Latest NewsArticle

ആധാര്‍: സുപ്രീം കോടതി വിധിയുടെ സവിശേഷതകള്‍ ഇവയൊക്കെ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ആധാർ സംബന്ധിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സുപ്രധാനമാണ്. 4-1 എന്ന നിലക്കാണ് അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. നാലു ന്യായാധിപന്മാർ ആധാറിന്റെ ഭരണഘടനാപരമായ സാധുത ശരിവെച്ചപ്പോൾ ഒരാൾ എതിർത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരായിരുന്നു ബഞ്ചിൽ. അതിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ആധാറിനെതിരായ നിലപാട് എടുത്തത്. മറ്റുള്ളവരിൽ മൂന്ന് പേര് ഒരു വിധിന്യായവും, ജസ്റ്റിസ് അശോക് ഭൂഷൺ അതിനോട് യോജിച്ചുകൊണ്ട് മറ്റൊരു വിധിയും പുറപ്പെടുവിക്കുകയായിരുന്നു. ഇത് നരേന്ദ്ര മോഡി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. രാഷ്ട്രീയവും ധാർമികവുമായ വിജയം. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇത്രമാത്രം സമയം വാദത്തിനായി നീക്കിവെച്ച കേസുകൾ കുറവാണ്. അത്രയേറെ പ്രാധാന്യം അതിനുണ്ട്. മാത്രമല്ല ഇതിനെ ഒരു രാഷ്ട്രീയ പ്രശ്നമായിട്ടാണ് പ്രതിപക്ഷ കക്ഷികൾ കണ്ടത്. സർക്കാരിനെ മുട്ടുകുത്തിക്കും എന്നുള്ള വാശിയോടെ പ്രതിപക്ഷ നിരയിലെ പ്രമുഖ അഭിഭാഷകർ (രാഷ്ട്രീയക്കാരായവർ പ്രത്യേകിച്ചും) ഒട്ടെല്ലാം സുപ്രീം കോടതിയിലെത്തി. എന്നാൽ രാജ്യത്തിന്റെ സുരക്ഷ, രാജ്യത്തിൻറെ സമ്പദ് ഘടന സുരക്ഷിതവും ശക്തവുമാക്കൽ എന്നിവയെയൊക്കെയാണ് ആധാറിലൂടെ സർക്കാർ ഉദ്ദേശിച്ചത്. കള്ളപ്പണക്കാരും വിദേശത്തു നിന്ന് പണം കൊണ്ടുവന്ന്‌ രാജ്യത്ത് വേണ്ടതൊക്കെ ചെയ്യുന്നവരൊക്കെ ഇതിനെതിരെ രംഗത്ത് വന്നു. അതുകൊണ്ട് തന്നെ ഈ നിയമ പോരാട്ടം ഒരർഥത്തിൽ ധാർമികവും അതേസമയം രാഷ്ട്ര താല്പര്യം സംരക്ഷിക്കുന്നതിനുള്ളതും ആയിരുന്നു. അവിടെ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും വലിയ വിജയം തന്നെയാണ് സർക്കാരിന് ഉണ്ടായത്.

രണ്ട് മൂന്ന് കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്ന് എന്താണ് പ്രതിപക്ഷ എതിർപ്പിന്റെ കുന്തമുന; അത് അംഗീകരിക്കപ്പെട്ടോ ?. മറ്റൊന്ന് എന്താണ് ഇതുകൊണ്ട് ഉണ്ടായ നേട്ടങ്ങൾ; സൂചിപ്പിക്കുന്നത്, വ്യക്തികൾക്കല്ല, രാജ്യത്തിന് ഉണ്ടായ നേട്ടങ്ങൾ. അത് ഇനിയും അതുപോലെതന്നെ, തടസങ്ങളില്ലാതെ, മുന്നോട്ട് പോകുകയില്ലേ ?. മറ്റൊന്ന്, ഡാറ്റ ചോർച്ച സംബന്ധിച്ച ആക്ഷേപങ്ങൾക്ക് പ്രസക്തിയുമുണ്ട് എന്ന് കോടതി കണ്ടുവോ?. ആധാർ ആയുധമാക്കി പല നേട്ടങ്ങളും കൊയ്തവരാണ് ഇന്നിപ്പോൾ എതിർക്കുന്നത് എന്നത് കൂടി മനസിൽവെക്കുക.

