മനുഷ്യ സ്‌നേഹത്തിനും പരസ്പര സഹകരണത്തിനും അതിര്‍വരമ്പുകളില്ല എന്ന് ലോകത്തിന് തന്നെ കാട്ടിക്കൊടുത്ത ആ ധൗത്യത്തിന് നിയോഗിക്കപ്പെട്ടത് ന്യൂഫൗണ്ട്ലാന്‍ഡിലെ ഒരു മലയാളി അസോസിയേഷനാണ്. കാനഡയിലെ ഒരു വലിയ ദ്വീപാണ് ന്യൂ ഫൗണ്ട് ലാന്‍ഡ്. ഈ ദ്വീപിലെ കുറച്ച് മലയാളികളുടെ കൂട്ടായ്മ ഒത്ത് കൂടി ഒരു തീരുമാനമെടുത്തു. കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ പെട്ട് ഉഴലുന്നവര്‍ക്ക് ഒരു കൈതാങ്ങ് ആകണമെന്ന്. ആ കൈതാങ്ങിന്റെ കണക്കാണ് 500 സദ്യക്ക് പകരം 600 സദ്യ എന്ന ഒറ്റ വാക്കില്‍ പറഞ്ഞ നിര്‍വ്വചനാതീതമായ മനുഷ്യസ്‌നേഹം.
മിനി നായര്‍ എന്ന വനിതയുടെ നേതൃത്വത്തില്‍ അവിടുത്തെ മലയാളികള്‍ എല്ലാം കൂടി തീരുമാനിച്ചു പ്രളയ ദുരന്തത്തില്‍ പ്പെട്ടവരെ സഹായിക്കുന്നതിനായി നമുക്ക് സദ്യയൊരുക്കമെന്ന്. അന്ന് ഓണത്തിന്റെ നാളുകള്‍ കൂടിയായിരുന്നു. മിനിയുടെ അഭിപ്രായത്തെ എല്ലാവരും ഏകകണ്ഠമായി ഏറ്റെടുത്തു. എല്ലാവരും ഒന്നിച്ച് കൂടി 13 തരം കറികളുമായി സദ്യവട്ടവും രാത്രിയില്‍ അത്താഴവും ഒരുക്കി.
അതിന് ശേഷം ദ്വീപിലെ സെന്റ്.ജോണ്‍സ് എന്ന സ്ഥലത്ത് ഒരു ഹിന്ദു അമ്പലത്തില്‍ വില്‍പ്പനക്കായി സ്റ്റാള്‍ സജ്ജീകരിച്ച് ഓണ സദ്യ അവിടെ നിരത്തി. ഓണ സദ്യയുടെ സ്റ്റാള്‍ കേരളത്തിലെ പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനാണെന്ന് അറിഞ്ഞതോടെ അവിടുത്തുകാരായ ന്യൂഫൗണ്ട്ലാന്‍ഡുകാരെല്ലാം സദ്യ നുകരനായി ഇടിച്ചു കയറി. അവസാനം സംഭവിച്ചതോ ഉച്ചയ്ക്ക് 11.30ക്ക് തുടങ്ങിയ സദ്യ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 600 ഇല സദ്യകള്‍ വിറ്റു.
ആകപ്പാടെ 500 സദ്യയെ വില്‍ക്കപ്പെടൂ എന്ന് വിചാരിച്ച ഞങ്ങളുടെ പ്രതീക്ഷ അവിടുത്തുകാരായ ന്യൂഫൗണ്ട്ലാന്‍ഡുകാര്‍ അവരുടെ സ്‌നേഹം കൊണ്ട് തകര്‍ത്തെറിഞ്ഞുവെന്ന് മിനി നായര്‍ ഒരു അന്തര്‍ദ്ദേശീയ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കേരളത്തില്‍ നൂറോളം പേര്‍ മരണമടയുകയും വലിയ ഒരു സംഖ്യ ജനങ്ങളുടെ എല്ലാം നഷ്ടപ്പെടുകയും ചെയ്ത് തീരാ ദുരിതത്തില്‍ ഉഴലുന്ന നമ്മുടെ നാടിന്റെ അവസ്ഥ ഇത്രയും ദൂരെയുള്ളവര്‍ മനസിലാക്കുകയും സഹായിക്കാനുള്ള മനസാന്നിധ്യം കാണിച്ചതും അവരെ അത്ഭുതപ്പെടുത്തിയെന്ന് മിനി നായര്‍ പറയുന്നു. സദ്യ വിറ്റതില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗ തിരിവോ ജാതീയതയോ, മതത്തിന്റെ കെട്ടുപാടുകളോ രാജ്യങ്ങള്‍ തമ്മിലുള്ള അകലമോ യഥാര്‍ത്ഥ മനുഷ്യസ്‌നേഹത്തിന് തടസമാകില്ലെന്നും എല്ലാവരും ഒരുപോലെ സ്‌നേഹിച്ച് എല്ലാവരെയും ഒരു പോലെ കാണുന്ന ഒരു ലോകമായ് മാറണമെന്ന ധ്വനിയാണ് ന്യൂഫൗണ്ട്ലാന്‍ഡുകാരായ കുറച്ച് നല്ല മനുഷ്യര്‍ നമുക്ക് പകര്‍ന്ന് നല്‍കുന്ന പാഠങ്ങള്‍.
Post Your Comments