ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച് ഹര്‍ജി സുപ്രീം കോടതി തള്ളി. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ വിറ്റ ഭൂമിയും തിരിച്ചു പിടിക്കാന്‍ അന്നത്തെ സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഹാരിസണ്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ ഭൂസംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സിവില്‍ കോടതികളാണ് ഇക്കാര്യം തീര്‍പ്പാക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തി 38,000 ഏക്കര്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടതിനെതിരെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡും ഇവരില്‍ നിന്ന് ഭൂമി വാങ്ങിയവരും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ഏപ്രിലില്‍ വിധി പ്രസ്താവിച്ചത്.
എന്നാല്‍ ഈ വിധിയ്ക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഒത്തുകളിച്ചാണ് സര്‍ക്കാര്‍ ഹാരിസണ്‍ കേസ് തോറ്റ് കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധി നിരാശാജനകമാണെന്നും പരിശോധിക്കണമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. അതേസമയം രജിസ്റ്റര്‍ ചെയ്ത ആധാരവും കരം അടച്ച രസീതുമൊക്കെയുള്ളവരില്‍ നിന്ന് ഉചിതമായ നിയമനടപടിയിലൂടെയല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Post Your Comments