KeralaLatest News

വാകമരച്ചുവട്ടില്‍ നിന്നു പ്രണയം പങ്കുവെച്ച് നാളിതുവരെ വയലിനിനൊപ്പം ചേര്‍ത്തുപിടിച്ചുനടന്ന ചേച്ചിയെ തനിച്ചാക്കി പോയ്ക്കളഞ്ഞല്ലോ; ഫിറോസിന്റെ വാക്കുകള്‍

നിങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കോളേജ് പടിക്കല്‍ തോര്‍ത്ത് വിരിച്ചു പാടി സമ്പാദിച്ച ആ നാണയത്തുട്ടുകളിലെ

യൂണിവേഴ്സിറ്റി കോളേജിലെ മറക്കാനാവാത്ത പ്രണയപ്രതീകങ്ങളായിരുന്നു ബാലുവും ലക്ഷ്മിയും. പഠനം കഴിഞ്ഞിട്ടും കോളേജിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബാലു. ഇപ്പോള്‍ യാത്രപറയാന്‍ ബാലുവീണ്ടും വരുമ്പോള്‍ അത് കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിക്കുകയാണ്. ഒക്ടോബറിന്റെ നഷ്ടമാണ് ബാലു എന്ന് പറഞ്ഞ് ബാലഭാസ്‌കറുമൊത്തുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് സുഹൃത്തും അനിയനുമായ റേഡിയോ ജോക്കി ഫിറോസ്.

ഫിറോസ് പങ്കുവെച്ച ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

പ്രതീക്ഷകളുടെ തന്ത്രികള്‍ ആണല്ലോ ചേട്ടാ പൊട്ടിപ്പോയത് ! ഇന്നലെ ബോധം വീണു എന്നു കേട്ടപ്പോള്‍ നിറഞ്ഞ പ്രകാശമായിരുന്നു മനസ്സില്‍ ചേച്ചിയെ ഒറ്റക്കാക്കി ,ഞങ്ങളെ മുഴുവന്‍ നിരാശരാക്കി ,ലോകമലയാളികളെ കണ്ണു നിറയിച്ച് പ്രകാശത്തിന്റെ ലോകത്തേക്ക് നിങ്ങള് പൊയ്ക്കളഞ്ഞല്ലോ മനുഷ്യാ അതെങ്ങനെ പോകാതിരിക്കും !രണ്ടു തികഞ്ഞിട്ടില്ലാത്ത കുഞ്ഞു തേജസ്വിനിക്ക് ഒറ്റയ്ക്ക് പോകാനാകുമോ ?നല്ലച്ഛന്‍ ഇല്ലാതെ അവള്‍ക്ക് പിച്ചപാദങ്ങള്‍ വച്ചു എങ്ങിനെ ഒറ്റയ്ക്ക് മരണത്തിന്റെ ഇരുട്ടിലൂടെ നടക്കാനാകും ?
ന്നാലും ഇനി നിങ്ങളില്ലല്ലോ ചേട്ടാ ! എന്തൊരു ശൂന്യതയാണ് ആ ചിന്ത പോലും !ചിരിക്കുമ്പോള്‍ കുറുകുന്ന കണ്ണുകള്‍ ഇനിയില്ല !സംസാരിക്കുമ്പോള്‍ പടര്‍ത്തുന്ന പ്രകാശം ഇനിയില്ല !വയലിനില്‍ വിരിയാനിരുന്ന ആയിരമായിരം മാന്ത്രിക നാദവിസ്മയങ്ങള്‍ ഇനിയില്ല
ഞാന്‍ കണ്ടു വളര്‍ന്ന ,കേട്ടു വളര്‍ന്ന പ്രണയമായിരുന്നു നിങ്ങള്‍ .യൂണിവേഴ്‌സിറ്റി കോളേജിന്റെ വലിയ തടി വാതിലിനു താഴെ പടവില്‍ , വാകമരചുവട്ടിലെ പൊഴിഞ്ഞു വീണ മഞ്ഞപ്പൂക്കള്‍ നോക്കിയിരുന്നു നിങ്ങള്‍ പ്രണയം പറഞ്ഞു മഴയാകുന്നത് കണ്ടു മനസ്സ് നിറഞ്ഞിരുന്നത് ഓര്‍മ വരുന്നു .ഗുല്‍മോഹര്‍ മരങ്ങള്‍ക്കിടയിലൂടെ ചേച്ചിയുടെ കൈ ആ മാന്ത്രിക വിരലുകളില്‍ കോര്‍ത്തു ,മറുകൈയില്‍ പ്രിയപ്പെട്ട വയലിനും തൂക്കി നിങ്ങള്‍ ചേര്‍ന്നു നടക്കുന്നത് ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ട കാഴ്ചയായിരുന്നു .

