കേരളം പ്രളയക്കെടുതിയില്‍ വലയുന്നു. മൂന്ന് ലക്ഷത്തോളം ആളുകളാണ് രണ്ടായിരത്തിലധികം വരുന്ന ക്യാമ്പുകളിലായി കഴിയുന്നത്. ചെങ്ങന്നൂരില്‍ ഈ നിലയിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നതെങ്കില്‍ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎല്‍എ സജി ചെറിയാന്‍ പ്രതികരിച്ചു. കേരളം മഹാ പ്രളയത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടും ദുരിത ബാധിതരില്‍ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കും എത്താന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തില്‍ പെട്ടിരിക്കുന്നവരെ കണ്ടെത്താന്‍ പോലും രക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു. മാധ്യമങ്ങള്‍ക്കുപുറമെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആളുകള്‍ പങ്കുവച്ചു.കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും ചെങ്ങന്നൂരില്‍ സംഭവിക്കുക എന്നും സജി ചെറിയാൻ പറഞ്ഞു.
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം നേരിട്ടിറങ്ങണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം, അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരം കാണേണ്ടി വരും എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ചെങ്ങന്നൂര്‍ നേരിടുന്ന പ്രശ്‌നം.
Post Your Comments