രതി നാരായണന്
ദാരിദ്യവും രോഗവും ഒരു തെറ്റല്ല. ഒരിക്കലും തിരുത്താനാകാത്ത വിധിയുമല്ല. മനസു വച്ചാല്‍ തുടച്ചുമാറ്റാനാകുന്ന ഒരു താത്കാലിക അവസ്ഥയാണത്. ആ മനസ് എല്ലാവര്ക്കും ഉണ്ടാകുന്നില്ല എന്നതാണ് തെറ്റ്. ഉള്ളവനും ഇല്ലാത്തവനെന്നും ലോകം വിഭജിക്കപ്പെടുമ്പോള്‍ ഒന്നുമില്ലാത്ത ഒരാളും താന്‍ ജീവിക്കുന്ന ഗ്രാമത്തിലുണ്ടാകരുതെന്ന മനസോടെ കഴിയുന്ന ഒരാളെക്കുറിച്ച്….
രണ്ട് പതിറ്റാണ്ടിലേറെ കാലം അമേരിക്കയില്‍ പ്രൊഫസറായിരുന്ന ഒരു കണ്ണൂരുകാരന്. പ്രവാസജീവിതം അവസാനിപ്പിച്ച് ഡോ. പ്രഭാകര്‍ എന്ന ഇംഗ്ലീഷ് പ്രൊഫസര്‍ തിരിച്ചെത്തിയപ്പോള്‍ ശാക്തീകരിക്കപ്പെട്ടത് അമ്പതിനായിരത്തോളം സ്ത്രീകള്‍. ഒരു ലക്ഷം രൂപ മൂലധനം. പാലക്കാട് കൊല്ലങ്കോട് എന്ന ഗ്രാമത്തിലെ ദരിദ്രരായ ഇരുപത് സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി ഡോ. പ്രഭാകര്‍ അത് വീതിച്ചു നല്കി. ഓരോരുത്തര്‍ക്കും അയ്യായിരം രൂപയുടെ ചെറു വായ്പ. അന്ന് പ്രഭാകറിനായിരുന്നില്ല അത് വാങ്ങിയവര്‍ക്കായിരുന്നു ആശങ്കയും സംശയവും. പക്ഷേ ഡോ. പ്രഭാകറിനുറപ്പുണ്ടായിരുന്നു താനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്.
ശ്രീ എത്തുന്നു സ്ത്രീകള്‍ക്ക് കൈത്താങ്ങായി
കണ്ണൂരില്‍ പ്രശസ്തരായ സ്വാതന്ത്യസമര സേനാനികളുടെ കുടുംബത്തിലായിരുന്നു ജനനം, കെ പി പി നമ്പ്യാരും ഇകെ നയനാരും ഇയ്യങ്കോട് ശ്രീധരനും അടുത്ത ബന്ധുക്കള്‍. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസി യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറായി രണ്ട് പതിറ്റാണ്ടിലേറെ ജോലി നോക്കി. പിറന്ന നാടിനോടുള്ള സ്നേഹം തിരികെ നാട്ടിലെത്തിച്ചു. ജനിക്കുന്നതും ജീവിക്കുന്നതും തനിക്കായി മാത്രമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പൗരന് എന്ന നിലയില്‍ നാടിനോടുള്ള പ്രതിബദ്ധത പാലിക്കണം. പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിന്റെ പേരില്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നില്ല ഡോ. പ്രഭാകര്‍. ശരിക്കും പഠിച്ചു. ഒരു നാടിന്റെ വികസനം എവിടെ നിന്നാരംഭിക്കുന്നു എന്ന്. പട്ടിണിയില്ലാത്ത കുടുംബങ്ങള്‍. ജീവിക്കാന്‍ പര്യാപ്തരായ ഒരു ജനത. വികസനത്തിന്റെ മൂലമന്ത്രം അതാണെന്ന് ഡോ. പ്രഭാകര്‍ തിരിച്ചറിഞ്ഞു. അതോടെ സൊസൈറ്റി ഫോര്‍ റൂറല്‍ ഇംപ്രൂവ് മെന്റ് എന്ന SRI (ശ്രീ)യുണ്ടായി.
