തിരുവനന്തപുരം : ഗുണ്ടാസംഘത്തിനെതിരെ പരാതിയുമായെത്തിയ യുവതിയെ പൊലീസുകാര്‍ തല്ലിച്ചതച്ചു. . കുളത്തൂര്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മര്‍ദ്ദനത്തില്‍ ദേഹമാസകലം പരിക്കേറ്റ യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുമ്പ എസ്.ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം.
യുവതിയും കുട്ടികളും താമസിക്കുന്ന വാടകവീട്ടില്‍ വെളുപ്പിന് 5.45ന് ആട്ടോയിലെത്തിയ മൂന്നംഗ സംഘം, വീട്ടുടമയെ അന്വേഷിച്ചു. നിങ്ങളാരാണെന്ന് തിരക്കിയപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവതി നിലവിളിച്ചതോടെ സംഘം രക്ഷപ്പെട്ടു. വീട്ടുടമയും ബന്ധുക്കളും തമ്മില്‍ സ്വത്തുതര്‍ക്കത്തില്‍ കേസുണ്ട്. സംഭവത്തിൽ യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കി ഞായറാഴ്ച രാത്രിയില്‍ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ്, പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താന്‍ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളില്‍ ഒരാളെ യുവതി തിരിച്ചറിഞ്ഞു. എന്നാല്‍, വീട്ടുടമ യുവതിയെ കൊണ്ട് പ്രതികളെ ബോധപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പൊലീസ് തട്ടിക്കയറുകയും, പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.
ALSO READ: ഗുണ്ടാസംഘം എത്തിയത് നീനുവിനെത്തേടി; നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ
യുവതിയെ പോകാന്‍ അനുവദിച്ചില്ല. രാത്രി 11.30 വരെ സ്റ്റേഷന്‍ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വീട്ടുടമയ്‌ക്കെതിരെ യുവതിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം മൊഴി രേഖപ്പെടുത്തി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ബന്ധുക്കളെയോ മറ്റുള്ളവരെയോ വിവരം അറിയിച്ചതുമില്ല. യുവതിയുടെ ഫോണ്‍ പൊലീസുകാര്‍ വാങ്ങിവച്ചിരുന്നു. രാത്രി 12.30ന് മകളെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ കാന്‍സര്‍ രോഗിയായ അമ്മയോട്, മകളെ പറഞ്ഞുവിട്ടുവെന്ന് എസ്.ഐ പറഞ്ഞു.
മകളെ കാണാതെ ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ അമ്മ, സ്റ്റേഷന്റെ ഒരു മൂലയില്‍ കുറ്റവാളിയെപ്പോലെ നിറുത്തിയിരിക്കുന്ന മകളെയാണ് കണ്ടത്. ചൊവ്വാഴ്ച രാത്രിയായിട്ടും യുവതിയെ വിട്ടയയ്ക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും വാര്‍ഡ് കൗണ്‍സിലറും ഇടപെട്ടു. ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുമായി രാത്രി 12 മണിയോടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവതിയെ ഒരു വനിതാ പൊലീസിനെ വരുത്തി പൊലീസ് ജീപ്പില്‍ ബന്ധുവീട്ടിലെത്തിച്ച് പൊലീസുകാര്‍ മുങ്ങി. തുടര്‍ന്നാണ് ബന്ധുക്കള്‍ യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments