Latest NewsKerala

സര്‍ക്കാരിനോട് വെറും അഞ്ച് ചോദ്യങ്ങള്‍, ഇതിന് മറുപടി കിട്ടിയേ തീരു; ജയരാജന്‍ മന്ത്രിയായതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം

സൈബര്‍ പോരാളികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞ് പിന്നീട് പിണറായി വിജയന്‍ ആവര്‍ത്തിച്ച വാക്കുകളാണിത്

തിരുവനന്തപുരം: ഇ.പി ജയരാജന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ പ്രതികരണവുമായി  വി.ടി ബല്‍റാം രംഗത്ത്.  ഇ.പി ജയരാജന്‍ എന്ന സിപിഎം മന്ത്രി അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാത വിഷയത്തില്‍ കയ്യോടെ പിടിക്കപ്പെട്ടതിന് പുറത്തുപോകേണ്ടി വന്നപ്പോള്‍ അതിന് ചമച്ച താത്വിക ഗീര്‍വ്വാണവും ധാര്‍മ്മിക മേനിനടിക്കലുമായിരുന്നു ആ താരതമ്യമെന്ന് വി.ടി ബല്‍റാം വ്യക്തമാക്കി.

‘യുഡിഎഫല്ല എല്‍ഡിഎഫ്,
കോണ്‍ഗ്രസ്സല്ല സിപിഎം’

സൈബര്‍ പോരാളികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞ് പിന്നീട് പിണറായി വിജയന്‍ ആവര്‍ത്തിച്ച വാക്കുകളാണിത്. ഇപി ജയരാജന്‍ എന്ന സിപിഎം മന്ത്രി അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാത വിഷയത്തില്‍ കയ്യോടെ പിടിക്കപ്പെട്ടതിന് പുറത്തുപോകേണ്ടി വന്നപ്പോള്‍ അതിന് ചമച്ച താത്വിക ഗീര്‍വ്വാണവും ധാര്‍മ്മിക മേനിനടിക്കലുമായിരുന്നു ആ താരതമ്യം. അതേ ഇപി ജയരാജന്‍ ഇന്ന് വീണ്ടും മന്ത്രിയായി ചുമതലയേറ്റിരിക്കുന്നു. നഷ്ടപ്പെട്ട അധികാരക്കസേര തിരിച്ചുപിടിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. ഇനിയെങ്കിലും കുടുംബക്കാരേക്കാള്‍ നാട്ടുകാരുടെ നന്മ അദ്ദേഹത്തിന്റെ മുന്‍ഗണന ആകട്ടെ എന്നാശംസിക്കുന്നു.

പക്ഷേ സിപിഎമ്മിനോടും എല്‍ഡിഎഫിനോടും ചില ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്:

1) ഇപി ജയരാജന്‍ പുറത്തു പോകേണ്ടി വന്ന ബന്ധു നിയമനം ഒരു യാഥാര്‍ത്ഥ്യം തന്നെയല്ലേ? ജയരാജന്റ വകുപ്പില്‍ അദ്ദേഹത്തിന്റേയും പികെ ശ്രീമതി എംപിയുടേയും അടുത്ത ബന്ധുക്കളായ ചിലര്‍ക്കാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉയര്‍ന്ന പദവികളില്‍ നിയമനം നല്‍കിയത് എന്നത് വസ്തുതയല്ലേ? ജയരാജനെതിരെ കേസെടുത്തതിന്റെ പേരിലല്ലേ അതുവരെ സര്‍ക്കാരിന്റെ ഇഷ്ടഭാജനമായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അനഭിമതനായത്? ജേക്കബ് തോമസിനെ മാറ്റി പുതിയ ഡയറക്ടറെ കൊണ്ടുവന്ന് വിജിലന്‍സിനേക്കൊണ്ട് ജയരാജന് അനുകൂലമായി റിപ്പോര്‍ട്ട് എഴുതിച്ച് കേസില്‍ നിന്ന് ഒഴിവാക്കി നല്‍കിയാല്‍ ബന്ധു നിയമനം എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കാന്‍ കഴിയുമോ? നഷ്ടപ്പെട്ട ധാര്‍മ്മികത തിരിച്ചുപിടിക്കാന്‍ കഴിയുമോ?

Also Read : ബല്‍റാം ബഹിഷ്‌ക്കരിക്കാന്‍ പറഞ്ഞതു കൊണ്ട് മാത്രം രാവിലെ തന്നെ ജ്വല്ലറിയില്‍ വന്ന് സ്വര്‍ണം വാങ്ങി: ഭീമയിൽ നിന്ന് ലൈവ് വീഡിയോയുമായി അലി എസ് ഹഫീസ്

2) ഒരു കാബിനറ്റ് മന്ത്രിയെ ഒഴിവാക്കിയതു കാരണം വര്‍ഷത്തില്‍ 7.5 കോടി രൂപയോളം സര്‍ക്കാര്‍ ലാഭിക്കുന്നുണ്ട് എന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി എകെ ബാലനടക്കമുള്ള സിപിഎം നേതാക്കള്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ എപ്പോഴും അവകാശപ്പെടാറുള്ളത്. പുതിയ രണ്ട് കാബിനറ്റ് തസ്തികകള്‍ കൂടി വരുന്നതോടെ 15 കോടിയുടെ അധികച്ചെലവ് ഖജനാവിന് വരുത്തി വച്ച എല്‍ഡിഎഫിന് ആ നിലയിലും ഇനി മേനി നടിക്കാന്‍ കഴിയില്ല.

