കൊച്ചി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ചാരക്കേസിലെ വിധിക്ക് മുന്നേ മരണം കവർന്ന ഒരാളുണ്ട്. ഒരു പക്ഷേ നീതിയുടെ വിധിക്കായി കാത്തു നിൽക്കാതെ ജീവിതത്തിന്റെ വിധിക്ക് കീഴടങ്ങിയൊരാൾ. ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട വടക്കന്‍ പറവൂര്‍ നന്ത്യാട്ടുകുന്നം ചാപ്പാറയില്‍ വീട്ടില്‍ കെ ചന്ദ്രശേഖര്‍ (76) ആണ് മരണത്തിന് കീഴടങ്ങിയത്. സുപ്രീംകോടതി വിധി വരുന്നതിന‌് ഒരുമണിക്കൂര്‍ മുമ്പാണ‌് ചന്ദ്രശേഖര്‍ കോമയിലായത‌്.
രാജ്യദ്രോഹകുറ്റം ചുമത്തി കേസില്‍ പ്രതിയാക്കപ്പെട്ടപ്പോള്‍ പുറംലോകത്തു നിന്ന‌് സ്വയം ഉള്‍വലിയുകയായിരുന്നു ചന്ദ്രശേഖര്‍. ഇന്ത്യയുമായി ബഹിരാകാശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന റഷ്യന്‍ ബഹിരാകാശ ഗവേഷണ കമ്പനിയായ ഗ്ലാവ‌്കോസ‌്മോസിന്‍റെ ഇന്ത്യയിലെ ലെയ‌്സണ്‍ ഓഫീസറായിരുന്നു കെ ചന്ദ്രശേഖര്‍. എന്നാല്‍, പൊലീസും ഐ.ബി ഉദ്യോഗസ്ഥരും , രാഷ‌്ട്രീയക്കാരും ചേര്‍ന്ന‌് സൃഷ്ട്ടിച്ച ചാരക്കേസില്‍ ചന്ദ്രശേഖര്‍ ബംഗളൂരുവിലെ വ്യവസായിയായി ചിത്രീകരിക്കപ്പെട്ടു. ഇന്ത്യയുടെ മിസൈല്‍ ടെക‌്നോളജി പാകിസ്ഥാനിലേക്ക‌് കടത്തിയെന്ന കേസില്‍ ഐഎസ‌്‌ആര്‍ഒ ശാസ‌്ത്രജ്ഞന്‍ നമ്പി നാരായണനൊപ്പം ചന്ദ്രശേഖറിനെയും പ്രതിചേര്‍ക്കുകയായിരുന്നു. അങ്ങനെ കുറ്റം ചെയ്യാതെ കുറ്റവാളിയായ ചന്ദ്രശേഖര്‍ ജീവിതത്തിൽ ഒറ്റപ്പെടുകയായിരുന്നു.
റഷ്യന്‍ സഹകരണത്തോടെയാണ‌് നമ്പി നാരായണന്‍ തദ്ദേശീയമായി ക്രയോജനിക‌് സാങ്കേതിക വിദ്യ വികസിപ്പിച്ചത‌്. അതുകൊണ്ടുതന്നെ ഗ്ലാവ‌്കോസ‌്മോസിന്‍റെ ഇന്ത്യന്‍ പ്രതിനിധികളുമായുള്ള ആശയവിനിമയവും പതിവായിരുന്നു. ചന്ദ്രശേഖറുമായി നമ്പി നാരായണന്‍റെ പരിചയവും ഇതാണ‌്. ഈ പരിചയമാണ‌് പൊലീസിന്‍റെ ഭാവനയില്‍ ചാരക്കേസിലെ കൂട്ടുകെട്ടായി മാറിയത‌്. നമ്പി നാരായണനൊപ്പം ജയിലിലും കിടന്നു ചന്ദ്രശേഖര്‍. ഭാര്യ വിജയമ്മയും പൊലീസിന്‍റെ ചോദ്യം ചെയ്യലിന‌് വിധേയയാകേണ്ടി വന്നു. മാനസികമായി ഉണ്ടായ ആഘാതങ്ങൾ താങ്ങാനാകാതെ ബാംഗ്ലൂരിലെ വീട്ടിൽ ഒതുങ്ങുകയായിരുന്നു.
കേസും അറസ‌്റ്റുമായതോടെ ചന്ദ്രശേഖറിന്‍റെ മനോനില തന്നെ തകര്‍ന്നു. അതുവരെ രണ്ടുമാസത്തിലൊരിക്കലെങ്കിലും നന്ത്യാട്ടുകുന്നത്തെ വീട്ടിലെത്തി ബന്ധുക്കളെക്കണ്ട‌് മടങ്ങിയിരുന്നു ചന്ദ്രശേഖറും ഭാര്യയും. പ്രതിയാക്കപ്പെട്ട ശേഷം ഇവരുടെ വീട്ടിലേക്ക‌് നാട്ടുകാരുടെ കല്ലേറും ബന്ധുക്കളുടെ നേര്‍ക്ക‌് കൂക്കിവിളിയുമൊക്കെയുണ്ടായി. അറസ‌്റ്റും ലോക്കപ്പ‌്, കസ‌്റ്റഡി മര്‍ദനങ്ങളും കൊടിയ പീഡനങ്ങളുമൊക്കെയായപ്പോള്‍ ചന്ദ്രശേഖര്‍ പാടേ തകര്‍ന്നു. പിന്നീടൊരിക്കലും അവര്‍ നാട്ടിലെത്തിയിട്ടില്ല. സൃഷ്ട്ടിച്ചെടുത്ത ഇല്ലാ കഥ തകർത്ത ജീവിതത്തിലെ നായകനായി ഇനി ചന്ദ്രശേഖറില്ല. ജീവിത യാത്രയിൽ താങ്ങായിരുന്ന പത്നി വിജയമ്മ ഇനി ഒറ്റക്കാണ്.
Post Your Comments