ഒരു ചെറിയ വരുമാനമാര്‍ഗം കണ്ടെത്താനാണ് ശ്രീ വായ്പ നല്‍കുന്നത്. വാങ്ങിയ തുക ആഴ്ച്ചകളിലായി തിരിച്ചടക്കണമെന്ന് നിബന്ധനയുണ്ട്. ജാമ്യമില്ല. ഈടായി ഒന്നും നല്‍കുകയും വേണ്ട. പരസ്പര വിശ്വാസം. അത് മാത്രമായിരുന്നു ശ്രീയുടെ നിലനില്പ്പിനുതകിയ േ്രടഡ് മാര്‍ക്ക്. ഗ്രാമീണത തുളമ്പി നില്ക്കുന്ന ഒരു പ്രദേശം. ജീവിതത്തില്‍ വെട്ടിപിടിക്കാനും കയ്യടക്കാനും വശമില്ലാത്ത നിഷ്കളങ്കരായ കുറേ ഗ്രാമീണര്‍. ഓരോരുത്തരും ചുമക്കുന്നുണ്ട് ബാധ്യതകളുടെ വലിയ ഭാണ്ഡങ്ങള്‍. അതിനിടയില്‍ പ്രഭാകര്‍ നല്കിയ സഹായം ആശങ്കയോടെയാണെങ്കിലും അവര്‍ സ്വീകരിച്ചു.
നാടിന്റെ താളം തെറ്റിക്കുന്ന വികസനകുതിപ്പുകള്‍ കടന്നു ചെന്നിട്ടില്ലാത്ത, തനത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ഗ്രാമം. അനന്തമായ സാധ്യതകളുണ്ടായിരുന്നു ആ ചെറുഗ്രാമത്തില്‍. മണ്‍പാത്രവും ഓട്ടുപാത്രവും ഉണ്ടാക്കുന്നവര്‍. പാലക്കാടിന്റെ രുചി നിറഞ്ഞ പലഹാരം തയ്യാറാക്കുന്നവര്‍, തുന്നുന്നവര്‍, നെയ്യുന്നവര്‍, ആടിനേയും കോഴിയേയും പശുവിനേയും വളര്‍ത്തി ജീവിതം പച്ചപിടിപ്പിക്കുന്നവര്. എല്ലാവര്ക്കും പിന്നില്‍ ശ്രീയുണ്ട്. അര്‍ഹരായവര്‍ക്കെല്ലാം ചെറു ധനസഹായം ഉറപ്പാക്കുമ്പോള്‍ ഡോ. പ്രഭാകറിന് ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമേ ശ്രീയുടെ സഹായമുള്ളെന്ന്. സ്ത്രീ ശാക്തീകരണം മാത്രമായിരുന്നു ആ നിര്‍ബന്ധത്തിന് പിന്നില്‍.
പ്രേമയും ശാന്തയും അവരില്‍ ചിലര്‍ മാത്രം
ശ്രീയുടെ ധനസഹായം കൊണ്ട് തുടങ്ങി വച്ചതൊക്കെ ഓരോ വര്‍ഷവും വളര്‍ന്നു. ഒരു പശു രണ്ടാകുന്നു. ഒരാട് നാലാകുന്നു, അങ്ങനെ ഓരോ ജീവിതവും ഓരോ വര്‍ഷം കഴിയുന്തോറും പുഷ്ടിപ്പെടുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് മരിച്ചു പോയപ്പോള്‍ നടുങ്ങിവിറച്ചു പോയ പ്രേമ ശീ നല്കിയ ചെറിയ ധനസഹായത്താല്‍ ഒരു തയ്യല്‍ മെഷീന് വാങ്ങി. അതില്‍ അവര്‍ ജീവിതം തുന്നിച്ചേര്ത്തെടുത്തു. ഒരു മെഷിന്റെ സ്ഥാനത്ത് പതുക്കെ ഒരുപാട് മെഷിനുകളായപ്പോള് തുന്നല്ക്കാരി തുന്നല്‍ ടീച്ചറായി മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കി, സ്വന്തമായി വീടു വാങ്ങി, ഡോ പ്രഭാകറിന്റെ സഹായത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ പ്രേമ വിതുമ്പും.
എല്ലാവരേയും പോലെയായിരുന്നില്ല ശാന്ത. ജന്മനാ മുട്ടിന് താഴെ കൈകള്‍ ഇല്ലാത്തതിനാല്‍ കൈകള്‍ കൊണ്ട് പണിയെടുത്ത് ജീവിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.പ്രാരാബ്ധങ്ങള്‍ തിളയ്ക്കുന്ന അടുക്കളയില്‍ തനിക്കെന്ത് ചെയ്യാനാകുമെന്നോര്ത്ത് നീറിക്കഴിയുകയായിരുന്നു അവര്‍. ശ്രീയുടെ കാരുണ്യം ശാന്തയേയും തേടിയെത്തി. വായ്പയെടുത്ത് ഒരു പശുവിനെ വാങ്ങി ശാന്ത. അങ്ങനെ കുഞ്ഞുകൈകളില്‍ പശുവിന്റെ കയറുമായി ശാന്ത അടുക്കളയില്‍ നിന്ന് പുറത്തിറങ്ങി, ഓരോ വര്‍ഷവും പശുക്കളുടെ എണ്ണം കൂടി. ഒടുവില്‍ അവയെ ഒന്നിച്ച് വിറ്റ് ചേച്ചിയുടെ വിവാഹവും ശാന്ത കേമമാക്കി, ഇപ്പോള്‍ വീണ്ടും ഒരു പശുവുമായി ആശങ്കയില്ലാതെ ശാന്ത വീണ്ടും തെളിഞ്ഞ പുലരികളിലേക്കിറങ്ങുന്നു.
