KeralaLatest News

ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ ജയിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം – അഡ്വ.ഫിലിപ്പ് എം. പ്രസാദ്

തിരുവനന്തപുരം•പ്രമുഖ ഗാന്ധിമാർഗ്ഗ – മനുഷ്യാവകാശ പ്രവർത്തകനും പ്രകൃതി ചികിത്സകനും ആയ ഡോ. ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ കേരളത്തിലെ ജയിലിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അഡ്വ.ഫിലിപ്പ് എം. പ്രസാദ് പ്രസ്ഥാവിച്ചു. സെക്രട്ടറിയേറ്റ് നടയിൽ നടന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ ധർണ്ണയിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മന്ത്രിയും ഡോക്ടർമാരും ജനങ്ങളോട് പറയാതെ ഒളിച്ചുവച്ച അലോപ്പതി ശാസ്ത്രഗ്രന്ഥങ്ങളിലെ സത്യങ്ങളും അഭിപ്രായങ്ങളും ജനങ്ങളെ അറിയിയ്ക്കുവാൻ ശ്രമിച്ച ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത് ഭരണകൂട ഫാസിസമാണെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (NFF) ജനറൽ സെക്രട്ടറി ടി.പീറ്റർ പറഞ്ഞു.

പ്രകൃതിദുരന്തത്തിൽപെട്ടവരുടെയിടയിൽ ഡോക്സി സൈക്ലിൻ പോലുള്ള അലോപ്പതി പ്രതിരോധ മരുന്ന് കഴിക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് ചെങ്ങന്നൂരിലെ സാമൂഹിക പ്രവർത്തകനായ പി.എസ്. എബ്രഹാം വിശദമാക്കി.

കഴിഞ്ഞ 48 വർഷമായി യാതൊരു മരുന്നും കഴിക്കാതെയും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാതെയും പൂർണ്ണ ആരോഗ്യവാന്മാരായി കഴിയുന്ന പ്രകൃതിജീവനം നയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന കാര്യം ഭരണകർത്താ ക്കളും ആരോഗ്യ വകുപ്പും അറിയണമെന്ന് പ്രൊഫ. പി.ജി. പണിക്കർ പ്രസ്താവിച്ചു . പനി പോലുള്ള അസുഖം വന്നാൽ 5 -7 ദിവസം കരിക്കിൻ വെള്ളവും പഴച്ചാറും കഴിച്ച് വിശ്രമിച്ചാൽ മതിയാകും. അദ്ദേഹം പറഞ്ഞു.

ഭാരത സർക്കാർ അംഗീകരിച്ച ആറു് ചികിത്സാ സമ്പ്രദായ ങ്ങളിൽ ഒന്നു മാത്രമാണ് അലോപ്പതിയെന്നും മറ്റു ചികിത്സാ സമ്പ്രദായങ്ങളെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രയോജനപ്പെടുത്താതെ ഒഴിവാക്കപ്പെടുന്നത് അനീതിയാണെന്നും IMA യുടെ ഭരണം അംഗീകരിക്കുവാൻ കഴിയുന്നതല്ലെന്നും IPYHA ഡയറക്ടർ യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ പറഞ്ഞു.

ജനാരോഗ്യ പ്രസ്ഥാനം, സ്വാസ്ഥ്യ കേരളം, ഗവ. ഓഫ് ഇന്ത്യാ സർട്ടിഫൈഡ് സീനിയർ നാച്ചുറോപ്പത് സ് അസോസിയേഷൻ, പശ്ചിമഘട്ട രക്ഷാസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആണ് ധർണ സംഘടിപ്പിച്ചത്.

വ്യക്തിപരമായ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വാരിക്കോരി ജനങ്ങൾക്ക് സോക്സി സൈക്ലിൻ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുക, ജേക്കബ് വടക്കഞ്ചേരിയ്ക്കെതിരെയുള്ള കേസ് പിൻവലിക്കുക, ജയിൽ വിമോചിതനാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത് .

ജനാരോഗ്യ പ്രസ്ഥാനം ജനറൽ കൺവീനർ കെ.വി.സുഗതൻ, ട്രഷറർ വർഗ്ഗീസ് കൈമാപ്പറമ്പിൽ, വൈസ് പ്രസിഡൻറ് സദാനന്ദൻ മെഴുവേലി, ജില്ലാ കൺവീനർ മനു ജോസഫ് കിളിമാനൂർ, സഹജീവൻ സ്വരാജ് നേതാവ് ഡോ. എൻ. എൻ. പണിക്കർ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ രാജേന്ദ്രൻ, പ്രമുഖ പ്രകൃതി ചികിത്സകരായ ഡോ. പി. എ. ഖരീം കോഴിക്കോട്, അലിൻ കല്പറ്റ, മുഖത്തല എം.റ്റി. ഈപ്പച്ചൻ, പുനലൂർ കെ. വിശ്വംഭരൻ, ഗവ. ഓഫ് ഇന്ത്യാ സർട്ടിഫൈഡ് സീനിയർ നാച്യുറോപത് സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എം.ഇക്ബാൽ, ഡോ. നിസാമുദ്ദീൻ, പശ്ചിമ ഘട്ട രക്ഷാസമിതി കൺവീനർ പ്രസാദ് സോമരാജൻ, സ്വാസ്ഥ്യ കേരളം കോ-ഓർഡിനേറ്റർ എൽ. പങ്കജാക്ഷൻ, പത്തനംതിട്ട ജോൺ മാത്യു, കുണ്ടമൺകടവ് വിജയകുമാരി, ശാന്തിഗ്രാം ജോ. ഡയറക്ടർ ജി.എസ്. ശാന്തമ്മ, പൂവ്വാർ സുനിതാ യേശുദാസൻ, ജീവൻകുമാർ തുടങ്ങിയവർ ധർണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഡോ.ജേക്കബ് വടക്കഞ്ചേരിയെ മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് നാളെ മുതൽ എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിഭവന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടക്കും. മനുഷ്യാവകാശ സംരക്ഷണത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും വേണ്ടി നടത്തുന്ന സത്യഗ്രഹത്തിൽ ജനാരോഗ്യ പ്രസ്ഥാനം ഏവരുടേയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button