Latest NewsKerala

നവകേരളത്തിന് പണം കിട്ടാൻ ഒരു ഐഡിയ കൂടി… മുരളി തുമ്മാരുകുടി എഴുതുന്നു

ഏതാണ്ട് മുപ്പത് കിലോമീറ്റർ നീളവും ഇരുപത് കിലോമീറ്റർ വീതിയുമുള്ള ഒരു ദ്വീപാണ് സിംഗപ്പൂർ. കേരളത്തിന്റെ രണ്ടു ശതമാനമേ അതിന് വലിപ്പമുള്ളൂ. പക്ഷെ ജനസംഖ്യ അൻപത്തി ആറു ലക്ഷം, ഏകദേശം നമ്മുടെ ഏഴിലൊന്ന്. എല്ലാവരും നല്ല പണക്കാരും (ഏതാണ്ട് എൺപതിനായിരം ഡോളർ ആണ് അവരുടെ പ്രതിശീർഷ വരുമാനം, നമ്മുടേതിന്റെ എട്ടിരട്ടി (purchasing power parity based).

ഇത്രയും കാശൊക്കെയുള്ള രാജ്യത്ത് എല്ലാവർക്കും ഒന്നോ രണ്ടോ കാറൊക്കെ ഉണ്ടാകേണ്ടതാണ്. അത്രയും കാറുകൾ റോഡിലിറങ്ങിയാൽപ്പിന്നെ അവിടെ എപ്പോഴും ട്രാഫിക് ജാം തന്നെ ആയിരിക്കും. അതുകൊണ്ട് അവിടുത്തെ സർക്കാർ ഒരു നിയമം ഉണ്ടാക്കി. സിംപിൾ ആണ്, പവർഫുളും.

സിംഗപ്പൂരിൽ കാശുള്ളവർക്കൊക്കെ പോയി കാറ് വാങ്ങാൻ സാധിക്കില്ല. ആദ്യം സർക്കാരിൽ നിന്നും കാറ് വാങ്ങാനുള്ള അവകാശം (Certificate of Entitlement, CoE) വാങ്ങണം. അത് സർക്കാർ ലേലം ചെയ്യുകയാണ്. അതുള്ളവർക്കേ കാറ് വാങ്ങാൻ പറ്റൂ. ഞാൻ ബ്രൂണെയിലുള്ള സമയത്ത് സിംഗപ്പൂരിൽ കാറിന്റെ വില 30000 ഡോളറും, കാറുവാങ്ങാനുള്ള അവകാശത്തിന്റെ വില 100000 ഡോളറും ആണ്. ഈ പറഞ്ഞ CoE ക്ക് പ്രത്യേകിച്ച് സർക്കാരിന് ചിലവൊന്നും ഇല്ല. അങ്ങനെ കിട്ടുന്ന കാശ് സർക്കാർ പൊതുഗതാഗതത്തിൽ മുടക്കും. അങ്ങനെ റോഡിലെ തിരക്കും കുറയും, നാട്ടുകാർക്ക് നല്ല യാത്രാ സൗകര്യവും ലഭിക്കും.

നവകേരളം ഉണ്ടാക്കാൻ നമുക്ക് ഇത്തരം ആശയങ്ങൾ ഉപയോഗിക്കാം. ഉദാഹരണത്തിന് വലിയ വീടുണ്ടാക്കുന്നത് നമുക്ക് ഇപ്പോൾ ഒരു ഫാഷൻ ആണല്ലോ. സത്യത്തിൽ നാലുപേരുള്ള ഒരു കുടുംബത്തിന് ആയിരം ചതുരശ്ര അടി വീടേ ആവശ്യമുള്ളൂ. രണ്ടായിരത്തിന്റെ വീട് വേണമെങ്കിൽ അതിനൊരു CoE വക്കാം. അത് ഒരു ന്യായവില അനുസരിച്ചോ ലേലം ചെയ്തോ കൊടുക്കാം. ഒരു ചതുരശ്ര അടിക്ക് ആയിരം രൂപ വീതം ഈടാക്കിയാലും രണ്ടായിരം ചതുരശ്ര അടി വീടുണ്ടാക്കിയാൽ സർക്കാരിന് പത്തുലക്ഷം രൂപ ചുമ്മാ കിട്ടും. വീടിന്റെ വലിപ്പം കൂടുന്തോറും ചതുരശ്ര അടിക്ക് മൂവായിരമോ അയ്യായിരമോ ആകും. അഞ്ചു കോടി മുടക്കി അയ്യായിരം ചതുരശ്ര അടി വീട് വെക്കുന്നവർ നവ കേരളത്തിന് അൻപത് ലക്ഷമോ ഒരു കോടിയോ ഒക്കെ കൊടുക്കട്ടെ.

ഇത് പറ്റില്ല എന്നാണെങ്കിൽ നമുക്ക് ലേലം വിളിക്കാം. ഒരു മാസം വിൽക്കുന്ന CoE നിജപ്പെടുത്തുക. പൊങ്ങച്ചക്കാർ തമ്മിൽ ലേലം വിളിച്ചു മുടിയട്ടെ…
എങ്ങനെണ്ട്, എങ്ങനെണ്ട് ?

മുരളി തുമ്മാരുകുടി

shortlink

Related Articles

Post Your Comments

Related Articles


Back to top button