വിവാഹം കഴിഞ്ഞു , എത്ര പെട്ടന്നാണ് മടുപ്പു ഉണ്ടായത്..
സംസ്കാരം തമ്മിൽ ഉള്ള അന്തരം അത്ര വ്യത്യസ്തം..!
വിവാഹിത ആയ ഇരുപതുകാരി ഈ ഒരു പറച്ചിലിനെ , പഴമക്കാർ മറ്റൊരു തരത്തിൽ പറയും..
കല്യാണം എന്നത് , രണ്ടു വ്യക്തികൾ തമ്മിൽ അല്ല..
രണ്ടു കുടുംബങ്ങൾ തമ്മിൽ ആണ് എന്ന്..!
ആഴത്തിൽ ചിന്തിച്ചാൽ മാത്രം മനസ്സിലാകുന്ന ഒന്ന്..
”പയ്യന്റെ കുടുംബം കുറച്ചു പിന്നോക്കമാണ്..എന്നാലും നമ്മൾ അത് നോക്കിയിട്ടില്ല..
ഉദ്യോഗം മാത്രമാണ് നോക്കിയത്..ജാതകം ചേർന്നു, പത്തിൽ ഒൻപതു പൊരുത്തം..
പക്ഷെ , മോള് അവിടെ ചെന്ന അന്ന് തൊട്ടു പ്രശ്നം ആണ്..
ഒറ്റ കുട്ടിയായി വളർന്ന അവൾക്കു പെട്ടന്ന് സങ്കടം വരുന്ന പല കാര്യങ്ങളും അവിടെ ഉണ്ടായി..”
‘അമ്മ സങ്കടത്തോടെ പറഞ്ഞു കൊണ്ടേ ഇരുന്നു..
കാര്യം നിസ്സാരം പ്രശ്നം ഗുരുതരം എന്നത് പോലെ ആണ് ഈ സംഭവം…
പാരമ്പര്യം അവകാശപ്പെടാൻ ഉള്ള ഒരു വ്യക്തി ആണ് സ്ത്രീ..
അപ്പുപ്പൻ മുതൽ , അറിയപ്പെടുന്ന ഉദ്യോഗത്തിലും പദവിയിലും ഇരുന്ന ആളുകൾ..
സാമ്പത്തികമായി ഉന്നതർ..
പയ്യന്റെ വീട്ടിൽ നേരെ തിരിച്ചു..ഒരുപാടു കഷ്ട്ടപെട്ടു കൂലിപ്പണി ചെയ്തു വളർന്നു വന്ന അപ്പൂപ്പനും , അച്ഛനും , അത് കഴിഞ്ഞു കഷ്ട്ടപെട്ടു പഠിച്ചു, റാങ്കു നേടി ഉദ്യോഗം സമ്പാദിച്ചു , അതിന്റെ ബലത്തിൽ ഉന്നത കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടി..
വീട് നിറച്ചും ജോലിക്കാരെ നിർത്തി പണി ചെയ്യിപ്പിച്ചു ശീലിച്ച പെൺകുട്ടിക്ക് ,
അമ്മായി ‘അമ്മ അരി വാർക്കാൻ പറഞ്ഞത് കേട്ടപ്പോൾ തല കറങ്ങും പോലെ തോന്നി..
തനിക്കു കിട്ടിയ അമ്മായിഅമ്മ പോരൊക്കെ മരുമകൾക്ക് കൊടുക്കാൻ മനസ്സുള്ള ശരാശരി നാട്ടിന്പുറത്തു കാരി വീട്ടമ്മ ആയ ആണിന്റെ ‘അമ്മ തുടക്കത്തിൽ തന്നെ അങ്ങനെ മരുമകളുടെ ശത്രു ആയി..
ഡ്രൈവർ മുതൽ വേലക്കാരി വരെ വീടിന്റെ പിന്നാമ്പുറത്തു കൂടി വരണം എന്ന് എഴുതപ്പെടാത്ത നിയമം ഉള്ള ഇടത്ത് നിന്നും , വന്നു കേറിയ വീട്ടിലെ സ്ഥിതി നേരെ എതിരെ..
