KeralaLatest News

ചാരക്കേസ്, കേസുകൾ കെട്ടിച്ചമക്കുന്നതിൽ വിദഗ്ധനായ ആർ ബി ശ്രീകുമാറിന്റെ പങ്ക് അന്വേഷിക്കണം : ബിജെപി

ഫൗസിയയുടെ വെറും 14 വയസ്സുള്ള മകളെ അവരുടെ കണ്മുന്നിൽ വെച്ച് മാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി ലഭിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. ചാരക്കേസിന് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറികളും ഡി.കെ. ജയിന്‍ സമിതിയുടെ മുന്നില്‍ വരും. ഡല്‍ഹി കേന്ദ്രമാക്കിയാണ് കമ്മീഷന്റെ പ്രവര്‍ത്തനം.

എന്നാല്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരാം. അതെ സമയം അന്വേഷണം കേരളാപോലീസിൽ മാത്രമൊതുക്കരുതെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. കേന്ദ്ര ഇന്റലിജൻസിന് വേണ്ടി ഐ എസ് ആർ ഓ കേസന്വേഷിച്ച ഗുജറാത്ത് മുൻ എ ഡി ജിപി ആർ ബി ശ്രീകുമാറിന്റെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നമ്പിനാരായണനെ പ്രതിപട്ടികയിൽ പെടുത്തിയതും ഫൗസിയ ഹസൻ , മറിയം റഷീദ എന്നീ മാലി വനിതകളെ സംസ്കാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള ചോദ്യം ചെയ്യലിന് വിധേയരാക്കിയതും ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ആർ ബി ശ്രീകുമാർ ആയിരുന്നു.

ഫൗസിയയുടെ വെറും 14 വയസ്സുള്ള മകളെ അവരുടെ കണ്മുന്നിൽ വെച്ച് മാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.ഇരുപത്തിനാലു വര്‍ഷം പിന്നോട്ടുനടന്ന് ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ സത്യം കണ്ടെത്തിയാല്‍ കേരളത്തില്‍ രാഷ്‌ട്രീയ കോളിളക്കമുണ്ടാകും. രാഷ്ട്രീയം, പൊലീസ്, ഇന്റലിജന്‍സ്, കോടതികള്‍, മാദ്ധ്യമങ്ങള്‍, ബഹിരാകാശ ശാസ്ത്രജ്ഞര്‍, കേന്ദ്ര ഏജന്‍സികള്‍ എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിലുണ്ടാവും. സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കേസിന് പിന്നിലെന്ന് പത്മജാ വേണുഗോപാല്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. കേസിലെ രാഷ്ട്രീയഗൂഢാലോചന പുറത്തുവന്നാല്‍ ഭൂകമ്പമാകും.

വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഫയലില്‍ രൂപംകൊണ്ട ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സി.ബി.ഐയെപ്പോലും ഒഴിവാക്കിയാണ് നിയമകമ്മിഷന്‍ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ഡി.കെ. ജെയിനെ സുപ്രീംകോടതി കേരളത്തിലേക്കയയ്ക്കുന്നത്. കള്ളക്കേസെടുത്തും വ്യാജതെളിവുകള്‍ ഉണ്ടാക്കിയും അന്വേഷണങ്ങള്‍ അട്ടിമറിക്കുന്ന പൊലീസിനുള്ള താക്കീതുമാണ് സുപ്രീംകോടതി വിധി. അന്ന് ഇന്ത്യയ്‌ക്ക് ഇല്ലാതിരുന്ന ക്രയോജനിക് റോക്കറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ നാലുകോടി രൂപയ്ക്ക് ചോര്‍ത്തിക്കൊടുത്തെന്ന് കേട്ടപാടെ അറസ്റ്റും കേസുമായി ഇറങ്ങിയ കേരള പൊലീസിലെ ഉന്നതര്‍, സുപ്രീംകോടതി സമിതിയോട് തെളിവുകള്‍ വിശദീകരിക്കേണ്ടിവരും.

കേസ് തെളിയിക്കാന്‍ നടത്തിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൊലീസിന് കുരുക്കാവും. നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും ഐ.ബിയും പൊലീസും ചേര്‍ന്ന് അദ്ദേഹത്തിന്റെ പേര് പറയിച്ചതാണെന്നുമാണ് മാലിക്കാരി ഫൗസിയ ഹസന്റെ പരാതി. കുറ്റസമ്മതം വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ നമ്പി നാരായണന്റെ പേര് പേപ്പറില്‍ എഴുതിക്കാണിച്ച്‌ വായിപ്പിച്ചതായാണ് മറിയം റഷീദയുടെ വെളിപ്പെടുത്തല്‍. 14 വയസുള്ള മകളെ കണ്‍മുന്നില്‍ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന ഫൗസിയയുടെ വെളിപ്പെടുത്തലും ഗുരുതരമാണ്.

ജയില്‍ മോചിതയായ ശേഷം കേരള പൊലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസ് കൊടുത്തിരുന്നു. ബിസിനസുകാരനായ മകന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കേസ് പിന്‍വലിക്കുന്നതായി മാലിദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കിയെന്നാണ് ഫൗസിയയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button