യുവജനോത്സവ വേദികളിലേക്ക് എന്നെയടുപ്പിച്ചത് ,പാടാന്‍ പോകാന്‍ പണമില്ലാത്തതിനാല്‍ നിങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കോളേജ് പടിക്കല്‍ തോര്‍ത്ത് വിരിച്ചു പാടി സമ്പാദിച്ച ആ നാണയത്തുട്ടുകളിലെ കലാകാരന്റെ നിഷ്‌കളങ്കതയും ആത്മാര്‍ഥതയുമാണ്! നാഷണല്‍ തലത്തിലെ യുവജനോത്സവങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രകളില്‍ ,നീണ്ട തീവണ്ടി യാത്രകളില്‍ നിങ്ങളുടെ കുറുമ്പും തമാശയും സംഗീതത്തിലെ അപാര പാടവവും കണ്ടു അതിശയത്തോടെ നോക്കിയിരുന്ന ഞങ്ങള്‍ എല്ലായ്‌പ്പോഴും പറയുമായിരുന്നു ,ബാലുച്ചേട്ടന്‍ ലോകത്തെ അതിശയിപ്പിക്കുമെന്ന് !പിന്നീട് ജീവിതത്തിന്റെ യാത്രകളില്‍ പലപ്പോഴായി വന്നു അനുജനാക്കി പരിചയപ്പെടുത്തിയ പ്രിയപ്പെട്ടവന്‍ .ഒരിക്കല്‍ ദുബായില്‍ റേഡിയോയില്‍ ജോലി ചെയ്യുമ്പോള്‍,സ്റ്റുഡിയോയില്‍ വെച്ച് ശ്രോതാക്കളോട് ഇവനെന്റെ അനുജന്‍ ,അടുത്തത് ഇവനായി മാത്രം എന്നു പറഞ്ഞു എനിക്കായി വയലിനില്‍ എന്‍ നെഞ്ചിലെ കനല്‍പ്പൂക്കളില്‍ എന്ന അദ്ദേഹത്തിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം വായിച്ചു തന്നു സ്‌നേഹം കൊണ്ട് നിറച്ചവന്‍ !
92.7 ബിഗ് എഫ് എം ന്റെ തീം സോങ് വയലിനിലൂടെ വായിച്ചു തന്ന് ഞങ്ങളെ അതിശയിപ്പിച്ചവന്‍!കഴിഞ്ഞതിന് മുന്‍പത്തെ ഓണത്തിന് ഒരു ബാലഭാസ്‌കര്‍ നൈറ്റ് ചെയ്യാന്‍ വിളിച്ചപ്പോള്‍ തുക എത്രയാകും എന്ന ചോദ്യത്തിന് മൃദുവായി ചിരിച്ചു നമ്മുടെ നാടല്ലേ,നീ നോക്കി ചെയ്താല്‍ മതിയെന്ന് പറഞ്ഞു തിരികെ നടന്നതോര്‍ക്കുന്നു.പ്രളയസമയത് പുന്തല ക്യാമ്പില്‍ നില്‍ക്കുമ്പോളാണ് ഒടുവില്‍ നിങ്ങളുടെ കാള്‍ .പ്രതീക്ഷിച്ചതു പോലെ ഞാനും കൂടാം നീയറിയിച്ചാല്‍ മതി എന്ന വാചകങ്ങള്‍ മനസ്സില്‍ തൊട്ടിരുന്നു !യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു വിഷയം വന്നപ്പോള്‍ കാലങ്ങള്‍ക്കിപ്പുറം ഒരേ വേദി പങ്കിട്ടു ഞങ്ങള്‍ .അന്നു ഞാന്‍ പ്രസംഗിച്ചു കഴിഞ്ഞു വന്നടുത്തിരുന്നപ്പോള്‍ ചെവിയില്‍ പറഞ്ഞിരുന്നു -നീയീ വാക്കുകളിലെ തീപ്പൊരിയൊക്കെ ഒളിപ്പിച്ചു വയ്ക്കാതെ പരമാവധി പുറത്തെടുക്ക് .ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ നിന്റെയുള്ളിലുണ്ട് ആ വാക്കുകളായിരുന്നു എന്റെ ഏറ്റവും വലിയ മോട്ടിവേഷന്‍ !അതേ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കേണ്ടി വരുന്നല്ലോ ചേട്ടാ !
ഇന്നലെ വൈകുന്നേരവും നിങ്ങള്‍ക്ക് ബോധം വീണതറിഞ്ഞപ്പോള്‍ സുഹൃത്തുക്കളോട് നിങ്ങളുടെ മടങ്ങി വരവിലെ ആദ്യവേദി തയാറാക്കാന്‍ ചര്‍ച്ചചെയ്യുകയായിരുന്നു !
ന്നാലും ബാലുച്ചേട്ടന്‍ കിടന്നുപോയല്ലോ എന്ന് പറഞ്ഞവരോട് ,ലെജന്റ്‌സ് ഒക്കെ ഇടക്ക് റെസ്റ്റെടുക്കാറുണ്ട് എന്നോര്മിപ്പിച്ചു കാത്തിരിക്കുകയാരുന്നു
പോയല്ലോ ചേട്ടാ !
ഇനിയാ വാകപ്പൂക്കള്‍ക്കു മുകളിലൂടെ ഗുല്‍മോഹര്‍ മരങ്ങള്‍ക്കു ചുവട്ടിലൂടെ ചേച്ചി ഓര്‍മകളിലൂടെ ഒറ്റയ്ക്ക് നടക്കണമല്ലോ !ധൈര്യം കിട്ടട്ടെ ചേച്ചിക്ക് !അദൃശ്യനായി പ്രിയപ്പെട്ടവള്‍ക്കൊപ്പം നടന്നു നിങ്ങള്‍ ആ മാന്ത്രിക സംഗീതം പൊഴിക്കുമെന്ന് ഞങ്ങള്‍ക്കറിയാം !

വിട ഒക്ടോബറിന്റെ നഷ്ടമേ …
വിട

https://www.facebook.com/kidilamfiroz/posts/1407509712714589

shortlink

Related Articles

Post Your Comments

Related Articles


Back to top button