സ്വന്തം വീട്ടിൽ നിന്നും പലഹാരങ്ങൾ കൊണ്ട് വന്ന ഡ്രൈവർ നെ നിർബന്ധിച്ചു ഊണ് മുറിയിൽ , തീന്മേശയിൽ ഇരുത്തി ചായ കൊടുക്കുന്നത് കണ്ടു അരിശം മൂത്ത പെൺകുട്ടി അപ്പോൾ തന്നെ ഭര്‍ത്താവിനോട് കയർത്തു..
നിന്റെ കുടുംബത്തെ അഹങ്കാരം ഒന്നും ഇവിടെ പാടില്ല..”
വിവാഹം കഴിഞ്ഞു ആദ്യം തന്ന താക്കീതു ..
അതൊരു തുടക്കം മാത്രമായി..
അധികം താമസിക്കാതെ , ജോലി സ്ഥലത്തേയ്ക്ക് ഭാര്യയെ കൊണ്ട് പോയി..
അവിടെയും പ്രശ്നങ്ങൾ തന്നെ..
വാഷിംഗ് മെഷിൻ ഇല്ലാത്ത വീട്…
ac യുടെ തണുപ്പിൽ , സുഖമായി പുതച്ചുറങ്ങിയ തനിക്കു ഈ അന്തരീക്ഷം പിടിക്കുന്നില്ല എന്ന് അവൾ തുറന്നു പറഞ്ഞു..
എസി വാങ്ങിക്കുക എന്നത് വലിയ കാര്യം അല്ല.
പക്ഷെ കറന്റ് തുക കൂടിയാൽ അതൊരു പ്രശ്നം ആണ്..
അധികം ധൂർത്ത് പറ്റില്ല..
ഭാര്തതാവിനു തന്റെ നിലപാട് ഉണ്ട്..
അതിനു അതൊരു ആഡംബരം അല്ലേൽ ധൂർത്തു ആണോ.?
അതൊരു ആവശ്യമായ കാര്യം അല്ലെ..?
ഇത് ഭാര്യയുടെ വശം..
അവളെ കുറ്റം പറയാൻ വയ്യ..
അവരുടെ വീട്ടിലെ സാഹചര്യം അതാണ്..
ഇങ്ങനെ പോകുന്നു , അവർക്കിടയിലെ സ്വര്യക്കേട്..
കിടക്കുന്നതിനു തൊട്ടു മുൻപ് വരെ എന്നെ കുറ്റം പറഞ്ഞിട്ട് , കിടപ്പറയിൽ മാത്രം ഒരു ഭാര്യ ആയി പ്രകടനം നടത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..
അവളിലെ സ്ത്രീത്വം , ഗർവ്വോടെ പറഞ്ഞു..
ആണത്തത്തിന്റെ അഭിമാനത്തിന് ഏറ്റ അപമാനം.., പുരുഷനിലും ആഴത്തിൽ ഭാര്യയോട് ദേഷ്യം ഉണ്ടാക്കി..
ഒരു വര്‍ഷം കഴിയും മുൻപേ , പെൺകുട്ടി സ്വന്തം വീട്ടിൽ മടങ്ങി ..
പൊരുത്തപ്പെടുക എന്ന വാക്കിന് ഒരുപാടു മതിപ്പുണ്ട്..
പക്ഷെ അതൊരു നിസ്സാരപ്പെട്ട പ്രക്രീയ അല്ല..
ഭര്‍ത്താവായും ഭാര്യയും മാത്രമായി ഉൾപ്പെടുന്ന ഒന്നായി ദാമ്പത്യം ഒതുങ്ങണം..
എല്ലാവരും വേണം..
അച്ഛനും അമ്മയും സഹോദരങ്ങളും അകറ്റി നിർത്തേണ്ട ആളുകൾ അല്ല..
പക്ഷെ ,ദാമ്പത്യത്തിനു പരിധിക്കു മുകളിൽ ആരുടെയും മേൽനോട്ടം ആവശ്യം ഇല്ല.
”എന്റെ സ്വർണ്ണം അമ്മായി അമ്മയുടെ കയ്യിൽ ആദ്യ ദിവസം തന്നെ കൊടുക്കാൻ ഭാര്തതാവ് പറഞ്ഞു..
