Latest NewsIndia

തിര.കമ്മീഷനെതിരെ ആരോപണം അഴിച്ചുവിട്ടു കോണ്‍ഗ്രസ്: 60 ലക്ഷം വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയെന്ന് ആരോപണം

ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പോര് മുറുകുന്നു. പഴയ വോട്ടര്‍ പട്ടിക ഹാജരാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ കുറ്റപ്പെടുത്തി. ജൂണില്‍ തന്നെ ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ച് വോട്ടര്‍ പട്ടിക തിരുത്തിയിരുന്നതായി കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങിലെ വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയതായി മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കമ്മീഷന്‍. ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി പിന്നീടത്തേക്ക് മാറ്റി. ജസ്റ്റിസ്മാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. വോട്ടര്‍ പട്ടികയില്‍ വന്ന ക്രമക്കേട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജൂണ്‍ 3 ന് കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിരുന്നകതായും അപാകത പരിഹരിച്ചതായി ജൂണ്‍ 8 ന് തന്നെ അവരെ അറിയിച്ചിരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ് അറിയിച്ചു. ജൂലൈ 31 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും പിഴവുകളുള്ള പഴയ വോട്ടര്‍ പട്ടിക പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നതായി കമ്മീഷന്‍ ആരോപിച്ചു.

അതേസമയം ഒരു ബൂത്തില്‍ തന്നെ ഒരാളുടെ ചിത്രം ഉപയോഗിച്ച് 36 പേര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കോണ്‍ഗ്രസിനു വേണ്ടി ഹാജരായ കപില്‍ സിബല്‍, വിവേക് തന്‍ഹ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തി ഉത്തരവാദികളായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 60 ലക്ഷത്തോളം വ്യാജവോട്ടര്‍മാര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. അതില്‍ 24 ലക്ഷം പേരെ ഒഴിവാക്കിയെന്നാണു കമ്മിഷന്‍ പറയുന്നത്. ആര്‍ക്കു വേണ്ടിയാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വിശദമായ അന്വേഷണം അനിവാര്യമാണെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ പരാതിക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button