ആധാർ ആദ്യമൊക്കെ എതിർക്കപ്പെട്ടത് അതിന് ഒരു നിയമത്തിന്റെ പിൻബലമില്ല എന്നതിനാലാണ്. ബിജെപിയും അതിനെ ആദ്യാകാലത്ത എതിർത്തിരുന്നുവല്ലോ. ബിജെപി അധികാരത്തിലേറിയ ഉടനെ ചെയ്തത് അതിന് നിയമത്തിന്റെ പിൻബലം നൽകലാണ്. അത് പക്ഷെ ‘മണി ബില്ല്’ ആയിട്ടാണ് അവതരിപ്പിച്ചത്. ഇത്തരം വിഷയങ്ങൾ മണിബിൽ രൂപത്തിൽ പറ്റില്ല എന്നതായിരുന്നു പ്രതിപക്ഷ നിലപാട്. യഥാർഥത്തിൽ ഏതെങ്കിലും ബിൽ മണി ബില്ലാണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടത് അതാത് നിയമനിർമ്മാണ സഭകളാണ് , അതായത് അതിന്റെ അധ്യക്ഷനാണ്. ഇവിടെ ലോകസഭയിൽ അത് സംബന്ധിച്ച തീരുമാനം സ്വീകരിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കർ അംഗീകരിച്ചു, അത് സഭയിൽ വന്നു, പാസ്സായി. അതാണ് നിയമവുമായത് . അതിനെതിരായ എതിർപ്പ് കോടതി തള്ളി എന്നത് പ്രധാനമാണ്; മാത്രമല്ല അത് മണി ബില്ലായി വന്നത് നിയമാനുസൃതമാണ് എന്ന് ഭൂരിപക്ഷ ബഞ്ച് പറയുകയും ചെയ്തു. മറ്റു രണ്ടു ജഡ്ജിമാർക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്നു എന്നത് കാണാതെ പോവുകയല്ല. എന്നാൽ ന്യൂനപക്ഷ നിലപാടായതിനാൽ അതിന് പ്രസക്തിയില്ലല്ലോ. പറഞ്ഞുവന്നത് ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ വാദഗതി നിരാകരിക്കപ്പെട്ടു എന്നതാണ്.

ആധാറിനായി ശേഖരിച്ച വിവരങ്ങൾ ചോർന്നു പോകുമെന്നും അത് വ്യക്തികൾക്ക് ദോഷകരമാകും എന്നും അത് സുരക്ഷിതമല്ല എന്നുമുള്ളതായിരുന്നു മറ്റൊരു വാദം. അതും കോടതി ശരിവെച്ചില്ല. മാത്രമല്ല അത് സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമുണ്ട് എന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇവിടെ ഓർക്കേണ്ടത്, റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണ അധ്യക്ഷനായ ഒരു സമിതി ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടും കോടതി മുന്പാകെയെത്തിയതാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ യുഐഡിഎഐ-യും സർക്കാരും വേണ്ടത്ര ഗൗരവം എടുത്തിട്ടുണ്ട് എന്ന് കോടതിക്ക് ബോധ്യമായി. വേറൊന്ന്, മുൻ കരുതൽ എന്ന നിലക്കാവാം, ആ ഡാറ്റ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകരുത് എന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല എന്നുവേണം കരുതാൻ. അതുകൊണ്ടുകൂടിയാവണം മൊബൈൽ കണക്ഷനുകൾക്ക് ഇനി ആധാർ വേണ്ട എന്ന് തീരുമാനിച്ചത്. ഇവിടെയും പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ കഴമ്പില്ലാത്തതാണ് എന്നാണല്ലോ കോടതി ഉത്തരവ് കാണിക്കുന്നത്.

