സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടര്‍ യുവി ജോസ് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. കൂടാതെ ഐ.ടി.ഐകളില്‍ നടന്നുവരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി വച്ചിട്ടുണ്ട്. ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ആണ് മാറ്റിവച്ചത്.
Also Read : കനത്ത മഴ ; അഞ്ച് ട്രെയിനുകൾ റദ്ദാക്കി
തെക്കന്‍ കേരളവും ഒരുപോലെ മഴക്കെടുതിക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. മലബാറില്‍ ഏറ്റവും അധികം ദുരിതത്തിലായിരിക്കുന്നത് വയനാട് ജില്ലയാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ചിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. നഗരമൊന്നാകെ വെള്ളക്കെട്ടിലായിരിക്കുകയാണ്. മാവൂര്‍ റോഡിലും തൊണ്ടയാടുമടക്കം നഗരത്തിന്റെ പല ഭാഗത്തും വെള്ളം കയറിയിരിക്കുകയാണ്. ബസ്സുകള്‍ പലയിടത്തും സര്‍വ്വീസ് നടത്തുന്നില്ല. ബൈക്കുകളും കാറുകളും അടക്കമുള്ള സ്വകാര്യ വാഹനങ്ങളാണ് നിരത്തില്‍ കൂടുതലായുമുള്ളത്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളാണ് പ്രധാനമായും വെള്ളത്തിന് അടിയിലായിരിക്കുന്നത്. മാവൂരില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. ആദ്യത്തെ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ നാല് ദിവസം മുന്‍പ് വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നത്.
ബാലുശ്ശേരി റോഡ്. മാവൂര്‍ റോഡ്, രാജാജി ജംഗ്ഷന്‍, ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടായിരുന്നു. പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍ ഭാഗത്തും റോഡില്‍ വെള്ളം കയറിയിരിക്കുകയാണ്. ബീച്ച്, വെള്ളിമാട് കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ റോഡിലേക്ക് മരം വീണു. നഗരത്തില്‍ പലയിടത്തും വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്.
Post Your Comments