ശാന്തയും പ്രേമയുമൊക്കെ കൊല്ലങ്കോട്ടെ ഒരുപാട് സ്ത്രീകളുടെ പ്രതിനിധികളാണ്. വലിയ ചെലവില്ലാതെ ലഭിക്കുന്ന ഓലമടല് വാങ്ങി മെടഞ്ഞു കൊടുക്കുന്നവര്‍, മിട്ടായിയുണ്ടാക്കി പൂരപറമ്പിലും കടകളിലുമെത്തിച്ച് വരുമാനം കണ്ടെത്തുന്നവര്‍ അങ്ങനെ ഈ ഗ്രാമത്തിലെ ഓരോ സ്ത്രീകളും വരുമാനമുള്ള ഏതെങ്കിലും ജോലികളില്‍ മുഴുകുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാന്‍ നാല്‍പ്പതിലേറെ പാള ഉത്പന്നങ്ങളും ശ്രീയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രചോദനം നല്കാന് നൊബേല്‍ പുരസ്കാര ജേതാവ്
സ്വയം പര്യാപ്തതയുടെ സാഫല്യത്തിലേക്ക് ഒരു ജനതയെ നയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍ അതേക്കുറിച്ച് നേരിട്ട് കണ്ടറിഞ്ഞ് തയ്യാറെടുപ്പ് നടത്തിയിരുന്നു ഡോ. പ്രഭാകര്‍. നൊബേല്‍ പുരസ്കാര ജേതാവായ ഡോ.മുഹമ്മദ് യൂനുസിന്റെ ഗ്രാമീണ ബാങ്കിംഗ് ആശയമാണ് ഡോ.പ്രഭാകറും പ്രാവര്‍ത്തികമാക്കിയത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നതിന് മുമ്പേ മുഹമ്മദ് യൂനുസിനെ അടുത്തറിഞ്ഞിരുന്നു ഡോ. പ്രഭാകര്‍. ഗ്രാമീണ ബാങ്ക് പരീക്ഷണത്തിലൂടെ ബംഗ്ലാദേശില്‍ സാമ്പത്തിക വിപ്ലവത്തിന് കളമൊരുക്കിയ മുഹമ്മദ് യൂനുസായിരുന്നു പാലക്കാട്ടൊരു പരീക്ഷണം നടത്താന്‍ ഡോ. പ്രഭാകറിനെ പ്രേരിപ്പിച്ചത്. അമേരിക്കയില്‍ ഒരേ സര്‍വകലാശാലയില്‍# ഒന്നിച്ച് പ്രവര്‍ത്തിച്ച അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു അതിന് പിന്നില്‍.
ഡോ മുഹമ്മദ് യൂനുസുമായി ആശയം പങ്കിട്ടപ്പോള്‍ ബംഗ്ലാദേശിലെത്തി എല്ലാം നേരിട്ട് കാണാനായിരുന്നു ഉപദേശം, അങ്ങനെ ഡോ പ്രഭാകര്‍ ബംഗ്ലാദേശിലെത്തി. ഗ്രാമീണ ബാങ്കുകള്‍ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിന്റെ വഴികാട്ടിയും അവരുടെ കുടുംബങ്ങളിലെ വെളിച്ചവുമാകുന്നത് നേരിട്ട് ബോധ്യപ്പെട്ടു. ആറ് മാസം ഇതിനായി ബംഗ്ലാദേശില്‍ അദ്ദേഹം ചെലവഴിച്ചു. നാട്ടിലെത്തി ഇതേ ആശയം എവിടെ പ്രാവര്‍ത്തികമാക്കുമെന്ന അന്വേഷണത്തിന് ഒടുവിലാണ് പാലക്കാട്ടെത്തിയത്. നിറഞ്ഞു തുളുമ്പുന്ന ഗ്രാമീണതയും വരള്‍ച്ചയും കൃഷിനാശവും മുരടിപ്പിക്കുന്ന ഗ്രാമീണരും ഡോ. പ്രഭാകറിനെ കൊല്ലങ്കോട് പിടിച്ചു നിര്‍ത്തി. 1996 ലായിരുന്നു കൊല്ലങ്കോട് കേന്ദ്രമാക്കി ശ്രീ ആരംഭിച്ചത്. അന്ന് ഒപ്പം നിന്നിരുന്നവര്‍ ഇപ്പോഴും ഡോ പ്രഭാകറിനൊപ്പമുണ്ട്.
