Kerala

പുതുതലമുറയുടെ സേവനം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

വയനാട് ജില്ലാ ആശുപത്രിയില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: പുതുതലമുറയുടെ നന്മ നഷ്ടപ്പെട്ടിട്ടില്ലെന്നും അവരുടെ സേവനം ലോകത്തിന് മാതൃകയാണെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മനുഷ്യന്റെ മഹാ യജ്ഞമാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വയനാട് ജില്ലാ ആശുപത്രിയില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read also: പ്രളയം തന്ന സൗഹൃദങ്ങള്‍; ദുരിതാശ്വാസ ക്യാമ്പ് വിട്ട് മടങ്ങുന്നവരുടെ സ്‌നേഹപ്രകടനം- വീഡിയോ വൈറല്‍

പ്രളയ ദുരന്തത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആ പ്ലാന്‍ വയനാട് ജില്ലയിലും നടപ്പിലാക്കുന്നതാണ്. എലിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ പടരാതെ സംരക്ഷിക്കേണ്ടതുണ്ട്. ശുദ്ധജലം ഉറപ്പാക്കാന്‍ ഫലപ്രദമായ ക്ലോറിനേഷന്‍ നടത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. 3 ഘട്ടങ്ങളിലായി വെള്ളം പരിശോധിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് 24 മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നിന് യാതൊരു വിധത്തിലുമുള്ള ക്ഷാമവുമില്ല. പകര്‍ച്ചവ്യാധി പ്രവര്‍ത്തനം, ജീവിതശൈലീ രോഗങ്ങള്‍, മാനസിക വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. 50 വീടിന് 2 വോളന്റിയര്‍മാര്‍ വച്ച് ഒരു ദിവസം 25 വീടുകള്‍ സന്ദര്‍ശിച്ച് ക്ലോറിനേഷന്‍, പരിസരം അണുവിമുക്തമാക്കല്‍, അവബോധം എന്നിവ നല്‍കുന്നതാണ്. മരുന്നിന്റെ സ്‌റ്റോക്ക് ഉറപ്പു വരുത്തുകയും ചികിത്സാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മരുന്ന് നല്‍കി ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ മാനസിക വെല്ലുവിളികളുള്ളവരെ കണ്ടെത്തുന്നു. അവര്‍ക്ക് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് കൊടുക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നു.

മെഡിക്കല്‍ ക്യാമ്പുകളില്‍ ആയുര്‍വേദ, ഹോമിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഓരോ വീട്ടിലും കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സെന്‍സസ് ടീമിനെ നിയോഗിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ.മാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. നിസീമ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഉരുള്‍പൊട്ടി ഏറെ നാശനഷ്ടം വരുത്തിയ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രദേശം സന്ദര്‍ശിച്ച് മന്ത്രി നാട്ടുകാരുമായി സംസാരിച്ചു. മാനന്തവാടി പിലാക്കാവ്, കണിയാരം ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങിലെ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button