പത്തനംതിട്ട: തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന് എന്ന നഴ്സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു.
ഇന്നലെ താഴത്തെ നിലയിലെ ഐസിയുവിലടക്കം വെള്ളം കയറിയിരുന്നെങ്കില്‍ ഇപ്പോള്‍ ആദ്യനില പൂര്‍ണമായും മുങ്ങിപ്പോയ അവസ്ഥയിലാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും മുങ്ങിയിട്ടുണ്ട്. വെന്റിലേറ്ററിലുള്ള രോഗികളെ ഇന്നലെ തന്നെ വേറെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ചുവച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ. എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെനിന്ന് രക്ഷിച്ചേപറ്റൂ. മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരിയാണ് സ്ഥലം.
രണ്ടാള് പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന് രക്ഷിക്കൂ എന്നാണു രമ്യ പറയുന്നത്.
വീഡിയോ കാണാം:
Post Your Comments