Latest NewsKerala

പ്രളയപ്രദേശങ്ങളിലെ കിണറുകളിലെ ജലത്തിൽ ക്രമാതീതമായ അളവിൽ അമ്ലാംശം കണ്ടെത്തി

തിരുവനന്തപുരം: പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണർ വെള്ളത്തിൽ അമ്ലഗുണം കൂടിയെന്നും ഓക്സിജന്റെ അളവു കുറഞ്ഞെന്നും പഠന റിപ്പോർട്ട്.

ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽ നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്.

കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി. 6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്.

പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്.

വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്. ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും ഫിൽട്ടറിങ്ങും നടത്തിയ വെള്ളം ഉപയോഗിച്ചു തുടങ്ങിയ ശേഷവും പരിശോധന നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button