ഗൂഗിളിൽ പരസ്യം ചെയ്യാനുള്ള സംവിധാനം മുതലെടുക്കുന്ന വ്യാജന്മാർക്ക് ഉടനെ പിടിവീഴും. വ്യാജപരസ്യങ്ങൾ നീക്കാനുള്ള നടപടി മുന്നെ തുടങ്ങിയെങ്കിലും അതിനായി നിരീക്ഷണ സംവിധാനം കൂടി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഓരോ സെക്കന്റിലും സെര്‍ച്ച് എഞ്ചിനില്‍ നിന്ന് നൂറ് പരസ്യങ്ങളെങ്കിലും നീക്കം ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. നയമലംഘനം നടത്തി, തട്ടിപ്പ് നടത്തുന്ന പരസ്യങ്ങളാണ് ഗൂഗിള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ആപ്പിളിന്റെയും മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെയും പേരിലാണ് പലപ്പോഴും ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടക്കുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി വെരിഫിക്കേഷന് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ ഗ്ലോബല്‍ പ്രോഡക്ട് പോളിസി ഡയറക്ടര്‍ ഡേവിഡ് ഗ്രാഫ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 320 കോടി പരസ്യങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്
തേഡ് പാര്‍ട്ടി ടെക്നിക്കല്‍ സപ്പോര്‍ട്ട് ബിസിനസില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആഗോള വ്യാപകമായി ഇത്തരം ബിസിനസുകള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. നിയമാനുസൃതമായ പ്രൊവൈഡേര്സിനെ മാത്രം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും ഇതിനായി വിവിധ വെരിഫിക്കേഷന് പ്രോഗ്രാമുകള്‍ ആവിഷ്കരിക്കുമെന്നും ഗ്രാഫ് അറിയിച്ചു.
ആരോഗ്യകരമായ പരസ്യപരിസ്ഥിതി വളര്‍ത്തിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്രാധാന്യമില്ലാത്തതും ദോഷകരവുമായ പരസ്യങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുകയെന്നതും ഉത്തരവാദിത്വപ്പെട്ട സെര്‍ച്ച് എഞ്ചിന് എന്ന നിലയില്‍ ഗൂഗിള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ കൂടുതല്‍ സൗകര്യങ്ങളും ആഡ് സെറ്റിങ്സില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളും ഗൂഗിള്‍ അടുത്തിടെ നടത്തിയിരുന്നു.
Post Your Comments