‍ഷുല്‍ സീറ്റിനോട് ചേര്‍ത്തു പിടിക്കുകയും റാണ വെടിവയ്ക്കുകയുമായിരുന്നു.
വെടിയേറ്റ് ശിവാനി അബോധാവസ്ഥയില്‍ ആയതോടെ കാര്‍ മീററ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് ശിവാനിക്ക് ബോധം വന്നതോടെ കാറില്‍ ഉണ്ടായിരുന്ന തലയണ ഉപയോഗിച്ച് ശിവാനിയെ ശ്വാസം മുട്ടിക്കാനുള്ള ശ്രമം ഹൈവേ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കാറില്‍ നിന്ന് അസ്വാഭാവിക ശബ്ദംശ്രദ്ധയില് പെട്ട പൊലീസ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റാണ കാര്‍ നിര്‍ത്താതെ പോയതോടെ പൊലീസ് കിലോമീറ്ററുകള്‍ പിന്തുടര്ന്നാണ് കാര്‍ കസ്റ്റഡിയില്‍ എത്തിയത്. അവശനിലയില്‍ കാറില്‍ കണ്ടെത്തിയ ശിവാനിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
ശിവാനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. കുഞ്ഞിന് അസുഖമുണ്ടായത് ശിവാനിയുടെ അശ്രദ്ധമൂലമെന്നായിരുന്നു റാണ കുറ്റപ്പെടുത്തിയിരുന്നത്. ശിവാനിയെ ഒഴിവാക്കിയാല്‍ മാത്രമേ സ്വസ്ഥമായ ഒരു ജീവിതം ലഭിക്കുവെന്ന് അന്‍ഷുല്‍ നിരന്തരം പറഞ്ഞിരുന്നതായി റാണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments