KeralaLatest News

കാലം തളര്‍ത്തിയെങ്കിലും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജനീഷ്; ജീവിക്കാന്‍ പ്രേരണയേകുന്ന പ്രതിരൂപം

കടലാസുകൊണ്ട് പേപ്പര്‍ പേനയൊരുക്കി ജീവിതത്തിലെ എത്താക്കോണുകള്‍ കൈയ്യത്തിപ്പിടിക്കുകയാണ് ജനീഷ് എന്ന ചെറുപ്പക്കാരന്‍. ജീവിതത്തോട് പൊരുതി മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ പ്രേരണയേകുകയാണ് ജനീഷ്. കോട്ടയം ജില്ലയിലെ കുമരകം തിരുവാര്‍പ്പ് കണ്ണാടിച്ചാലിലാണ് ഏവര്‍ക്കും പ്രചോദനമാകുന്ന ജനീഷിന്റെ വീട്. 8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജനീഷിന്റെ ജീവിതത്തിലേക്ക് കാലം തീരാദു:ഖം സമ്മാനിച്ചത്. രാത്രി സമയം സുഹൃത്തിന് പകരമായി തെങ്ങില്‍ കള്ള് ചെത്താന്‍ കയറിയതാണ് ജനീഷ്. പെട്ടെന്ന് തെങ്ങില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജനീഷിന്റെ നട്ടെല്ല് പൂര്‍ണമായും തളര്‍ന്നു. ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ പിന്നെയങ്ങോട്ട് വീട്ടിലെ മുറിയിലെ ഒരു ഒഴിഞ്ഞ കോണിലെ കട്ടിലില്‍ തളയ്ക്കപ്പെട്ടു ജനീഷിന്റെ ജീവിതം. അതുവരെ അധ്വാനിച്ച് കുടുംബം പോറ്റിയിരുന്ന ജനീഷ് പിന്നീട് മറ്റുള്ളവരുടെ തണലിലായി. സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും അപ്പോഴും ജനീഷിന് കൈതാങ്ങായി ഒപ്പം നിന്നു.

ദിവസങ്ങള്‍ കടന്നു പോയി കട്ടിലില്‍ ഒറ്റപ്പെട്ടുള്ള എകാന്തത ജനീഷിന് അസ്വസ്ഥതകള്‍ മാത്രം സമ്മാനിച്ചു കൊണ്ടിരുന്നു. ഈ അവസ്ഥയിലും ഒരു തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തണമെന്ന ആഗ്രഹം ജനീഷിന്റെ മനസില്‍ വിത്ത് പാകിക്കൊണ്ടിരുന്നു. അവസാനം ഫെയ്‌സ്ബുക്കിലെ ഹാന്‍ഡിക്രോപ്പ് എന്ന സംഘടനയിലൂടെ ജനീഷിന്റെ സ്വപ്നം പൂവണിഞ്ഞു. ഇന്ന് ജനീഷ് പേപ്പര്‍ പേനയുടെ നിര്‍മ്മാണം സ്വഗൃഹത്തില്‍ ആരംഭിച്ചിരിക്കുകയാണ്. പ്രകൃതിക്ക് യാതൊരു കോട്ടം വരുത്താത്ത വിധമുള്ള പേപ്പര്‍ പേനകളാണ് ജനീഷ് നിര്‍മ്മിച്ച് നല്‍കുന്നത്. മാത്രമല്ല പേനയുടെ ഈടും ഉറപ്പും ഭംഗിയും ജനീഷിന്റെ അതിജീവനം പോല്‍ സത്യം. പേനക്ക് ഒപ്പം വിത്തുകളും ജനീഷ് നല്‍കുന്നു. ആവശ്യക്കാര്‍ക്ക് സ്റ്റിക്കറിന്‍ പേരെഴുതിയും നല്‍കാറുണ്ട്.

സ്‌കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍, ഓഫീസുകള്‍, വിവാഹ സല്‍ക്കാരങ്ങള്‍ ഇവര്‍ക്കൊക്കെ ഉപയോഗിക്കാവുന്നതാണ് ജനീഷ് നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകള്‍. വിവാഹ കാര്‍ഡുകളില്‍ പിന്‍ചെയ്ത് കൊടുക്കുന്നതിനും ഭംഗിയാര്‍ന്ന ഈ പേപ്പര്‍ പേനകള്‍ ഉപയോഗപ്രദമാണ്. ഇരുള്‍ മൂടിയ ജീവിതത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജീവിത പ്രതീക്ഷകളുടെ കടലാസ് പേനകള്‍ ഒരുക്കുകയാണ് ആ മനുഷ്യന്‍.

ജനീഷ് : 81 39 066418,  79 9490 9154

https://www.facebook.com/janeesh.kunjankery/posts/948488052011829?__xts__%5B0%5D=68.ARAAXVdtyXdDdpNNcavZhQFpJbVrvmFBjDySHeRAcW6yYP_7jzw9l3zQYUpQ-1dNZnEenwenKxOERly3tvmpUqpvIdqKA5C9HT88TYxfTr7DR65ptiEdd_nE4geYq7MEkfkmfOJ_Tf2Azde0TXgT5eBg1V5gOWGEwsE37Xbolysu7XH_uXkg&__tn__=-R

shortlink

Post Your Comments


Back to top button