Latest NewsKerala

കോണ്‍ഗ്രസിന് തിരിച്ചടിയായി ബ്രൂവറി: എ.കെ ആന്റണി ഷിവാസ് റീ ഗലിന് ബ്രൂവറി അനുവദിച്ചതിന്റെ രേഖ പുറത്ത്

കൊച്ചി: ബ്രൂവറിയില്‍ 2003 കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി എല്‍ഡിഎഫ് കണ്‍വീനര്‍. എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പുറത്തുവിട്ടത്. ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചത്.

1995ല്‍ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചപ്പോള്‍ ഇത് മദ്യ വിരുദ്ധ നീക്കമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ ചാരായ നിരോധനത്തിലൂടെ കേരളത്തെ വിദേശ മദ്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുകയാണെന്ന് ആരോപണം അന്നേ ശക്തമായിരുന്നു. ഇത് ശരി വെക്കുന്നതായിരുന്നു പിന്നീട് കേരളത്തിലേയ്‌ക്കൊഴുകിയെത്തിയ വിദേശമദ്യത്തിന്റെ കുത്തൊഴുക്കും വില വര്‍ദ്ധനയും കൂടാതെ ബിവറേജസിന്റെ മുന്നിലെ അവസാനിക്കാത്ത നിരയും. ചാരായത്തിനു പകരം വില കൂടിയ വിദേശമദ്യത്തിലേക്കും ചാരായ ഷാപ്പിനു പകരം ബാറുകളിലേക്കും മദ്യപാനികളെ മാറ്റിയതല്ലാതെ ചാരായനിരോധം മദ്യത്തിന്റെ ലഭ്യത കുറച്ചില്ല. മദ്യപാനികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തു. ഏറ്റവും അവസാനം ആന്റണി ഗ്രൂപ്പുകാര്‍ തന്നെ ബാര്‍ കോഴ ആരോപണത്തിന് ഇരയായി.

ഇതിനിടെയാണ് ബ്രൂവറി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

1999ല്‍ ഇ.കെ നായനാരുടെ സര്‍ക്കാര്‍, ഡിസ്റ്റിലറികളും ബ്രൂവറികളും ആരംഭിക്കേണ്ട എന്നു തീരുമാനം എടുത്തിരുന്നു. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാരുകളെല്ലാം പാലിച്ച നയം 19 വര്‍ഷത്തിനു ശേഷം പിണറായി സര്‍ക്കാര്‍ മാറ്റിയതില്‍ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തല ആരോപിച്ചത്.  ഇതിനേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെയുള്ള തുറുപ്പു ചീട്ടായി 2003ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖ പുറത്തു വിട്ടു കൊണ്ട് വിജയരാഘവന്‍ രംഗത്തെത്തിയത്. വിജയരാഘവന്‍ ഇതിലൂടെ ബ്രൂവറി വിഷയം കോണ്‍ഗ്രസിനെതിരായ ആരോപണമാക്കി മാറ്റി. 2003ല്‍ എന്തിനാണ് നായനാര്‍ സര്‍ക്കാരിന്റെ നയം ആന്റണി സര്‍ക്കാര്‍ തിരുത്തിയതെന്നും, ഷിവാസ് റീഗലിന്റെ മലബാര്‍ ബ്രൂവറീസിന് അനുമതി നല്‍കിയതില്‍ അഴിമതി ഉണ്ടായിരുന്നോ? എന്നീ ചോദ്യങ്ങള്‍ക്ക് ഇനി കോണ്‍ഗ്രസ് മറുപടി പറയണം.

ഈ ചോദ്യങ്ങള്‍ക്ക് ആന്റണി ഉത്തരം പറയുന്നതോടെ ഇടതു സര്‍ക്കാരിനെതിരെ ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങള്‍ക്കു കൂടി മറുപടിയാകും. ഇത് മുന്നില്‍ കണ്ടാണ് വിജയരാഘവന്റെ പ്രത്യാക്രമണം. മന്ത്രിമാര്‍ ചെന്നിത്തലക്ക് മറുപടി പറയുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിജയരാഘവന്റെ രംഗപ്രവേശം എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button