ഷാർജ: കൊച്ചുകുട്ടികൾക്ക് സിനിമ അറിയാനും പഠിക്കാനും അവസരമൊരുക്കി വീണ്ടുമൊരു ചലച്ചിത്ര മാമാങ്കത്തിന് ഷാർജ വേദിയാകുന്നു. ആറാമത് ഷാർജ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 14 -ന് തുടങ്ങും.
‘സിനിമയെക്കുറിച്ച് ചിന്തിക്കാം’ എന്ന പ്രമേയവുമായി ആറ് ദിവസം നീളുന്ന മേള ഷാർജ അൽ ജവഹർ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ പുതുമകളോടെയാണ് ഇക്കുറി ചലച്ചിത്രോത്സവം അരങ്ങേറുന്നത്. 54 പ്രീമിയർ പ്രദർശനങ്ങൾ ഉണ്ടാകുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 138 സിനിമകൾ പ്രദർശിപ്പിക്കും. നാല്പതിലധികം ശില്പശാലകൾ മേളയുടെ ഭാഗമായി നടക്കും. ലോകപ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ, താരങ്ങൾ, സംവിധായകർ തുടങ്ങി പ്രമുഖരുടെ ഒരു നീണ്ടനിരതന്നെ മേളയെ സമ്പന്നമാക്കാൻ എത്തുന്നുണ്ട്.
ഷാർജ മീഡിയ ആർട്‌സ് ഫോർ യൂത്ത് ആൻഡ് ചിൽഡ്രൻ (ഫൺ) ആണ് മേളയുടെ സംഘാടകർ. കുട്ടികളുടെയും യുവാക്കളുടെയും അനുഭവസമ്പത്ത് കൂട്ടാനും വ്യക്തിത്വ വികസനത്തിനും കല പോലെ മികച്ചൊരു മാധ്യമമില്ലെന്ന് ഫൺ ഡയറക്ടർ ശൈഖ ജവഹർ ബിൻത് അബ്ദുള്ള അൽ ഖാസിമി പറഞ്ഞു.
Post Your Comments