കൊച്ചി•പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹം കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ വച്ച് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്തരിച്ചത്.
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1926 ല്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന മുളക്കുളം ഗ്രാമത്തിൽ വൈദികനായിരുന്ന യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി ജനനം. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി.
പിറവം സെന്റ്. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ് ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
Post Your Comments