KeralaLatest News

ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യവും ബാഹ്യ പശ്ചാത്തലവും കൊണ്ട് കുറ്റവാളികളാകുന്നവരാണ് അധികവും

തിരുവനന്തപുരം: “കുറ്റവാളികള്‍ വര്‍ധിച്ച് ജയിലുകള്‍ നിറയുന്ന അവസ്ഥമാറി കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്” ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ”ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യവും ബാഹ്യ പശ്ചാത്തലവും കൊണ്ട് കുറ്റവാളികളാകുന്നവരാണ് അധികവും. ചെറിയ കുറ്റങ്ങള്‍ നടത്തിയവര്‍പ്പോലും കൊടും കുറ്റവാളികളോടൊപ്പം താമസിപ്പിക്കേണ്ട അവസ്ഥയാണിപ്പോള്‍. അതെല്ലാം ആ വ്യക്തിയെ മാനസികമായി സ്വാധീനിക്കുകയും വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതുകൂടാതെ നല്ലനടപ്പിന് വിധിച്ച് നാട്ടിലെത്തിയാലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ആ വ്യക്തിയെ വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതിനാല്‍ തന്നെ ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം സമൂഹവും ഒത്തൊരുമിക്കണമെന്നും” മന്ത്രി പറഞ്ഞു.

”ശക്തമായ ഇടപെടലുകളിലൂടെ സാമൂഹ്യനീതി ഉറപ്പാക്കി നല്ലൊരു സമൂഹം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പെന്ന് മന്ത്രി പറഞ്ഞു. പരസ്പര പൂരകങ്ങളായ സാമഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനാല്‍ സമൂഹത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്. പ്രളയ ദുരന്തത്തെത്തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ വിദഗ്ധമായി നേരിടാന്‍ ഈ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നടന്നു. ഒന്നര ലക്ഷം പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. വിദഗ്ധ കൗണ്‍സിലിംഗിലൂടെ അവരുടെ ആശങ്കകള്‍ പരിഹരിക്കാനും ആത്മഹത്യകള്‍ പരമാവധി കുറയ്ക്കാനും സാധിച്ചു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കുകയാണ്. ഇതേരീതിയില്‍ ഇടപെടലുകള്‍ നടത്തിയാല്‍ കുറ്റവാളികളേയും മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് സാമൂഹ്യനീതി വകുപ്പ് കരുതുന്നത്. ഇതിനായി സാമൂഹ്യനീതി, പോലീസ്, ജയില്‍ വകുപ്പുകളും, ജഡ്ജിമാര്‍, അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും” മന്ത്രി വ്യക്തമാക്കി.

”പ്രാകൃതമായ ശിക്ഷാരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അതിനാല്‍ തന്നെ കാലത്തിനനുസരിച്ച് ശിക്ഷാരീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ചെറിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ വിടാതെ ആര്‍.സി.സി. പോലുള്ള സ്ഥലങ്ങളിലോ മറ്റോ അയച്ച് നിശ്ചിത ദിവസം സാമൂഹ്യ സേവനം നടത്തി പരിവര്‍ത്തനം നടത്തിക്കണം. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിച്ച് തിരികെ വരുന്നത് വലിയൊരു കാര്യമാണ്. അവരെ സമൂഹം പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കും. കാലം മാറിയതനുസരിച്ച് കുറ്റങ്ങളുടെ രീതിയും മാറിയിട്ടുണ്ട്. ഇതനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നല്ലനടപ്പ് ശാസ്ത്രീയമായി പരിഷ്‌കരിക്കാനാണ് സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നത്. കുറ്റവാളിയുടെ കുടുംബത്തിന്റെ ജീവിത സാഹചര്യം പലരും കാണാതെ പോകുന്നുണ്ട്. അതിനും ഒരു മാറ്റം വരണമെന്നും” മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്, ജില്ലാ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ കെ. സത്യന്‍, സംസ്ഥാന പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ അഡ്വ. ഷാനവാസ് ഖാന്‍, പ്രൊഫ. ജേക്കബ് ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍ കെ.വി. എന്നിവര്‍ പങ്കെടുത്തു.

ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദര്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നു. പുതുതായി ആരംഭിക്കേണ്ട വിവിധ പദ്ധതികളും നിയമങ്ങളും കരട് രൂപത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തും. കേരളത്തിലെ പ്രൊബേഷന്‍ സംവിധാനം-പ്രവര്‍ത്തനങ്ങളും വെല്ലുവിളികളും, പ്രൊബേഷന്‍ സംവിധാനത്തിന്റെ ആധുനീകരണവും അന്തര്‍ദേശീയ സാഹചര്യങ്ങളും, സാമൂഹ്യ പ്രതിരോധ സംവിധാനത്തിന്റെ രൂപീകരണവും വികാസവും വിവിധ സംസ്ഥാനങ്ങളുടെ ഇടപെടലുകള്‍, നല്ലനടപ്പ് ജാമ്യത്തിലുള്ളവരുടേയും ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരുടേയും പുനരധിവാസം സന്നദ്ധ സംഘടനകളുടെ പങ്ക്, കാവല്‍ – നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കുള്ള സാമൂഹ്യ മനശാസ്ത്ര സംരക്ഷണം, സാമൂഹ്യ പ്രതിരോധ സംവിധാനം, നീതിന്യായ സംവിധാനവും സാമൂഹ്യ പ്രതിരോധവും, ജയില്‍ സംവിധാനവും സാമൂഹ്യ പ്രതിരോധവും, പോലീസും സാമൂഹ്യ പ്രതിരോധവും, സാമൂഹ്യനീതി വകുപ്പും പ്രൊബേഷന്‍ സംവിധാനവും, ആദ്യമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരിലെ നവീകരണവും പുനരധിവാസവും, അതിജീവിച്ചവര്‍ക്കും ആശ്രിതര്‍ക്കുമുള്ള സാമൂഹ്യ സംരക്ഷണം, കേരള സാമൂഹ്യ സേവന നിയമം-2018 തുടങ്ങിയില്‍ ഊന്നിയാണ് ശില്‍പശാല. ഈ ചര്‍ച്ചയില്‍ നിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button