KeralaLatest News

‘തകർന്നു വീണ വീടും, ക്യാൻസർ ബാധിച്ചു മരിച്ച ഭർത്താവും, നഷ്ടത്തിലായ ചായക്കടയും’ : നിമിഷ നേരം കൊണ്ട് കോടീശ്വരിയായ വത്സല ഇതുവരെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടതകൾ

നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടല്‍ ഇപ്പോഴും മാറാതെ വത്സല പറയുന്നു.

തൃശൂര്‍: പ്രാരാബ്ദങ്ങളൊഴിഞ്ഞു നേരമില്ലാതെയിരുന്ന വത്സലയ്ക്ക് ഇപ്പോൾ താൻ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്ന ചിന്തയാണ്. തൃശൂര്‍ വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വത്സലയെയാണ് ഇത്തവണ തിരുവോണ ബംബറിലെ ഭാഗ്യദേവത കടാക്ഷിച്ചത്. തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി ലഭിക്കുമ്പോള്‍ വത്സല പരാധീനതകളുടെ കാലം കഴിഞ്ഞെന്ന് തിരിച്ചറിയുകയാണ്. ആദ്യം കടങ്ങള്‍ തീര്‍ക്കണം. ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം നാടായ ചിറ്റിലപ്പള്ളിയില്‍ സ്ഥലം വാങ്ങണം, ഒരു വീട് വയ്ക്കണം.

ഇളയ മകന്‍ വിപിന്റെ കല്യാണം നടത്തണം. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞ് നിസ്സഹായരായ കുറച്ചു പേരെ സഹായിക്കണം-ഇതൊക്കെയാണ് വത്സലയുടെ ആഗ്രഹങ്ങൾ. കഴിഞ്ഞ ആറു വര്‍ഷമായി വല്‍സല ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം മക്കളോടൊപ്പം വാടക വീട്ടിലേക്കു താമസം മാറി. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം അന്നുമുതലേ കൂടെയുണ്ട്. ആ ആഗ്രഹമാണ് ലോട്ടറി ടിക്കറ്റുകളെടുക്കാന്‍ പ്രേരണയായത്. വത്സല പറയുന്നു. 

നാല്‍പ്പതുദിവസം മുമ്പ് പേരക്കുട്ടിയെ ആശുപത്രിയില്‍ കണ്ട് മടങ്ങുംവഴി വാങ്ങിയ ഓണം ബമ്പറാണ് അടാട്ട് വിളക്കുംകാലില്‍ താമസിക്കുന്ന വത്സലയ്ക്ക് ഭാഗ്യമെത്തിക്കുന്നത്. സ്ഥിരം ടിക്കറ്റുകള്‍ എടുക്കുന്ന മുരളീധരനില്‍ നിന്നു തന്നെയാണ് ഓണം ബംബര്‍ എടുത്തത്. വീടുവെയ്ക്കാന്‍ തക്കവിധമുള്ള ഒരു തുക സമ്മാനമായി ലഭിക്കണമെന്ന സ്ഥിരം പ്രാര്‍ത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിലുമപ്പുറത്തേക്ക് കാര്യങ്ങളെത്തി. വത്സലയുടെ മൂത്തമകന്‍ വിനീഷിനാണ് കുഞ്ഞ് പിറന്നത്.

കുഞ്ഞിനെ കണ്ട് മകള്‍ വിധുവിന്റെ നെല്ലങ്കരയിലെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് പടിഞ്ഞാറേക്കോട്ടയിലിറങ്ങി ടിക്കറ്റെടുത്തത്. ഫലം പ്രഖ്യാപിച്ച ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഇന്റര്‍നെറ്റിലൂടെയാണ് ഫലം നോക്കിയത്. ഒന്നാംസമ്മാനമുണ്ടെന്ന് വിശ്വസിക്കാനായില്ല. കള്ളന്മാരെ ഭയന്നാണ് ബുധനാഴ്ച ഇക്കാര്യം ആരോടും പറയാതിരുന്നത്. മൂത്തമകന്‍ വിനീഷ് പവര്‍ ടൂള്‍സ് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ്. രണ്ടാമത്തെ മകന്‍ വിപിന്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റിങ് ജീവനക്കാരനാണ്. മകള്‍ വിധു വീട്ടമ്മയും. സമ്മാനത്തുക എന്ന് കിട്ടുമെന്ന് അറിയില്ല.

