കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. കെ കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ച ഐഎസ്ആര്‍ഒ ചാരക്കേസിന് കഴിഞ്ഞ ദിവസം പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട സത്യസന്ധനായ ശാസ്ത്രജ്ഞനോട് സൂപ്രീംകോടതി നീതി കാണിച്ചിരിക്കുന്നു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ചാരനെന്ന വിളിയില്‍ അദ്ദേഹം അനുഭവിച്ച മാനസികാവസ്ഥ എത്ര വലുതാണെന്ന് നമുക്കൊക്കെ ഊഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. പല അധികാര മോഹികളുടേയും ഗൂഡനീക്കങ്ങളില്‍ അകപ്പെട്ട ഈ ശാസ്ത്രജ്ഞനോട് മാപ്പപേക്ഷിക്കാന്‍ പോലും ഇവര്‍ക്ക് അര്‍ഹതയില്ല. ഒരായുസ് മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള വേദനകള്‍ അദ്ദേഹം പേറിയിട്ടുണ്ട്. നമ്പി നാരായണനൊപ്പം കെ കരുണാകരന്‍ എന്ന രാഷ്ട്രീയ ചാണക്യനും ഈ കേസില്‍ ഇരയാക്കപ്പെട്ടു. കോണ്‍ഗ്രസിലെ ഒരു വിഭാഗം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിച്ച കേസില്‍ നടന്ന വലിയ കളികളായിരുന്നു. രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു, ഐഎസ്ആര്‍ഒ ചാരക്കേസ്.
അധികാരം പിടിച്ചെടുക്കാനുള്ള ആര്‍ത്തിക്ക് പാത്രമായതാണ് സത്യസന്ധനായ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്‍. ജനാധിപത്യ രാജ്യത്താണ് ഇത്തരത്തിലൊരു നിഷ്ട്ക്രിയത്വം നടന്നത്. ഇപ്പോഴും അധികാര മോഹികളും അധികാരം പിടിച്ചെടുക്കലു യഥേഷ്ടം നടന്നു കൊണ്ടിരിക്കുന്നു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് നമ്പി നാരായണനെ പോലുള്ള സത്യസന്ധനായ ഉദ്യോഗസ്ഥര്‍ക്കുള്ള വെല്ലുവിളി. പലരും ഇത്തരക്കാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനാകാതെ ആത്മഹത്യ ചെയ്യുന്നു. നമ്പി നാരായണനും അത്തരത്തിലൊരു മാനസികാവസ്ഥയിലൂടെ കടന്നു പോയയാളാണ്. എന്നാല്‍ അച്ഛനെ മകള്‍ തിരുത്തി. ചാരന്‍ എന്ന് അവഹേളിക്കപ്പെട്ടല്ല മരിക്കേണ്ടതെന്നും അങ്ങനെ മരിച്ചാല്‍ ലോകാവസാനം വരെ ആ പേര് മാത്രമേ ബാക്കിനില്‍ക്കൂ എന്ന് വിവേകത്തോടെ മകള്‍ ഉപദേശിച്ചപ്പോള്‍ ആത്മാവിനെപ്പോലും അപമാനിക്കുന്ന ആ പേരില്‍ നിന്ന് പുറത്തുകടന്ന് സത്യമെന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണമെന്ന് നമ്പി നാരായണന്‍ തീരുമാനമെടുക്കുകയായിരുന്നു. ആ തീരുമാനത്തിനാണ് ഇന്നലെ വഴിത്തിരിവുണ്ടായത്.
വലിയ ഇളക്കി പ്രതിഷ്ഠകള്‍ക്ക് വഴിയൊരുക്കിയാണ് 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഹൈക്കോടതിക്ക് പിന്നാലെ നഷ്ടപരിഹാരക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും നമ്പി നാരായണന് അനുകൂലമായി വിധി വന്നിരിക്കുന്നു. കേസില്‍ കഴമ്പില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഐ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആയിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്ക് എതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും ഉത്തരവുണ്ടായി. എന്നാല്‍ വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ പോലും കാലു വാരിയതാണ്, രാഷ്ട്രീയ ചാണക്യന്റെ അടിതെറ്റാനിടയായത്. കരുണാകരന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി. ജീവിച്ചിരുന്നെങ്കില്‍ കരുണാകരനാകും ഈ വിധിയില്‍ ഏറ്റവും അധികം സന്തോഷിക്കുന്നുണ്ടാവുക.
കെ കരുണാകരനെന്ന രാഷ്ട്രീയ അതികായന്റെ പതനം കേരളത്തിന് എന്നും മറക്കാനാവാത്ത ഒരേടാണ്. കരുണാകരന്റെ രാജിക്ക് വേണ്ടി പടയോട്ടം നടത്തിയ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് ഇന്ന് വിധിയില്‍ ഒന്നും പറയാനില്ലത്രേ… ചാരക്കേസിന്റെ പാപത്തില്‍ നിന്ന് കൈകഴുകി മോചനം നേടാന്‍ ഇവര്‍ക്ക് സാധിക്കുമോ? ആന്റണി പക്ഷം കരുണാകരനെതിരെ നടത്തിയിട്ടുള്ള നീക്കങ്ങളൊന്നും മലയാളികള്‍ മറന്നിട്ടില്ല. ഇന്ന് കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളില്‍ മിക്കവരും കരുണാകരനെ ചാരനെന്ന് മുദ്രവെക്കാന്‍ മുറവിളി കൂട്ടിയവരായിരുന്നു. അധികാര കസേരകള്‍ സ്വന്തമാക്കാനായിരുന്നു ആ മുറവിളി. 1995 മാര്‍ച്ച് 16 ന് കരുണാകരന്‍ രാജിവെച്ചു. മാര്‍ച്ച് 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി. എന്നാല്‍ കരുണാകരനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മഹാനായ ശാസ്ത്രജ്ഞന്റെ അറിവും കഴിവുകളും കൂടിയാണ് ഇല്ലാതാക്കിയത്. തന്റെ സാങ്കേതിക അറിവ് അമേരിക്കയ്ക്ക് അടിയറവയ്ക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച രാജ്യസ്‌നേഹിയെ ആണ് ചാരക്കേസില്‍ കുടുക്കി രാജ്യദ്രോഹിയാക്കിയത്. 1994 നവം 30 നാണ് ചാരക്കേസില്‍ നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. ആ ആരോപണത്തിന്റെ പേരില്‍ 52 ദിവസം ജയിലില്‍ കഴിയേണ്ടിവന്നു നമ്പിനാരായണന്.
കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യസിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയും നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡികെ ജയ്ന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരപരാധികള്‍ ഇന്നും ഇരകളാക്കപ്പെടുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് നേതൃത്വം കൊടുക്കുന്നുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പുകളിലും സീറ്റ് വലിയും ചരട് വലിയും ഉണ്ടാവുക തന്നെ ചെയ്യും. അതിനു വേണ്ടി എന്ത് ചതി പ്രയോഗം നടത്താനും നേതാക്കള്‍ക്ക് മടിയില്ല. അതിന് എത്ര ചാരന്മാരെ വേണമെങ്കിലും ഉണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. ജനാധിപത്യ രാജ്യമല്ല, മറിച്ച് അധികാരക്കൊതിയന്മാരുടെ നാടായി മാറുകയാണ് നമ്മുടെ നാട്. ഇതിനൊരു മാറ്റം ഇനിയെന്നുണ്ടാകുമെന്ന് കണ്ടറിയണം.
Post Your Comments