കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ മോഷണസംഘം തലേദിവസം തന്നെ പ്രദേശത്ത് തമ്പടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പല രീതിയിലാണ് എല്ലാവരുമെത്തിയതെന്നും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് ഇവർ തമ്പടിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ആറാംതീയതിയാണ് കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ കവർച്ച നടന്നത്. അഞ്ചിന് വൈകിട്ടാണ് ഇവർ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടുപേരാണ് ആദ്യം സ്റ്റേഷനിലുണ്ടായിരുന്നത്. ഇവർ കുറേനേരം സ്റ്റേഷനിലിരുന്നു. ഏറെ സമയം കഴിഞ്ഞ് രണ്ടുവഴികളിൽ നിന്നായി രണ്ടുപേർകൂടി എത്തി. വിനോദ് ചന്ദ്രന്റെ മൊഴിയനുസരിച്ച് അധികം ഉയരമില്ലാത്ത യുവാക്കളാണ് കവർച്ച നടത്തിയത്. ഈ മൊഴിയുമായി സാമ്യമുള്ളവരാണ് റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഹിന്ദിയിലായിരുന്നു ഇവർ സംസാരിച്ചത്. ഈ സംഘത്തിന്റെ ഒത്തുചേരലിൽ അവിടെയുണ്ടായിരുന്ന ചിലർക്ക് സംശയം തോന്നിയിരുന്നു. അന്വേഷിച്ചപ്പോൾ എറണാകുളത്ത് വെള്ളപ്പൊക്കമായതിനാലാണ് കണ്ണൂരിലേക്ക് വന്നതെന്നായിരുന്നു വിശദീകരണം. ഇതിൽ നിന്ന് സംഘം എറണാകുളത്തു നിന്നാകും കണ്ണൂരിലേക്ക് വന്നതെന്ന നിഗമനത്തിലാണ് പോലീസ്.
കേരളത്തിലെ സ്ഥലങ്ങൾ ഏറെയൊന്നും പരിചയമില്ലാത്തവരായിരിക്കും ഇവർ. ആദ്യ ചോദ്യത്തിൽ തന്നെ എറണാകുളത്തു നിന്നാണ് വരുന്നതെന്ന് പറഞ്ഞതിനാൽ അത് ശരിയായിരിക്കാനാണ് സാധ്യത. ഇതേസംഘം നേരത്തേ കവർച്ച നടത്തിയതും എറണാകുളത്തായിരുന്നു. പ്രളയം കാരണമാണ് കണ്ണൂരിലേക്കു വന്നത് എന്നതുമാത്രമാകും കളവെന്നാണ് പോലീസ് സംശയിക്കുന്നത്.
കണ്ണൂർ സിറ്റിയിൽ തന്നെ തമ്പടിച്ചതും എല്ലാവരും മുൻകൂട്ടി നിശ്ചയിച്ചതു പോലെ ഒന്നിച്ചതും എന്തെങ്കിലും പ്രാദേശിക സഹായത്തോടെയാണോയെന്നും സംശയമുണ്ട്.
ഫോൺ വിശദാംശങ്ങൾ പരിശോധിക്കാൻ ആവശ്യമായ വിവരങ്ങൾ ഉടൻ നൽകുമെന്ന് ടെലികോം കമ്പനികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Post Your Comments