പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്ത വേളയില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പോയത് ഇടുക്കി അണക്കെട്ടു തുറക്കുന്ന കാര്യത്തിലും ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ വെള്ളം കയറുമെന്ന ആശങ്കയിലേക്കുമാണ് കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പോയത്. ഈ സമയത്ത് വേണ്ടത്ര ശ്രദ്ധയും മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പമ്പ , അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരക്കെ വിമർശനം. തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളെ ദുരിതത്തിലാക്കും വിധം നിറഞ്ഞു കവിഞ്ഞ് നദി ഒഴുകിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അധികൃതർക്ക് ഒഴിഞ്ഞു മാറാനുമാവില്ല .
സംസ്ഥാനത്തെ രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയുടെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ ഇല്ലാതെപോയതാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മഹാപ്രളയത്തിനു കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാവരുടെയും ശ്രദ്ധ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലേക്ക് പോയത്തോടെ ഇത് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നതും ഒരു കാരണമാണ്. . കക്കി, പമ്പ അണക്കെട്ടുകളില്‍നിന്നു സെക്കന്‍ഡില്‍ 10 ലക്ഷത്തോളം ലീറ്റര്‍ വെള്ളമാണു പമ്പയിലേക്ക് ഒഴുകിവരുന്നതെന്ന യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണകൂടത്തിനു കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്.
പമ്പയില്‍ ചേരുന്ന നദിയാണ് അച്ചന്‍കോവിലാര്‍. പമ്പയുടെ താഴ്ഭാഗം നിറഞ്ഞാല്‍ സ്വാഭാവികമായും അച്ചന്‍കോവിലാറും വെള്ളം അവിടെ തന്നെ നില്‍ക്കും. അങ്ങനെ അച്ചന്‍കോവിലാറും നിറഞ്ഞു കവിയുകയായിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടില്‍നിന്ന് ആദ്യദിവസങ്ങളില്‍ തുറന്നുവിട്ട പരമാവധി വെള്ളത്തെക്കാള്‍ കൂടുതലായിരുന്നു പമ്പ കക്കി ഡാമുകളിൽ നിന്നൊഴുകിയെത്തിയത്. 14നു പകല്‍ ശബരിഗിരിയിലെ ഇരുഡാമുകളില്‍നിന്നുമായി തുറന്നുവിട്ട വെള്ളംതന്നെ പമ്പയില്‍ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു.
എന്നിട്ടും ജനവാസ മേഖലകള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നില്ല. കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്കുകള്‍പ്രകാരം 14നു വൈകിട്ടു നാലിനു കക്കി – ആനത്തോട് അണക്കെട്ടില്‍നിന്നു സെക്കന്‍ഡില്‍ 8,53,000 ലീറ്ററും പമ്പ അണക്കെട്ടില്‍നിന്നു സെക്കന്‍ഡില്‍ 47,000 ലീറ്ററുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കന്‍ഡില്‍ 4.68 ലക്ഷം ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി.
രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലര്‍ച്ചെ ആറോടെ സെക്കന്‍ഡില്‍ 9.39 ലക്ഷം ലീറ്ററുമായി ഉയര്‍ന്നു.ഈ സമയം ഇടുക്കിയില്‍നിന്നു സെക്കന്‍ഡില്‍ ഏഴര ലക്ഷം ലീറ്റര്‍ മാത്രമാണ് ഒഴുക്കിയത്. എല്ലാം സംഭവിച്ചതു രാത്രിയായതിനാല്‍ ഒരു മുന്‍കരുതലിനും അവസരമുണ്ടായില്ല. ഒപ്പം കിഴക്കന്‍ മേഖലയിലെ ഉരുള്‍പൊട്ടലും ദുരന്തത്തിന് ആക്കം കൂട്ടി. കെഎസ്‌ഇബിക്കാര്‍ ഇടുക്കിയില്‍ കാണിച്ച ജാഗ്രത പമ്പ കക്കി ഡാമുകൾ തുറക്കുമ്പോൾ കാണിച്ചിരുന്നെങ്കിൽ മധ്യതിരുവിതാംകൂർ മുങ്ങില്ലായിരുന്നു.
Post Your Comments