സ്കൂൾ വിദ്യാർഥികൾക്ക് ആധാർ നിര്ബന്ധമാക്കേണ്ട എന്നതാണ് മറ്റൊന്ന്. അത് എടുക്കുന്നെങ്കിൽ രക്ഷകർത്താക്കളുടെ അനുമതി വാങ്ങണം. പരീക്ഷകൾക്കും പ്രവേശനത്തിനും മറ്റും ആധാർ നിര്ബന്ധമാക്കേണ്ടതില്ല. എനിക്ക് തോന്നുന്നത്, ഇത് ഒരു മണി ബില്ലായി വന്ന നിയമമാണല്ലോ. അതുകൊണ്ടുകൂടിയാവണം കോടതി ഇങ്ങനെ ഒരു നിലപാട് എടുത്തത്. വിദ്യാർഥികളെ ആധാറിൽ ചേർത്തത് കൊണ്ട് സ്കൂളുകളിൽ കള്ള അറ്റൻഡൻസ് ഉണ്ടാക്കി അനധികൃതമായി ഡിവിഷനുകളും മറ്റും നിലനിർത്തിയിരുന്നത് കേരളത്തിൽ പോലുംകണ്ടെത്തി റദ്ദാക്കിയത് ഓർക്കുക. യഥാർഥത്തിൽ രാഷ്ട്രീയമായി എതിർക്കുന്നവേളയിലും, കേരളം പോലും ഇക്കാര്യത്തിൽ ആധാറിനെ ആശ്രയിച്ചതാണ്. സാമൂഹ്യ പെൻഷനും മറ്റും വിതരണം ചെയ്യുന്നതിലെ ക്രമക്കേട് ഒഴിവാക്കാൻ കേരളത്തിന് കഴിഞ്ഞത് ആധാർ ഉപയോഗിച്ചത് കൊണ്ടല്ലേ?. രാജ്യവ്യാപകമായി അഞ്ചു കോടി റേഷൻ കാർഡുകളാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടത്; വ്യാജന്മാർ പോയതിന്റെ പ്രയോജനം കേരളത്തിനും ലഭിച്ചില്ലെ ?. രാജ്യമെമ്പാടും പത്ത് ലക്ഷം വ്യാജ അധ്യാപക തസ്തികകൾ റദ്ദാക്കപ്പെട്ടു എന്നാണ് കണക്ക്; അതിൽ കേരളത്തിലേതും ഉണ്ടല്ലോ. അതുപോലെ പലതിലും കേരളത്തിനും ആധാർ ഉപയോഗപ്പെട്ടിട്ടുണ്ട്.

1. 4 കോടി എൻജിഒ-കൾ, 25 ലക്ഷം രജിസ്റ്റേർഡ് കമ്പനികൾ, 21 ലക്ഷം ഡയറക്ടർമാർ, 5 കോടി റേഷൻ കാർഡുകൾ, 4 കോടി എൽപിജി കണക്ഷനുകൾ, 2 കോടി അനധികൃത തൊഴിലുറപ്പ് പദ്ധതി കാർഡുകൾ, 50 ലക്ഷം ഇല്ലാത്ത വിദ്യാർഥികൾ എന്നിങ്ങനെയാണ് ആധാർ വന്നപ്പോൾ പുറത്തായത്. ഇതൊരു ഏകദേശ കണക്ക്. 10 ലക്ഷം അധ്യാപകർ അതിനൊപ്പമാണുള്ളത്. വിദ്യാർഥികൾക്ക് ഭക്ഷണത്തിനായി നൽകുന്നത് പോലും ഇവിടെ തട്ടിച്ചിരുന്നു എന്നതോർക്കുക. ഇന്നിപ്പോൾ രാജ്യത്തെ ഏതാണ്ട് അഞ്ചര ലക്ഷം റേഷൻ ഷോപ്പുകളിൽ എഴുപത് ശതമാനവും ഇ -പോസ് മെഷിനുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത് ആധാറിന്റെ ഗുണം കൊണ്ടുകൂടിയല്ലേ?.

