തിരുവനന്തപുരം•ആദ്യ അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനത്തില്‍ ആംഗ്യ ഭാഷയ്ക്ക് അംഗീകാരം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം നിഷിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) സഹകരണത്തോടെ ആംഗ്യഭാഷാ പ്രചാരണത്തിനായി വിവിധ ചാനലുകള്‍ ഒരാഴ്ചയോളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നു. നിഷിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കേരളത്തിലെ പ്രമുഖ ചാനലുകളില്‍ വാര്‍ത്തയോടൊപ്പം ആംഗ്യ പരിഭാഷയും നടത്തികൊണ്ടാണ് ആംഗ്യ ഭാഷ പ്രചരിപ്പിക്കുന്നത്.
അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനത്തോടനുബന്ധിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് 5 ദിവസങ്ങളില്‍ രാവിലെ 8 മണി, ഉച്ചയ്ക്ക് 2 മണി, വൈകുന്നേരം 4 മണി എന്നിങ്ങനേയും കൈരളി ഒരാഴ്ച രാത്രി 7 മണിക്കും മനോരമ ന്യൂസ് രണ്ട് ദിവസം ഉച്ചയ്ക്ക് 2 മണി, 3 മണി എന്നിങ്ങനേയും മാതൃഭൂമി ന്യൂസ് ഞായറാഴ്ച രാത്രി 8 മണിക്കും ഉള്ള വാര്‍ത്തകളില്‍ ആംഗ്യ പരിഭാഷ ഉണ്ടായിരിക്കും. ആംഗ്യഭാഷാ വാരാചരണത്തോടനുബന്ധിച്ച് ന്യൂസ് 18 ചാനലില്‍ 24-ാം തീയതി രാവിലെ 7 മണി മുതല്‍ 8 മണി വരെ പ്രത്യേക പരിപാടിയുമുണ്ടാകും.
ആംഗ്യ ഭാഷയ്ക്കായി നിഷില്‍ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗേജ് ഇന്റപ്രെറ്റേഷന്‍ കോഴ്‌സ് നടത്തിവരുന്നു. ഒരു വര്‍ഷത്തെ ഈ കോഴ്‌സില്‍ 15 സീറ്റുകളാണുള്ളത്.
ആംഗ്യഭാഷയുടെ പ്രാധാന്യം ലോകത്തെല്ലായിടത്തും എത്തിക്കുന്നതിന്റെ ഭാഗമായാണ് ലോക ആംഗ്യഭാഷാ ദിനം സെപ്റ്റംബര്‍ 23ന് ആചരിക്കുന്നത്. ഇതോടൊപ്പം ആംഗ്യഭാഷാ വാരാചരണവും നടത്തുന്നു.
കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായാണ് 1997ല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിഷിന് വളരെയധികം അംഗീകാരം ലഭിച്ചു. ഇതോടൊപ്പം ആംഗ്യ ഭാഷ വികസിപ്പിക്കുന്നതിനും നിഷിന് പ്രധാന പങ്കുണ്ട്. ഇതിന്റെ പ്രാധാന്യം മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും അടുത്തിടെ പിന്മാറിയിരുന്നു.
Post Your Comments