അവരതു അപ്പോഴേ വാങ്ങി കൊണ്ട് പോയി..
എതിർക്കാൻ അന്നെനിക്ക് ആയില്ല..”
വിവാഹമോചനം എന്ന ഘട്ടം എത്തുമ്പോൾ സ്ത്രീധനമായി തന്നത് തിരിച്ചു തരാതെ എങ്ങനെ എങ്കിലും ഒഴിച്ച് വിടാൻ ആണ് ആൺകൂട്ടരുടെ ആഗ്രഹം..ഒരു പെൺകുട്ടിയ്ക്ക് അവളുടെ മാതാപിതാക്കൾ നല്കുന്ന സ്വർണ്ണത്തിൽ അമ്മായി അമ്മയ്ക്ക് എന്ത് അവകാശം എന്ന് ചിന്തിച്ചു നിലവാരം ഉയരാൻ കഴിയുന്ന മാനസിക പശ്ചാത്തലം എത്തണം എങ്കിൽ ,ആ ഒരു ജീവിത ശൈലിയിൽ , കാഴ്ചപ്പാടിൽ ജീവിച്ചു വളർന്നവർ ആയിരിക്കണം..വിവാഹം ആലോചിക്കുമ്പോൾ ,പ്രധാനപ്പെട്ട പല കാര്യങ്ങൾ എന്ന് കരുതി ഉടമ്പടി വെയ്ക്കുന്ന പലതും പിന്നെ പ്രസക്തം അല്ലാതെ ആകുകയും ,നിസ്സാരം എന്നത് പ്രശ്നം ആകുകയും ചെയ്യുന്നു..
വിവാഹേതര ബന്ധം കോടതി അംഗീകരിച്ചു കൊണ്ടുള്ള വാർത്ത ചർച്ച ചെയ്യുക ആണ് എവിടെയും..
ഇത് പോലും , വളർന്നു വരുന്ന സാഹചര്യം അനുസരിച്ചുളള കാഴ്ചപ്പാടുകൾ ആണ് ശെരിയും തെറ്റും നിശ്ചയിക്കുന്നത്..അനുഭവങ്ങൾ പക്വതയിൽ എത്തിക്കുന്നു..
സ്വന്തം ഇച്ഛ സാധിച്ചില്ല എങ്കിൽ ഏതു ഹീനപ്രവർത്തിയും ചെയ്യുന്ന കൊടും കുറ്റവാളികൾ എത്രയോ ചുറ്റിലും ഉണ്ട്..സ്വന്തം കുഞ്ഞിനെ ഉള്പടെ ഇല്ലാതാക്കിയ അനുശാന്തിയുടെ കേസ് ഓർമ്മയില്ലേ..?
ജീവിത യാഥാർഥ്യം എന്നത് വളരെ സങ്കീർണ്ണമാണ്..
പരസ്പരം മനസ്സിലാക്കാനും സ്വത്വം അലിഞ്ഞു ചേരാനും വിദ്യാഭ്യാസം പൂർണമായും ഉതകില്ല..
അതിനു മനസ്സാണ് വേണ്ടത്..
മാനസികമായ അകലത്തിൽ നിന്നുള്ള വെറുപ്പ് , ഒത്തുപോകാൻ കഴിയാത്ത ചുറ്റുപാടുകൾ ഇവ രണ്ടും കൂടി വന്നാൽ പിന്നെ ,ദാമ്പത്യം മുന്നോട്ടു കൊണ്ട് പോകുന്നതിൽ അർഥം ഇല്ല..
വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള തന്റേടം ഇരുകൂട്ടർക്കും ഉണ്ട് എങ്കിൽ മാത്രം സാധ്യമായ ഒന്നാണ് അവസാനം വരെ ഉള്ള വിവാഹജീവിതം…
പഴയ തലമുറ വെള്ളം ഒഴിച്ച് ഇളവെയിൽ കൊള്ളിച്ചു വളർത്തി എടുത്ത ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പടെ ഒത്തുപോകുന്ന ഒരേ പശ്ചാത്തലം എന്നത് ഏറെ കുറെ , നമ്മൾ മലയാളികളുടെ വിവാഹജീവിതത്തിൽ പ്രസക്തമായ ഒന്നാണ്..
Post Your Comments