Latest NewsIndia

ഗണേശനേയും ചുമന്ന് അവര്‍ ട്രാക്കിലേക്ക്; ചുവന്ന കൊടിയുമായി റെയില്‍വേ

റെയില്‍വേയുടെയോ നഗരസഭയുടെയോ താക്കീതോ വിലക്കോ കണക്കിലെടുക്കാതെ കൂസലില്ലാതെ വരിയായാണ് ഇവര്‍ ട്രാക്ക് മുറിച്ചു കടക്കുന്നത്.

ഗണേശോത്സവത്തിനൊടുവില്‍ പതിവുപോലെ അവര്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്കിറങ്ങി. ചുവന്ന കൊടിയുമായി റെയില്‍വേ ജീവനക്കാര്‍ ജാഗരൂകരായി.

മഹാരാഷ്ട്രയിലെ താക്കൂര്‍ലി, കചോര്‍, ഖമ്പല്‍പാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണരാണ് പൂജകള്‍ക്ക് ശേഷം നിമഞ്ജനത്തിനായി ഗണേശവിഗ്രഹവും തലയില്‍ ചുമന്ന് കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്കിറങ്ങുന്നത്. റെയില്‍വേയുടെയോ നഗരസഭയുടെയോ താക്കീതോ വിലക്കോ കണക്കിലെടുക്കാതെ കൂസലില്ലാതെ വരിയായാണ് ഇവര്‍ ട്രാക്ക് മുറിച്ചു കടക്കുന്നത്. വിവിധ വാദ്യോപകരണങ്ങളും ഇവര്‍ക്ക് അകമ്പടി സേവിച്ചുണ്ടാകും.

തങ്ങള്‍ കാലങ്ങളായി ചെയ്യുന്ന ആചാരമാണിതെന്നും അതിന് തടസ്സപ്പെടുന്നതുന്നതൊന്നും ബാധകമല്ലെന്നുമാണ് ഗ്രാമീണരുടെ വാദം. നിമഞ്ജനത്തിന് കൃത്യമായ മുഹൂര്‍ത്തമുള്ളതിനാല്‍ ട്രെയിന്‍ വരുന്ന സമയം ഒഴിവാക്കാനൊന്നും ഇവര്‍ തയ്യാറല്ല. അതേസമയം ഗണേശഭക്തര്‍ കൂട്ടത്തോടെ പാളം മുറിച്ചുകടക്കുവാനെത്തുന്നതിനാല്‍ ട്രെയിനുകളുടെ സ്പീഡ് കുറച്ച് റെയില്‍വേ കരുതലോടെ കാത്തിരിക്കുകയും വേണം.

റെയില്‍വേപ്പാളം മുറിച്ച് കടന്നാല്‍ മീറ്ററുകള്‍ക്കപ്പുറം നിമഞ്ജനത്തിനുള്ള ജലാശയമുണ്ട്. അതേസമയം ട്രാക്കിലൂടെയല്ലാതെ ഇവിടെയെത്താന്‍ ആറ് കിലോമീറ്ററോളം ഇവര്‍ക്ക് സഞ്ചരിക്കേണ്ടിവരുമെന്നും പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമീണരുടെ ആചാരത്തിന് തടസം വരാതിരിക്കാന്‍ മേല്‍പ്പാലമോ സബ് -വേയോ പണിയെണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനം റെയില്‍വേയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ റെയില്‍വേ ഗേറ്റില്ലാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. നിയമം ലംഘിച്ച് പാളം മുറിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം.

എന്നാല്‍ നിയമനടപടികളെ തെല്ലും കൂസാതെ പതിവ് തെറ്റാതെ എല്ലാ കൊല്ലവും ഗ്രാമീണര്‍ ഗണേശനേയും വഹിച്ച് കൂട്ടത്തോടെ പാളം മുറിച്ചു കടക്കാനെത്തുന്നു. പണ്ട് തങ്ങള്‍ വള്ളത്തില്‍ സഞ്ചരിച്ചിരുന്ന സ്ഥലമാണിതെന്നും പിന്നീടാണ് റെയില്‍വേപ്പാളം വന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button