തിരുവനന്തപുരം: പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ ഇടക്കാല പഠന റിപ്പോർട്ട് ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
8 ജില്ലകളിലെ കിണറുകളിൽ ജലനിരപ്പ് 2 മീറ്ററോളം താഴ്ന്നിട്ടുണ്ട്. പ്രളയ സമയത്തെ കുത്തൊഴുക്കിൽ പുഴകളിലെ മണ്ണും മണലും ഒലിച്ചുപോയി, പുഴകൾ മെലിഞ്ഞു. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകി. ഇതാണ് നദീതട ജില്ലകളിലെ കിണറുകളിൽ വെള്ളം കുറയാൻ കാരണം. പുഴകളിലെ വെള്ളം ഉയരുന്നതിനുസരിച്ച് കിണറുകളിലെയും വെള്ളം കൂടും. തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താമെന്നാണ് നിഗമനം.
1186 കിണറുകളിലാണ് കേന്ദ്ര ഭൂഗർഭ ജല ബോർഡ് പഠനം നടത്തിയത്. ഇതിൽ 688 കിണറുകളിൽ വെള്ളം രണ്ട് മീറ്റർ വരെ കുറഞ്ഞതായി കണ്ടെത്തി. പമ്പ, പെരിയാർ, ചാലക്കുടി, ഭാരതപ്പുഴ എന്നീ നദീതടങ്ങളിൽ പ്രത്യേക പഠനം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര ഭൂഗർഭ ജലബോർഡ്.
Post Your Comments