ടെഹ്‌റാന്‍ : ബാലിസ്റ്റിക്-ക്രൂസ് മിസൈല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചതോടെ ആണവകരാറില്‍ നിന്ന് യുഎസ് പിന്‍മാറിയിരുന്നു. തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ രാജ്യാന്തര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തതോടെ യുദ്ധഭീഷണിയുടെ നിഴലിലാണ് പശ്ചിമേഷ്യ.
അതേസമയം, ഇറാന്‍ യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ‘ഒരുങ്ങിയിരിക്കാന്‍’ സൈന്യത്തിനോട് ആയത്തുല്ല ആഹ്വാനം ചെയ്തത്. ആള്‍ബലവും ആയുധവിന്യാസവും കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നിര്‍ദേശവുമുണ്ട്. വ്യോമസേനയോടാണ് ഇക്കാര്യത്തില്‍ പ്രത്യേക ആഹ്വാനം. എതിരാളികളെ നേരിടുന്നതില്‍ മുന്‍പന്തിയിലുള്ളത് വ്യോമസേനയാണ്. അതിനാല്‍ ഏതു സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങളും തയാറെടുപ്പും അവര്‍ക്കുണ്ടായിരിക്കണം- ഇറാന്റെ വ്യോമ പ്രതിരോധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ ആയത്തുല്ല വ്യക്തമാക്കി.
Read Also : സൗദിക്കും യുഎസ്സിനുമെതിരെ വെല്ലുവിളിയുമായി ഇറാന്‍
ഇറാന്റെ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതില്‍ നിന്ന് യുഎസിനെ പിന്തിരിപ്പിക്കുന്നതെന്ന് കഴിഞ്ഞ മാസം ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. യുഎസ് കരാറില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് രാജ്യത്തിനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാര പാക്കേജ് നല്‍കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോടും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments