Latest NewsArticle

വിശ്വാസമല്ല ബിസിനസാണ് പിണറായി സര്‍ക്കാരിന് ശബരിമല

രതി നാരായണന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തതാണ് പിണറായി സര്‍ക്കാര്‍. സ്ത്രീ പ്രവേശനം വേണ്ടെന്ന് മുന്‍ യുപിഎ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഇക്കാര്യത്തില്‍ കോടതിയില്‍ സ്ത്യവാങ്മൂലം സമര്‍പ്പിച്ച പിണറായി സര്‍ക്കാര്‍ അനുകൂലവിധി നേടിയെടുത്തു. മറ്റേതൊരു വിഷയത്തേക്കാളും ഉത്സാഹവും ആര്‍ജ്ജവവും കാട്ടുന്നുണ്ട് ആ വിധി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. പക്ഷേ കാര്യങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് സഖാക്കളും കരുതിയതുപോലെ അത്ര എളുപ്പമാകില്ലെന്നാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളമുയരുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന. ശബരിമലയില്‍ കയറണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളേക്കാള്‍ കൂടുതല്‍ കയറേണ്ട എന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമ്പോള്‍ ഒരു പാര്‍ട്ടിയുടെയും ഇംഗിതത്തിനോ നിര്‍ബന്ധത്തിനോ വഴങ്ങാതെ അവര്‍ തെരുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഉത്സാഹം ആര്‍ക്കു വേണ്ടി

സ്വാഭാവികമായും സര്‍ക്കാരിനെതിരെ ഉയരുന്ന ഒരു സംശയം ശബരിമലയിലെ നിലവിലെ സംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുക്കാതെ വിധി നടപ്പിലാക്കാന്‍ കാണിക്കുന്ന ഉത്സാഹം ആര്‍ക്ക്വേണ്ടിയാണെന്നാണ്. ലിംഗസമത്വം എന്നത് ചോദ്യം ചെയ്യുന്നവര്‍ അധികമുണ്ടാകില്ല, പക്ഷേ അതിനപ്പുറം ഹിന്ദുവിന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഈ സമത്വം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരും സാംസ്‌കാരിക നായകരും ഇടത് സഹയാത്രികരും കാണിക്കുന്നത് അമിതോത്സാഹമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍ കോപിക്കുമെന്നും വിഷമിക്കുമെന്നുമുള്ള അഭിപ്രായം വിഡ്ഡിത്തമാണ്. പക്ഷേ ആ വാദത്തിനപ്പുറം സത്യവാങ്മൂലം നല്‍കുമ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നു.

ക്ഷേത്രസങ്കല്‍പ്പത്തിലുള്ള ഇടപെടലും പരിസ്ഥിതി നാശവും ഒന്നും ഓര്‍ക്കാതെ, എന്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയം ആവശ്യപ്പെടാതെ നല്‍കിയ സത്യവാങ്മൂലം ആരുടെ വിശ്വാസം സംരക്ഷിക്കാനായിരുന്നു. സര്‍ക്കാര്‍ വാദങ്ങളെ അംഗീകരിച്ചാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ബോര്‍ഡിന്റെ വാദങ്ങളെ എതിര്‍ക്കുകയും ചെയ്തു. സ്ത്രീ പ്രവേശനം വേണ്ടെന്ന നിലപാടില്‍ അവിടെ മുസ്ലീംപള്ളിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയപ്പോള്‍ ശബരിമല പൊതുസ്ഥലമാണെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇത് വിശ്വാസമോ ബിസിനസോ

ശബരിമലയിലെ ആചാരങ്ങളോ വിശ്വാസങ്ങളോ അതുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളോ ഇടതുസര്‍ക്കാര്‍ കണക്കിലെടുക്കുന്നതേ ഇല്ല. പകരം ഒരു വലിയ പില്‍ഗ്രിം ടൂറിസ്റ്റ് പ്രദേശമായി ശബരിമലയെ വളര്‍ത്തുന്നതിന്റെ സാധ്യതകള്‍ കാര്യമായി ആലോചിക്കുന്നുമുണ്ട്. പില്‍ഗ്രിം ടൂറിസത്തിനായി വലിയൊരു തുക കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ശബരിമലയ്ക്ക് യാത്രയായി. കോടിക്കണക്കിന് വരുന്ന ഭക്തരുടെ വിശ്വാസകേന്ദ്രം എന്നതിന് പകരം കോടികളുടെ ബിസിനസ് നടത്താന്‍ പറ്റിയ ഇടം നേരിട്ടു സന്ദര്‍ശിക്കുക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ശബരിമലയില്‍ നിത്യവും നട തുറന്നു കൂടേ എന്നായിരുന്നു പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി ആദ്യം ചോദിച്ചത്. കോടികളുടെ നിത്യവരുമാനം ലഭിക്കുന്ന ഒരിടമാകുമ്പോള്‍ ബിസിനസ് തഴച്ചുവളരുമെന്ന ലാഭക്കണ്ണ് മാത്രമാകും അതിന് പിന്നില്‍. അന്നത്തെ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആ ചോദ്യത്തില്‍ പ്രകോപിതനായതും മറ്റും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ വികസനത്തിന്റെ പേരില്‍ ഒരു വലിയ ബിസിനസ് സാമ്രാജ്യമായി ശബരിമലയെ വളര്‍ത്തുക എന്ന പിണറായി സര്‍ക്കാരിന്റെ മോഹത്തിന് ആക്കം കൂട്ടുന്നതാണ് സുപ്രീംകോടതി വിധി.

ചുരുക്കി പറഞ്ഞാല്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും അംശം പോലുമില്ലാതെ വികലമായ ചില കാഴ്ച്ചപ്പാടുകളോടെ അയ്യപ്പനെ വാണിജ്യവത്കരിക്കുക എന്നതാണ് ഇടത് സര്‍ക്കാരിന്റെ അജണ്ട. അതിന്റെ ഭാഗമായിരുന്നു സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. കോടതി വിധി അംഗീകരിച്ച് ഊര്‍ജിതമായി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി സഹയാത്രികരുടെയും പുരോഗമന സമുദായത്തിന്റെയും കയ്യടി ലഭിക്കുമെന്നത് വേറൊരു ലാഭം. പ്രളയത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം ആശങ്കയിലായിരിക്കുമ്പോള്‍ എങ്ങനെയാണ് നിലവിലുള്ളതിന്റെ ഇരട്ടി ആളുകളെ പമ്പയും സന്നിധാനവും ഉള്‍ക്കൊള്ളുന്നത് എന്ന ഉത്കണ്ഠ പോലും സര്‍ക്കാരിനില്ലാത്തത് കൗതുകം തന്നെ.

കയ്യേറ്റസ്ഥലത്താണെങ്കിലും കുരിശിനെ പേടിക്കണം

സിപിഎമ്മിന്റെ മതേതരത്വ നിലപാടില്‍ അടിയപുറച്ചുനിന്നുള്ള ഒരു നീക്കമാണ് ഇതെന്ന് കരുതാനാകില്ല. കാരണം കുറച്ചുനാളുകള്‍ക്ക് മുമ്പ് മൂന്നാറില്‍ പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചുമാറ്റിയപ്പോള്‍ ഈ മതേതരത്വ നിലപാടിലെ പൊള്ളത്തരം ജനം കണ്ടതാണ്. കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചാല്‍ സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന് ക്രൈസ്തവര്‍ കരുതുമെന്ന് മുഖ്യമന്ത്രി ഭയന്നു. ‘സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പാണെങ്കില്‍ അവിടെ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. അല്ലാതെ കുരിശ് പൊളിച്ച് മാറ്റേണ്ട കാര്യമില്ലായിരുന്നു. കുരിശ് പൊളിക്കുന്നതിന് മുന്‍പ് സര്‍ക്കാരിനെ അറിയിക്കണമായിരുന്നു’ എന്നൊക്കെയായിരുന്നു ഇതേ മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. ഇടുക്കി കളക്ടറെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശാസിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പാരമ്പര്യമുണ്ട് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്

ആചാരാനുഷ്ഠാനങ്ങളില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവാഭരണം എഴുന്നള്ളിക്കുന്നത് എന്തിാണെന്നും കാറിലോ മറ്റോ കൊണ്ടുപോയാല്‍ പോരേ എന്നും പണ്ട് ഇംഎംഎസ് ചോദിച്ചതാണ്. അമ്പലങ്ങളില്‍ പാറാവുകാര്‍ എന്തിനാണെന്ന് ചോദിച്ചതും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെയാണ്. ഗൃഹപ്രവേശത്തിന് ഗണപതി ഹോമം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരുണ്ട്. അമ്പലങ്ങളിലെ ഗണപതിഹോമത്തിനെതിരെ വന്നതും ഇടതു സര്‍ക്കാരാണ്. ഗുരുവായൂരപ്പന്റെ മുന്നില്‍ കൈകള്‍ കൂപ്പിയതിന് ദേവസ്വം മന്ത്രിക്ക് വിശദീകരണം നല്‍കേണ്ടി വന്നതും ആരും മറന്നിട്ടില്ല. ഇപ്പോള്‍ വേദികളില്‍ നിലവിളക്ക് കൊളുത്തുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് എതിര്‍ക്കപ്പെടുന്നത്. ഇതൊന്നും മറ്റ് മതസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ള ധൈര്യം ഒരിക്കലും കാട്ടാറുമില്ല.

അപ്പോള്‍ സഖാക്കളേ കരുതിയിരിക്കുക

ഒരു നാടിന്റെ പാരമ്പര്യവും സംസ്‌കാരവും നിരസിക്കുന്നതാണ് സിപിഎമ്മിന്റെ പുരോഗമനം. ആചാരങ്ങളെയും മറ്റും തള്ളിപ്പറഞ്ഞ് അവയെ പുച്ഛിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാനും അങ്ങനെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഹിന്ദുത്വത്തെ അധിക്ഷേപിക്കുന്ന എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കും സിപിഎം ഭരിച്ചാല്‍ പട്ടും വളയും സമ്മാനിക്കപ്പെടുന്നതും കേരളത്തിലാണ്. എന്തായാലും പതിറ്റാണ്ടുകളായി തുടരുന്ന ഇടതിന്റെ ഹിന്ദു വിരുദ്ധ നിലപാടിന് ഈ ശബരിമല പ്രശ്‌നം മറുപടി നല്‍കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രേരണ ഇല്ലാതെ സ്വമേധയാ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും അടക്കം തെരുവിലിറങ്ങിത്തുടങ്ങി. സഖാക്കളേ കാത്തിരിക്കുക ഹിന്ദു സംസ്‌കാരത്തോടുള്ള ഈ അധിക്ഷേപത്തിന് തക്ക വില നല്‍കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button