വായ്പ നല്‍കും മുമ്പ് തിരിച്ചടവിനെക്കുറിച്ചും അത് ചെലവഴിക്കേണ്ട രീതികകളെക്കുറിച്ചും ശ്രീ ഉപഭാക്താക്കളെ ബോധ്യപ്പെടുത്താറുണ്ട്. 40 പേരടങ്ങുന്ന ഒരോ യൂണിറ്റായി ഉപഭോക്താക്കളെ തരം തിരിക്കും. ഇവരെ അഞ്ച് പേരടങ്ങുന്ന സംഘമാക്കും. ഓരോ സംഘത്തിനും ഓരോ ലീഡര്‍. ഓരോ ഗ്രൂപ്പിലേയും രണ്ട് പേര്‍ക്ക് വീതം വായ്പ നല്‍കും. ഇവര്‍ തിരിച്ചടച്ചു കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് , ഒരാള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ വായ്പ അടക്കാന്‍ കഴിയാതെ വന്നാല്‍ മറ്റ് നാല് പേര് ചേര്‍ന്ന് സഹായിക്കണം. അങ്ങനെ ഒരാളുടെയും തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ ശ്രീ ശ്രദ്ധിക്കന്നു. ആരെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ശ്രീയുടെ പ്രതിനിധികള്‍ അവരുടെ വീട്ടിലെത്തി കാരണം കണ്ടെത്തുന്നു. ന്യായമായ കാരണമുള്ളവര്‍ക്ക് സപ്ലിമെന്ററി ലോണ്‍ അനുവദിച്ച് പ്രശ്നം പരിഹരിക്കും. സത്യസന്ധതയും അധ്വാനക്ഷമതയും കൈവശമുള്ളവരാണ് ഈ ഗ്രാമീണസ്ത്രീകള്‍. തിരിച്ചടവില്‍ വീഴ്ച്ച വരുത്താതിരിക്കാന്‍ ഇവര്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ 99 ശതമാനത്തിലേറെയും കൃത്യമായി തുക തിരിച്ചടക്കുന്നുണ്ടെന്ന് ഡോ. പ്രഭാകര്‍ പറയുന്നു.
അഞ്ഞുറു കോടിയും അമ്പതിനായിരം ഗുണഭോക്താക്കളും
ചെറുവായ്പാ പദ്ധതിയുമായി തുടങ്ങിയ കേരളത്തിലെ ആദ്യവനിതാ സംരംഭമാണിത്. പലിശക്ക് പലിശയില്ല. കിടപ്പാടം പണയം വയ്ക്കേണ്ട. ആള് ജാമ്യവും വേണ്ട. വരുമാന സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. തൃശൂര്‍ ആലപ്പുഴ തിരുവനന്തപുരം എന്നീ ജില്ലകളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു ശ്രീയുടെ പ്രവര്‍ത്തനം. 50,000 സ്ത്രീകളിലായി 500 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തുന്നുണ്ട് ശ്രീയിപ്പോള്‍. തുടക്കത്തില്‍ ബംഗ്ലാദേശ് ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 ഡോളര്‍ വായ്പയെടുത്തു. അമേരിക്കയിലെ അസോസിയേഷന് ഫോര്‍ ഇന്ത്യാസ് ഡവലപ് മെന്റ് എന്ന സംഘടനയും ധനസഹായം നല്കി. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന ്വായ്പയെടുത്താണ് ശ്രീ മുന്നോട്ട് പോകുന്നത്.
ബാങ്കിംഗ് രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമ്പോഴും കൃഷിയോടുള്ള ആദരവും ശ്രീ നിലനിര്‍ത്തുന്നു. ഏഴേക്കര്‍ കൃഷിസ്ഥലമുണ്ട് ഡോ.പ്രഭാകറിന്. ആറ് പശുക്കളടങ്ങുന്ന ഒരു ചെറിയ ഡയറിഫാമും. പറമ്പിന്റെ കുറേ ഭാഗം പശുക്കള്‍ക്കുള്ള പുല്ലു വളര്‍ത്താനായി മാറ്റി വച്ചിട്ടുണ്ട്. വയലില്‍ നെല്ല്ും ഗോതമ്പും കൃഷി ചെയ്തെടുക്കുന്നു. ജൈവകൃഷി എന്ന ആശയം മനസില്‍ കൊണ്ടു നടക്കുന്നുണ്ട് ഡോ പ്രഭാകര്‍.
എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം
പട്ടിണിയില്ലാത്ത കുടുംബങ്ങള്‍ക്കൊപ്പം മറ്റൊരു സ്വപ്നം കൂടി ശ്രീ യാഥാര്‍ത്ഥ്യമാക്കുന്നു. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കണം. മുന്നാക്കം നില്ക്കുന്ന ഏതൊരു സിബിഎസ്ഇ സ്കൂളിനോടും കിട പിടിക്കും വിധമാണ് ശ്രീയുടെ സ്കൂള്‍. വലിയ സംഖ്യ ഡൊണേഷന്‍ നല്‍കാതെ സാധാരണക്കാരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാണിത്.
ഉന്നത പഠനത്തിനായി ഉപഭോക്താക്കളുടെ മക്കള്‍ക്ക് വര്‍ഷാവര്‍ഷം സ്കോളര്‍ഷിപ്പും നല്കുന്നു. ഇവര്‍ക്കായി ആഴ്ച്ചയിലൊരു ദിവസം സൗജന്യ ട്യൂഷന് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒപ്പം കമ്പ്യൂട്ടര്‍ പരിശീലനവും നല്കുന്നു.
ശ്രീയുടെ പ്രവര്‍ത്തകരും സ്ഥാപകനും തമ്മില്‍ മുതലാളി തൊഴിലാളി ബന്ധമല്ല. തനിക്കൊപ്പമുള്ളവരെല്ലാം ഡോ പ്രഭാകറിന് സ്വന്തം കുടുംബത്തിലെ അംഗങ്ങളാണ്. തെറ്റുകള്‍ തിരുത്തിയും മാര്‍ഗനിര്‍ദേശം നല്‍കിയും അദ്ദേഹം ഓരോരുത്തര്‍ക്കും പ്രചോദനവും മാതൃകയുമാകുന്നു. ജോലിയില്‍ വീഴ്ച്ച വരുത്തുന്നവരെ സ്നേഹത്തോടെ ശകാരിച്ചും നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും എല്ലാവരേയും കൂടെ നിര്‍ത്തുന്നു. കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഡോ. പ്രഭാകര്‍ തനിക്കൊപ്പമുള്ളവരെ പഠിപ്പിക്കുന്നു. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധയോടെ കേള്‍ക്കുന്നു. ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ 90 ശതമാനവും സ്ത്രീകള്‍ തന്നെയാണ്.
ഒരു നേരത്തെ നല്ല ഭക്ഷണം പോലും സ്വപ്നം കാണാനാകാതെ ജീവിച്ച ഒരു ജനതയുടെ വിധിയാണ് ഡോ. പ്രഭാകര്‍ തിരുത്തികുറിച്ചത്. നിസ്സഹായരായ ഒരു വിഭാഗം സ്ത്രീകളെയാണ് അദ്ദേഹം ശാക്തീകരിക്കുന്നത്. ഓരോ കുടുംബവും അഭിമാനത്തോടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഒരു നാടിന്റെ തെളിച്ചമാകും. ഒരു ഭരണാധികാരിക്കും സാധ്യമാകാഞ്ഞ ഒരു വലിയ സാമൂഹികവിപ്ലവമാണിത്.
നേതൃനിപുണതയും തൊഴില്‍ സാധ്യതയും മാനവശക്തിയും എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഡോ. പ്രഭാകര്‍ അധികാരികള്‍ക്ക് കാട്ടികൊടുക്കുന്നത്. രണ്ട് പതിറ്റാണ്ടാകുന്നു ആ നിശബ്ദവിപ്ലവത്തിന് തുടക്കമായിട്ട്. സിഎന്‍എന്‍ ഐബിഎന്റെ റിയല്‍ ഹീറോ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പക്ഷേ കേരളം ഡോ പ്രഭാകറിനെ എത്രമാത്രം അംഗീകരിച്ചു എന്നറിയില്ല. എല്ലാ അംഗീകാരങ്ങള്‍ക്കും അപ്പുറം ജീവിതം തിരികെ പിടിക്കുന്ന ഒരു വിഭാഗം സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും എക്കാലത്തേയും സ്നേഹമുണ്ട്, നന്ദിയുണ്ട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട് ഡോ. പ്രഭാകറിനോട്.
Post Your Comments