Latest News

കേരളത്തില്‍ നിക്ഷേപം നടത്തുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും: മന്ത്രി ഇ.പി. ജയരാജന്‍

കൊറിയന്‍ അംബാസഡര്‍ മന്ത്രിയെ സന്ദര്‍ശിച്ചു

കേരളത്തില്‍ വ്യവസായരംഗത്തു നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കുമെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കൊറിയന്‍ അംബാസഡര്‍ ബോംഗ്-കി ഷിന്‍, പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

കേരളത്തില്‍ സമീപകാലത്ത് നിക്ഷേപക സൗഹൃദ സമീപനവും ലളിത നടപടിക്രമങ്ങളും ആവിഷ്‌കരിച്ചതിനാല്‍ വിദേശ സംരംഭകര്‍ വിവിധ രംഗങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യപ്പെട്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയും കൊറിയയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താത്പര്യങ്ങള്‍ക്ക് വളരാന്‍ പ്രചോദനം നല്‍കുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിയുടെ കുറവും കേരളം നേരിടുന്ന വലിയ പ്രശ്നമാണെന്നതിനാല്‍ പരിസ്ഥിതി സൗഹൃദമായതും മലിനീകരണ സാധ്യതകള്‍ കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനാണ് സംസ്ഥാനം താത്പര്യപ്പെടുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ നിക്ഷേപക സൗഹൃദമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2018 ജൂലൈയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന് ആറാം റാങ്കാണ്. 2017ല്‍ അത് ഏഴും 2016ല്‍ പത്തുമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ നയം പ്രധാനമായും ഇലക്ട്രോണിക്സ്, പ്രതിരോധം, ഭക്ഷ്യസംസ്‌കരണം, ഐടി-ലൈഫ് സയന്‍സ് പാര്‍ക്കുകള്‍ എന്നിവയ്ക്കാണ്. വ്യവസായാവശ്യത്തിനുള്ള ഭൂമിവിതരണവും ഭൂമി പാട്ടവ്യവസ്ഥകളും വളരെ ഉദാരമായി നടക്കുകയാണ്. കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ആറു ജില്ലകളിലൂടെ കടന്നുപോകുന്നതിനാല്‍ വടക്കന്‍ കേരളത്തിന്റെ വികസനത്തിന് വന്‍ സാധ്യതകള്‍ ഉണ്ടായിരിക്കുകയാണ്.

തുറമുഖ നിര്‍മാണം, കപ്പല്‍ റിപ്പയര്‍ യാഡ്, ഇലക്ട്രോണിക് ഹബ്ബുകള്‍, പവര്‍ യൂണിറ്റുകള്‍, ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളില്‍ കേരളം കൂടുതല്‍ നിക്ഷേപങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണെങ്കിലും കേരളം വ്യാവസായിക വളര്‍ച്ചയ്ക്കായി പോസിറ്റീവായ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണെന്നും കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ ഭാഗമാകാന്‍ കൊറിയയ്ക്കു താത്പര്യമുണ്ടെന്നും കൊറിയന്‍ അംബാസഡര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button