സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ദേശീയ രജ്സ്ട്രി പുറത്തിറക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലൈംഗിക കുറ്റവാളികളുടെ പേരുകള്‍, ഫോട്ടോഗ്രാഫുകള്‍, റസിഡന്‍ഷ്യല്‍ അഡ്രസ്, വിരലടയാളങ്ങള്‍, ഡിഎന്‍എ സാമ്പിളുകള്‍, പാന്‍ ആധാര്‍ നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് രജിസ്ട്രി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനവും ഫലപ്രദവുമായ നടപടികളുമായി മുന്നോട്ട് വരുന്നത് പ്രതീക്ഷ നല്‍കുന്നു. 4.5 ലക്ഷം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ ആദ്യമായി കേസുകളില്‍ ഉള്‍പ്പെട്ടവര്‍ , ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവരെ വേര്‍തിരിച്ച് രേഖപ്പെടുത്തിയായാണ് പട്ടികതിരിച്ചായിരിക്കും രജ്സ്ട്രി പുറത്തിറക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈംഗിക കുറ്റവാളികളെ കുടുക്കാന്‍ പൊലീസിനെ സഹായിക്കുന്നതാകും ഇത്.
ഇതിനൊടൊപ്പം തന്നെ എത്തിയ സുപ്രീംകോടതി ഉത്തരവും ശ്രദ്ധേയമാണ്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ ചിത്രമോ പരസ്യപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. അതേസമയം ലൈംഗികാതിക്രമ കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കോടതി എതിര്‍ക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ അധികാരകേന്ദ്രങ്ങളും നീതി വ്യവസ്ഥയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും നിയമം കര്‍ക്കശമാക്കിയിട്ടും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുകതന്നെയാണ്. ലൈംഗക കുറ്റവാളികളെ കണ്ടെത്തി തടവിലാക്കാനും വിധി കല്‍പ്പിക്കാനും നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന കന്യാസ്ത്രീ പീഡനം പോലുള്ള കേസുകളില്‍ ഇത് ഫലപ്രദമാകുന്നില്ല.
പ്രതിസ്ഥാനത്ത് സമൂഹത്തിലെ ഉന്നതരോ അറിയപ്പെടുന്നവരോ ആണെങ്കില്‍ ചോദ്യം ചെയ്യലിനും അറസ്റ്റിനും കാലതാമസം ഉണ്ടാകുമെന്ന് മാത്രമല്ല പലപ്പോഴും തെളിവുകള്‍ പോലും അവശേഷിക്കാത്ത വിധം ഈ കേസുകളില്‍ നിന്ന് അവര്‍ രക്ഷപ്പെടുകയും ചെയ്യും. സൂര്യനെല്ലി, വിതുര, കിളിരൂര്‍ കേസുകള്‍ അതിന് പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. കേസും വിചാരണയും മടുത്ത് മാനസികമായി തകര്‍ന്നുപോകുന്ന ഇരകളെ സ്വമേധയാ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഇവരുടെ തന്ത്രം. ആ തന്ത്രം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പ്രതികളും അവരെ സഹായിക്കുന്നവരും വളരെ പെട്ടെന്ന് തന്നെ വിജയിക്കുന്നു. അതുകൊണ്ടാണ് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്നത്. 2016 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 3,29,243 ല്‍ നിന്ന് 3,38,954 ആയി വര്‍ധിച്ചു എന്ന കണക്ക് ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.
കേരളത്തിലെ ഒന്നരക്കോടിയിലധികം വരുന്ന സ്ത്രീകള്‍ വര്‍ത്തമാന സമൂഹത്തില് ഇനി എവിടെയാണ് അവരെ അടയാളപ്പെടുത്തേണ്ടതെന്ന ചോദ്യമുനമ്പിലാണ് ഇപ്പോഴും. അടിച്ചമര്ത്തലിന്റെയും പീഡനങ്ങളുടെയും പ്രകടരൂപങ്ങള്‍ ഒരു മാറ്റവുമില്ലാതെ സ്ത്രീ ജീവിതങ്ങളില്‍ തെളിഞ്ഞു കാണുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെണ്‍കുട്ടികള്‍ 24 മണിക്കൂറും പലവിധ തുറിച്ചുനോട്ടങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും ശാരീരിക ആക്രമണങ്ങള്‍ക്കും വിധേയമാവുമ്പോള്‍ ഒട്ടും സ്ത്രീ സൗഹൃദകരമല്ലാത്ത സമൂഹത്തില്‍ സ്ത്രീ സുരക്ഷ എന്നത് വലിയ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. പൊതുവെ കയ്യൂക്കൂള്ള ഒരു വിഭാഗം അല്ലെങ്കില് വര്ഗ്ഗം മറുവശത്ത് തന്നെക്കാള്‍ ദുര്‍ബലരാണ് ഉള്ളതെന്ന തോന്നലുണ്ടാവുമ്പോഴാണ് അവരെ ആക്രമിക്കുന്നതിനും അവരുടെ വേദനകള്‍ ക്രൂരമായി ആസ്വദിക്കുന്നതിനും അക്രമികള്‍ മുതിരുന്നത്.
പത്തും പതിനാലും വര്‍ഷം കഴിഞ്ഞും സ്ത്രീ പീഡനക്കേസുകളില്‍ പ്രതികള് ശിക്ഷിക്കപ്പെടാത്തതും, സാംസ്‌കാരികോന്മുഖമായ സ്ത്രീപീഡനനയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും മാറി മാറി വരുന്ന സര്ക്കാരുകള് പരാജയപ്പെടുന്നതും, സ്ത്രീപീഡനങ്ങള്‍ വര്ധിക്കുന്നതിനിടയാക്കുന്നു. ഒപ്പം അവള്‍ ഒച്ചവെച്ചില്ലെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും നിരീക്ഷിക്കുന്ന കോടതികളും സമൂഹവും ഉള്ളിടത്തോളം കാലം സ്ത്രീകള്‍ക്കതിരായ ഇത്തരം ആക്രമണങ്ങള് തുടര്‍ന്നുകൊണ്ടിരിക്കും. ലൈംഗിക കുറ്റവാളികളുടെ ദേശീയ രജിസ്ട്രിയില്‍ ഇടം പിടിക്കാത്ത കൊടും കുറ്റവാളികള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെയും അലംകരിക്കുന്ന സ്ഥാനത്തിന്റെയും സമ്പത്തിന്റെയും പേരില്‍ നിയമത്തിന് അതീതനാകുമ്പോള്‍ സ്ത്രീകള്‍ സ്വയം ജാഗരൂകരാകണം. ഭരണ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥയും നല്‍കുന്ന സുരക്ഷയില്‍ സമാധാനിക്കാനാകില്ല നിങ്ങള്‍ക്ക്. അകവും പുറവും സൂക്ഷിക്കാന്‍ സ്വയം ജാഗ്രത്തായിരിക്കാന്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ മനസും ശരീരവും സജ്ജമാക്കിയാലേ ഈ സമൂഹത്തില്‍ മുന്നോട്ട് പോകാനാകൂ.
Post Your Comments