പ്രളയവും പ്രളയക്കെടുതിയും ബാക്കിവെച്ച ദുരന്തമുഖത്തു നിന്ന് നമ്മുടെ കൊച്ചുകേരളം അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദുരന്തദൃശ്യങ്ങള്‍ക്കൊപ്പം മനുഷ്യത്യം മരവിച്ചിട്ടില്ലാത്ത കുറെ നല്ല മനുഷ്യരെക്കൂടിയാണ് പ്രളയകാലം നമുക്ക് കാട്ടിത്തന്നത്. ജനിച്ചു വളര്‍ന്ന നാടിനോട്,സമൂഹത്തിനോട് സ്‌നേഹവും ബാധ്യതയുമുണ്ടെന്ന് തെളിയിച്ച യുവത്വത്തിന്റെ സംരക്ഷണവും കേരളം മുഴുവന്‍ അനുഭവിച്ചറിഞ്ഞുവെന്നതും നല്ല നാളേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് കരുതി വെയ്ക്കുന്നത്.
കേരളത്തിന് നേരിട്ട ദുരന്തം ലോകമെമ്പാടും വാര്‍ത്തയാകുമ്പോള്‍ അതിലൊക്കെയും നിറഞ്ഞു നിന്ന, സന്തോഷം കൊണ്ട് കണ്ണു നനയിക്കുന്ന ചിത്രമായിരുന്നു വയോധികയായ ഒരു ഉമ്മയെ കൈകളില്‍ വാരിയെടുത്ത് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്ന ഒരു യുവാവിന്റെ ചിത്രം!ലോകമെങ്ങും ട്വീറ്റുകളിലൂടെയും,വാര്‍ത്തകളിലൂടെയും ദൈവത്തിന്റെ സ്വന്തം നാടിന് നേരിട്ട ദുരന്തം വേദനയോടെ കാണുമ്പോള്‍ നിറഞ്ഞു നിന്ന ചിത്രത്തിലെ ഈ യുവാവ് ആരെന്ന അന്വേഷണം ചെന്നെത്തിയത് തൃശ്ശൂര്‍ പെരിങ്ങോട്ടുകര സ്വദേശിയായ ‘ നൂറൂല്‍ ഇമാന്‍’ എന്ന നല്ല മനുഷ്യനിലേയ്ക്കാണ്.
ആലുവയിലും പരിസരപ്രദേശങ്ങളിലുമായി നൂറോളം പേരെ രക്ഷപ്പെടുത്താനും ദുരിതാശ്വാസക്യാംപുകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും കഴിഞ്ഞ സന്തോഷം അദ്ദേഹം മറച്ചു വെയ്ക്കുന്നില്ല. താമസസ്ഥലവും മറ്റും വെള്ളത്തില്‍ മുങ്ങിയിട്ടും തന്നെ രക്ഷിക്കാനെത്തിയവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ല്‍ സജീവമായി മുന്നിട്ടിറങ്ങുകയായിരുന്നു ‘ ഈമാന്‍’. അതിനിടെയില്‍ ആരോ പകര്‍ത്തിയ ചിത്രമായിരുന്നു മനോരമയില്‍ വന്നത്. പിന്നീട് UAE പ്രസിഡണ്ട് ‘ഷെയ്ക്ക്മുഹമ്മദ്’ ഷെയര്‍ ചെയ്ത ഈ ചിത്രം ലോകം മുഴുവന്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രളയമുഖമായി ഏറ്റെടുക്കുകയായിരുന്നു.പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും,വെള്ളം കയറിനശിച്ച പാവപ്പെട്ട വീടുകളും,സര്‍ക്കാര്‍സ്ഥാപനങ്ങളും വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.ജന്മനാട്ടിലും പുറത്തുമായി ആദരങ്ങളേറ്റു വാങ്ങുമ്പോഴും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായിത്തന്നെ തുടരാനും തന്നെക്കൊണ്ടാവുന്നത് ചെയ്യാനുമാണ് ഇദ്ദേഹത്തിന്റെ തീരുമാനം.ഇപ്പോഴും തന്നാലാവുന്നത് ചെയ്യുന്നുമുണ്ട് നാല്പതുകാരനായ ഈ പെരിങ്ങോട്ടുകരക്കാരന്‍.
‘നൂറുല്‍ ഇമാന്‍’ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളില്‍ക്കൂടി കടന്നുവന്നയാളാണ്.ആ പ്രതിസന്ധികള്‍ നല്കിയ കരുത്താണ് പ്രളയകാലത്ത് സഹജീവികളെ രക്ഷിക്കാന്‍ കരുത്തായത്. ഗള്‍ഫിലും സ്വന്തം നാട്ടിലുമായി നിരവധി ജോലികള്‍ ചെയ്ത് ബിസിനസിലേയ്ക്ക് കാലുവെച്ച ഇമാന് തുടക്കം വലിയ വിജയമായിരുന്നെങ്കിലും പിന്നീട് ബിസിനസിലുണ്ടായ തകര്‍ച്ച ഇദ്ദേഹത്തിന് തിരിച്ചടിയായി. സാമ്പത്തിക ബാധ്യതകളൊരു വശത്തും തകര്‍ന്നുപോയ കുടുംബജീവിതം മറുവശത്തും വേദനിപ്പിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് വേദനകളെ നേരിടുകയാണ് നൂറുല്‍ ഈമാന്‍. ഒരു കാലത്ത് ബൈക്ക് റെയ്‌സിംഗില്‍ കമ്പമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍ ആഗ്രഹങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന ഇമാന്‍ നല്ലൊരു കഥാകൃത്ത് കൂടിയാണ്. അനുഭവങ്ങളുടെ ആലയില്‍ ഉരുക്കിയെടുത്ത കഥകള്‍ ലളിതസുന്ദരമായ ശൈലിയില്‍ പറയാന്‍ കഴിവുള്ള ഇദ്ദേഹത്തിന് തന്റെ കഥകളടങ്ങിയ ബുക്ക് പ്രസിദ്ധീകരിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. മാത്രവുമല്ല രണ്ടു ”ഷോര്‍ട്ട്ഫിലിമുകള്‍ ‘ചെയ്തിട്ടുള്ള ഇദ്ദേഹം തന്റെ മൂന്നാമത്തെ ഷോര്‍ട്ട്ഫിലിമായ ‘ധക്ഷ’യുടെ പണിപ്പുരയിലാണ്. ഇപ്പോള്‍ ജീവിതമാര്‍ഗ്ഗത്തിനായി സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളത്ത് ‘ചായക്കട’തുടങ്ങാന്‍ തയ്യാറെടുക്കുന്ന ഇദ്ദേഹത്തിന് എന്നെങ്കിലും തന്റെ കഥയും സംവിധായകന്റെ തൊപ്പിയണിഞ്ഞ് വെള്ളിത്തിരയിലെത്തിക്കണമെന്നാണ് ആഗ്രഹം.
Post Your Comments