മറ്റൊന്ന് മൊബൈൽ ഫോൺ ആധാറുമായി ബന്ധിപ്പിക്കണം എന്നത് ഒരിക്കൽ കോടതി തന്നെ നിർദ്ദേശിച്ചതാണ്; ഭീകര പ്രവർത്തനം നിയന്ത്രിക്കുന്ന വിഷയം വന്നപ്പോൾ. ഇതിപ്പോൾ അതൊക്കെ വേണ്ടെന്ന് കോടതി പറയുന്നു. സ്വാഭാവികമാണത്; കാരണം ആധാർ ലിങ്ക് സ്വകാര്യ വ്യക്തികൾക്ക് പോകാനാവില്ലാത്തതിനാൽ. എന്നാൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇനി ആധാർ വേണ്ട എന്നതാണ് നിർദ്ദേശം. അത് എങ്ങിനെയാണ് എവിടെയാണ് ബാധിക്കുക എന്നത് സംശയമാണ്. കാരണം പാൻ ആധാറുമായി ബന്ധിപ്പിക്കണം എന്ന നിർദ്ദേശം കോടതി ശരിവെച്ചു. അതായത് ആധാറുമായി ബന്ധിപ്പിക്കാതെ പാൻ നിലനിൽക്കില്ല. പാൻ ഇല്ലാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനാവില്ല. അതുപോലെ പാൻ ഇല്ലാതെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. അതുകൊണ്ട് ആധാർ ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങാം എന്ന പ്രതീക്ഷ വെച്ചുപുലത്തുന്നവർക്ക് ആശ്വസിക്കാൻ കുറച്ചുമാത്രമേ വക കാണുന്നുള്ളൂ. നിങ്ങൾ പാൻ കൊടുത്ത്‌ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ അതിൽ ആധാറും ഉൾപ്പെട്ടിരിക്കും. അത് കോടതിക്കും അറിയാത്തതാവില്ല. അതുകൊണ്ടാണ് അക്കൗണ്ട് തുറക്കാൻ ആധാർ നിര്ബന്ധിക്കേണ്ടതില്ല എന്ന് പറഞ്ഞത്. ഇവിടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതാണല്ലോ പലരെയും വിഷമിപ്പിച്ചിരുന്നത്. അവർക്ക് ഒരു രക്ഷയുമുണ്ടായിട്ടില്ല എന്ന് കരുതുന്നയാളാണ് ഞാൻ.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന വേളയിൽ പറഞ്ഞ ഒരു കാര്യമുണ്ട്; ഒരു രൂപ ഇന്ത്യ സർക്കാർ ജനങ്ങൾക്കായി നീക്കിവെച്ചാൽ അതിൽ വെറും പത്ത് പൈസയെ ജനങ്ങളിൽ എത്തുന്നുള്ളു എന്ന്. യഥാർഥത്തിൽ കോൺഗ്രസ് ഭരണത്തിലെ പാകപ്പിഴകളും അഴിമതിയുമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങിനെ പറയിച്ചത്. ആ അഴിമതി വിരുദ്ധ നിലപാട് പക്ഷേ രാജീവിന് ഏറെ നാൾ തുടരാനായില്ല; ബൊഫോഴ്‌സ് കുംഭകോണം വന്നപ്പോൾ അദ്ദേഹം അധികാരത്തിൽ നിന്ന് നിഷ്‌കാസിതനായി. ക്വത്തറോക്കിയും ഒരു ഇറ്റാലിയൻ ചതിയുമായിരുന്നു അതെന്ന് കരുതുന്നവർ അന്നും ഇന്നും കോൺഗ്രസിലുണ്ട് താനും. ഇവിടെ നരേന്ദ്ര മോഡി ശ്രമിച്ചത് ആ പ്രശ്നം പരിഹരിക്കാനാണ്; ജനങ്ങൾക്കുള്ളത് അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തുന്ന അവസ്ഥ. സബ്‌സിഡി ആവട്ടെ ധന സഹായമാവട്ടെ എന്തും. അതിനാണ് ആധാറിനെ അദ്ദേഹം പ്രയോജനപ്പെടുത്തിയത്. മോഡി സർക്കാർ നല്ലൊരു കാര്യം ചെയ്തപ്പോൾ അതിനെഎതിർത്ത് തോൽപ്പിച്ചെ തീരു എന്ന് ചിലർ കരുതി. അതാണിപ്പോൾ സുപ്രീം കോടതിവിധിയോടെ പരാജയപ്പെട്ടത്. ഇവിടെ ജയിച്ചത് നരേന്ദ്ര മോദിയാണ്; ഇന്ത്യയിലെ ജനങ്ങളാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമ പോരാട്ടങ്ങളിൽ ഒന്നായിരുന്നു ആധാർ സംബന്ധിച്ചുള്ളത് എന്നതും മറന്നുകൂടാ. 38 ദിവസമാണ് കോടതി ഈ കേസ് കേട്ടത്. കേശവാനന്ദ ഭാരതി കേസാണ് അതിനേക്കാൾ കൂടുതൽ സമയമെടുത്തത്. രാജ്യത്തെ പ്രമുഖ അഭിഭാഷകർ ഒക്കെത്തന്നെ ആധാർ കേസിൽ പങ്കാളിയായി എന്നത് അറിയുമ്പോൾ അതിൽ പലരും കാണിച്ച താല്പര്യം വ്യക്തമല്ലേ. പക്ഷെ അവരൊക്കെ ഇന്നിപ്പോൾ ദുഃഖിതരാവും; പുറത്ത് പറയുന്നില്ലെങ്കിലും. ഈ കേസിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റിവെച്ചിട്ടു തന്നെ ഏതാണ്ട് ഒന്നര മാസവും. ഇന്ത്യയിലെ നീതിന്യായ ചരിത്രത്തിലെ ഈ സുപ്രധാന അധ്യായം ഇനിയും അവസാനിക്കാൻ പ്രയാസമാണ്; കാരണം അഴിമതി തടയാൻ ശ്രമിക്കുന്നത് ഇപ്പോഴും എതിർക്കപ്പെടുമല്ലോ; തട്ടിപ്പ് നടത്തുന്നവർക്ക് എന്നും പല കോണുകളിൽ നിന്നും സംരക്ഷം ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button