500ഉം 1000വുമായി ഈ നാട്ടിലെ സാധാരണക്കാര്‍ മുഴുവന്‍ നാട് നേരിടുന്ന വലിയ പ്രളയ ദുരന്തത്തില്‍ കയ്യിലുള്ളതെല്ലാമെടുത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു കടന്നുവരുമ്പോള്‍ 15 കോടി രൂപ അധികച്ചെലവ് സൃഷ്ടിക്കുന്ന ഒരു തീരുമാനം ഇത്ര അടിയന്തിരമായി എടുക്കേണ്ട എന്ത് സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്? ‘ഹൃദയപക്ഷം”, ”ജനകീയ സര്‍ക്കാര്‍’ എന്നൊക്കെ സ്വയം പരസ്യം ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ധാര്‍മ്മിക പ്രശ്‌നവും തോന്നുന്നില്ലേ?

3) കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഭരണപക്ഷത്ത് ആകെയുള്ള 72 എംഎല്‍എമാരില്‍ 20 എംഎല്‍എമാരുള്ള (അതായത് 28.6%) രണ്ടാമത്തെ ഘടകകക്ഷിക്ക് അഞ്ചാമത് ഒരു മന്ത്രിയെ നല്‍കിയപ്പോള്‍ അതിനെ രാഷ്ട്രീയമായിക്കാണാതെ വര്‍ഗീയമായിക്കണ്ട് പ്രചരണം കൊഴുപ്പിക്കാന്‍ എല്‍ഡിഎഫ് നേതാക്കളും മുന്‍പന്തിയിലുണ്ടായിരുന്നല്ലോ. എന്നാലിന്ന് ഭരണപക്ഷത്ത് ആകെയുള്ള 91 എംഎല്‍എമാരില്‍ വെറും 19 അംഗങ്ങളുള്ള (അതായത് 20.9%) രണ്ടാമത്തെ കക്ഷിക്ക് ഇപ്പോള്‍ നാല് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടക്കം 6 കാബിനറ്റ് സ്ഥാനങ്ങളാവുന്നു. പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാത്ത ഒരു സ്ഥാനത്തിന് വേണ്ടി ഖജനാവിന് വന്‍ ഭാരം വരുത്തിവക്കാന്‍ ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഐക്കും ലജ്ജ തോന്നുന്നില്ലേ?

4) കാബിനറ്റ് റാങ്കോടു കൂടിയ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ആജീവനാന്ത പദവിയായിട്ടാണോ വിഭാവനം ചെയ്തിട്ടുള്ളത്? നിയമിച്ച സര്‍ക്കാര്‍ പോലും സീരിയസ് ആയി എടുക്കാത്ത ഒരു പ്രാഥമിക റിപ്പോര്‍ട്ടല്ലാതെ എന്ത് സംഭാവനയാണ് ആ കമ്മീഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്? സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെ കാര്യക്ഷമമാക്കാം, എങ്ങനെ പൗരന് കാലവിളംബമില്ലാതെ അവകാശങ്ങളും സേവനങ്ങളും ഉറപ്പുവരുത്താം എന്നതിനേക്കുറിച്ചൊക്കെ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു കമ്മീഷന്‍ തന്നെ സ്വന്തം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര കാലതാമസം വരുത്തുന്നത് എത്ര വലിയ ദുരന്തമാണ്? മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളേയും റിട്ടയേഡ് ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ച്ചെലവില്‍ പുനരധിവസിപ്പിക്കാനുള്ള ലാവണമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ഭരണ പരിഷ്‌ക്കാര കമ്മീഷനെ പിരിച്ചുവിട്ട് കൂടുതല്‍ ആധുനിക കാഴ്ചപ്പാടുകളുള്ള, പ്രൊഫഷണല്‍ മാനേജ്‌മെന്റ് പരിചയമുള്ള, സ്വകാര്യ മേഖലയിലടക്കം പ്രവര്‍ത്തിച്ച് പരിചയമുളള അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒരു ഭരണ പരിഷ്‌ക്കാര കമ്മീഷനല്ലേ കേരളത്തിന് വേണ്ടത്? ചോദ്യം ചെയ്യപ്പെടാനാവാത്ത വിശുദ്ധ പശുക്കള്‍ ജനാധിപത്യത്തിനും ഖജനാവിനും ഭാരമാവുന്നത് നാമറിയുന്നില്ലേ?

5) എന്തിനാണ് മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി? ഇക്കാര്യത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് ചെയ്തതും തെറ്റാണ്. എന്നാലത് ആവര്‍ത്തിക്കേണ്ട എന്ത് ബാധ്യതയാണ് ‘എല്ലാം ശരിയാക്കാ’ന്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്? കൂടുതല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ കോര്‍പ്പറേഷന്റേയും പിന്നാക്ക സമുദായ കോര്‍പ്പറേഷന്റേയും ചെയര്‍മാന് നല്‍കാത്ത കാബിനറ്റ് പദവി സവര്‍ണ്ണ തമ്പ്രാന് നല്‍കുന്നത് എത്ര വലിയ അശ്ലീലമാണ്, എന്തു വലിയ ഇരട്ടനീതിയാണ്? ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് ഇനിയെങ്കിലും കേരളം തയ്യാറാവേണ്ടേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button