
താമരശ്ശേരി: സംസ്ഥാനം മുഴുവനും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഈ വീട്ടിലെ കിണര്‍ മുഴുവന്‍ വറ്റിവരണ്ടു. ഈ പ്രതിഭാസത്തില്‍ വീട്ടുകാരും നാട്ടുകാരും ഒരു പോലെ ആശങ്കയിലായി.. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്പോള് ഒരു കിണര്‍മാത്രം വറ്റിപ്പോയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകാറുള്ള കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. റവന്യൂവകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. അബ്ദുല്‍ഹമീദ്, ഡോ. പി.ആര്. അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിനടിയിലെ ഉപ്പുപാറയുടെ വിള്ളല്‍ വലുതായാലോ വിള്ളലിലുണ്ടായിരുന്ന തടസ്സം മാറിയാലോ വെള്ളം വലിഞ്ഞുപോകാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു. ഈ കിണറിന്റെ തൊട്ടടുത്തുള്ള കിണറിലെ ജലവിതാനം കുറഞ്ഞതായും പരിശോധനാസംഘം കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് സംഘത്തിനൊപ്പമുണ്ടായിരുന്നു.എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ സഹിതം പ്രചരിച്ചിട്ടുണ്ട്.
Post Your Comments