ആദ്യം ഒരു വീട് സ്വന്തമാക്കണം, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കും. ജീവിതമാര്‍ഗമായിരുന്ന ചായക്കട നഷ്ടത്തിലായപ്പോള്‍ നാലുവര്‍ഷംമുമ്പ് പൂട്ടേണ്ടിവന്നു. ഭര്‍ത്താവ് വിജയന്‍ അര്‍ബുദം ബാധിച്ച്‌ രണ്ടുവര്‍ഷംമുമ്പ് മരിച്ചു. ചിറ്റിലപ്പിള്ളി അന്തിലങ്കാവ് റോഡിലെ സ്വന്തം വീട് പുതുക്കിപ്പണിയാന്‍ പൊളിച്ചെങ്കിലും പണം തികയാത്തതിനാല്‍ പൂര്‍ത്തിയായില്ല. ഇപ്പോള്‍ താമസിക്കുന്നത് മൂന്നാമത്തെ വാടകവീട്ടിലാണ്-വത്സല പറയുന്നു.

വല്‍സലയുടെ അച്ഛന്‍ ശങ്കരന് 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഇതോടെയാണ് വല്‍സലയും ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം തുടങ്ങിയത്.മൂത്ത മകന്‍ വിനീഷ് കട നടത്തുകയാണ്. അവിടേക്ക് ഇളയ മകന്‍ വിപിന്‍ എത്തി. നെറ്റില്‍ ഓണം ബമ്പര്‍ പ്രഖ്യാപിച്ച വിവരം കണ്ടു. ആദ്യം തന്നെ ഒന്നാം സമ്മാനത്തിന്റെ ലോട്ടറി നമ്പര്‍ നോക്കി. അത് കണ്ടതും വിപിന്‍ സ്തംഭിച്ചുപോയി. അമ്മ എടുത്ത ടിക്കറ്റിന്റെ അതേ നമ്പര്‍. ഉടന്‍ തന്നെ വീട്ടിലെത്തി വിനീഷും വിപിനും അമ്മയോട് വിവരം പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല.

നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടല്‍ ഇപ്പോഴും മാറാതെ വത്സല പറയുന്നു.ജില്ലയിലെ പന്ത്രണ്ടോളം ബാങ്കുകളില്‍ നിന്നുള്ളവരാണ് നിക്ഷേപ ആവശ്യവുമായി എത്തിയതെന്ന് മകന്‍ വിനീഷും പറയുന്നു. പക്ഷേ ലോട്ടറി അടിച്ചു എന്ന അഹങ്കാരം ഒന്നും ഒരിക്കലും ഇല്ലെന്നും എല്ലാത്തിനും ദൈവത്തിനോടാണ് നന്ദിയെന്നും ഈ വീട്ടമ്മ വ്യക്തമാക്കുന്നു.ഭര്‍ത്താവ് മരിച്ച ശേഷം വത്സല സ്വന്തം വീട് തകര്‍ന്ന് വീണതോടെയാണ് മൂന്നു മക്കളെയുംകൊണ്ട് വാടകവീട്ടിലേക്ക് മാറിയത്. ചിറ്റിലപ്പള്ളിയില്‍ തകര്‍ന്ന വീടിനുപകരം പുതിയ വീട് വത്സലക്ക് ഇനി വേഗത്തില്‍ പണി തീര്‍ക്കാം. 

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സിയുടെ ഭാഗമായാണ് മുരളീധരന്‍ ടിക്കറ്റ് വിറ്റത്. ലോട്ടറി വില്‍പന തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് ഇത്ര വലിയൊരു തുക താന്‍ വിറ്റ ടിക്കറ്റിനു സമ്മാനമായി ലഭിക്കുന്നതെന്ന് മുരളീധരന്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വത്സല മുരളീധരനില്‍ നിന്നു ഭാഗ്യക്കുറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. വിളപ്പുംകാല്‍ എന്ന സ്ഥലത്തു വച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വത്സല വാങ്ങിയത്.

തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് ബംബര്‍ സമ്മാനം ലഭിച്ചത്. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിക്ക് അര കോടി രൂപ കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button