KeralaLatest News

ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കും

ആരോഗ്യ വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

24 ആംബുലന്‍സുകളാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ സേവനം നടത്തുന്നത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനസജ്ജമായി നിരത്തിലുണ്ട്. 9 ആംബുലന്‍സുകള്‍ക്ക് സാരമായ അറ്റകുറ്റപണികള്‍ നടത്തേണ്ടതുള്ളതിനാല്‍ അവ വര്‍ക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ആലപ്പുഴ ജില്ലയില്‍ 18 ആംബുലന്‍സുകളാണുള്ളത്. പ്രളയ സമയത്ത് എല്ലാ ആംബുലന്‍സുകളും പ്രവര്‍ത്തനസജ്ജമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി ആളുകളെ രക്ഷിച്ചത് ഈ ആംബുലന്‍സുകളിലൂടെയാണ്. എന്നാല്‍ വെള്ളത്തിലൂടെ ഓടിയതിനാല്‍ ചില ആംബുലന്‍സുകള്‍ക്ക് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റ പണികള്‍ ഉണ്ടായിട്ടുണ്ട്. അവയുടേയും കേടുപാടുകള്‍ എത്രയും വേഗം പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സമ്പൂര്‍ണ ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആംബുലന്‍സുകളേയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ദേശീയ പാതയിലും സംസ്ഥാന പാതയിലും മറ്റ് പ്രധാന പാതകളിലുമായി 315 പുതിയ ആംബുലന്‍സുകള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തന സജ്ജമാകുന്നതോടെ രോഗികള്‍ക്ക് മികച്ച ആംബുലന്‍സ് സംവിധാനം ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button