നിലമ്പൂര്‍: മലയോരത്തെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്‍റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവിലെ സംവിധാനത്തിന് പകരമായി മലയോര മേഖലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിര്‍ദ്ദേശമാണ് പൊലിസ് മേധാവി മുന്നോട്ടുവച്ചിട്ടുള്ളത്.
ആദിവാസി കോളനികളുമായി ബന്ധം സ്ഥാപിക്കുക, മലയോര മേഖലയില്‍ നിന്നുള്ള വിവര ശേഖരണം നടത്തി കൈമാറുക തുടങ്ങിയവയായിരിക്കും പുതുതായി നിയമിക്കുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ ചുമതല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളില്‍ സായുധ പൊലിസിനെ നിയമിക്കുന്നതിന് ഒപ്പം തന്നെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടിയും ഉണ്ടാവും.
സ്റ്റേഷനുകളില്‍ ഇപ്പോഴുള്ള സ്‌പെഷല്‍ ബ്രാഞ്ച് (എസ്ബി), സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് (എസ്എസ്ബി) ഉദ്യോഗസ്ഥര്‍ക്ക് പുറമെയാണ് പുതിയ നിയമനം നടത്തുക. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആഭ്യന്തര സുരക്ഷാ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം മേഖലകളാണ് തൃശൂരിന് കീഴിലുള്ളത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളാണ് കോഴിക്കോടിന്റെ പരിധിയിലുള്ളത്.
ഓരോ ജില്ലയില്‍ നിന്നും രണ്ട് പൊലിസുകാര്‍ വീതമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. മേഖലാ മേധാവികള്‍ക്കാണ് ഇവര്‍ വിവരങ്ങള്‍ കൈമാറുക. മേഖലാ തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിക്കാണ് കൈമാറുന്നത്. എഡിജിപി വിവരങ്ങള്‍ സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിക്കുന്നതിനാല്‍ സംസ്ഥാന പൊലിസ് മേധാവി പലപ്പോഴും അറിയാനാവാത്ത സ്ഥിതിയാണ്.
ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള പ്രവര്‍ത്തനത്തില്‍ സംസ്ഥാന പൊലിസ് മേധാവി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലിസ് മേധാവികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
Post Your Comments