കരിപ്പൂര്‍ : വിമാനയാത്രക്കാരുടെ ബാഗുകളില്‍ നിന്ന് മോഷണം പതിവാകുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നു വിലപിടിപ്പുള്ള വസ്തുക്കളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് പരാതിയുമായി വിമാനത്താവള അധികൃതരേയും പൊലീസിനേയും സമീപിച്ചിരിക്കുന്നത്. അതേസമയം മോഷണം നടക്കുന്നത് കേരളത്തില്‍ വെച്ചല്ലെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍, കണ്‍വേയര്‍ ബെല്‍റ്റ് വഴിയെത്തുന്ന ഒരു ബാഗിന്റെ സിബ്ബ് ഉദ്യോഗസ്ഥന്‍ അടയ്ക്കുന്നതായി കണ്ടെത്തി. എന്നാല്‍, ഈ ബാഗ് തുറക്കുന്നതായി ഒരിടത്തും കാണാനില്ല. ഈ ബാഗില്‍നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
നഷ്ടപ്പെടുന്ന ‘താവളം’ കണ്ടെത്താന്‍ പരാതിക്കാര്‍ ഖത്തര്‍ പൊലീസിനെയും ദോഹ വിമാനത്താവളം അധികൃതരെയും സമീപിക്കുന്നു. ബാഗുകള്‍ കുത്തിത്തുറക്കുന്നതു കോഴിക്കോട്ടോ ഖത്തറിലോ എന്നു കണ്ടെത്തുകയാണു ലക്ഷ്യം.
മോഷണം ഖത്തറില്‍നിന്ന് ഉണ്ടായതാകാം എന്നു പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഖത്തര്‍ പൊലീസിലും ദോഹ വിമാനത്താവളത്തിലും ഇതിനായി രേഖാമൂലം ഇന്നു പരാതികള്‍ നല്‍കുമെന്നും യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ പൊലീസിനും കോഴിക്കോട്ടെ വിമാനക്കമ്പനികള്‍ക്കും ലഭിച്ച നാലു പരാതികളും ഖത്തറിലെ ദോഹ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ടവരുടേതാണ്.
Post Your Comments