ദുബായ്: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ എമിറേറ്റ്‌സ് സൈബര്‍ ക്രൈം നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. 2012 നവംബര്‍ അഞ്ചിന് നിലവിൽ വന്ന ഫെഡറല്‍ നിയമങ്ങള്‍ക്കാണ് പുതിയ ഭേദഗതി അനുസരിച്ച് മാറ്റം വരിക. രാജ്യത്ത് താമസിക്കുന്നവര്‍ പുതിയ നിയമങ്ങളെ കുറിച്ച് അറിയുകയും ജാഗ്രത പാലിക്കുകയും വേണം.
തീവ്രവാദികള്‍ക്കു വേണ്ടി വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുകയോ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് ഈ വകുപ്പ്. ഇതു പ്രകാരം അംഗീകാരമില്ലാത്ത സംഘടനകള്‍, അസോസിയേഷന്‍, ഓര്‍ഗനൈസേഷന്‍സ് അല്ലെങ്കില്‍ അവരുടെ നേതാക്കളോ മറ്റുമായി ആശയവിനിമയം നടത്തുകയോ പുതിയ അംഗങ്ങളെ ചേര്‍ക്കുകയോ, അവരുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ, പ്രശംസിക്കുന്നതോ ധനസഹായം നല്‍കുന്നതോ അല്ലെങ്കില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും സ്‌ഫോടകവസ്തുക്കളും മറ്റും നിര്‍മ്മിക്കുന്നതിനോ വേണ്ടിയുള്ള സഹായങ്ങള്‍ നല്‍കുക വഴി പത്തു വർഷം മുതല്‍ 25 വർഷം വരെ തടവും 20 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
Also Read: കുവൈത്ത് രാജ കുടുംബാംഗം അന്തരിച്ചു
ഇതേ വകുപ്പ് പ്രകാരം വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ വെബ്‌സൈറ്റുകള്‍ സ്ഥാപിക്കുകയോ കൈകാര്യം ചെയ്യുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും പത്ത് ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും. ആദ്യതവണ പിടിക്കപ്പെടുന്നവരെ ഇലക്ട്രോണിക് നിരീക്ഷണത്തില്‍ വയ്ക്കുകയും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇവര്‍ പിഴയടക്കേണ്ടതായും വരും.
ആര്‍ട്ടിക്കിള്‍ 28-ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ സുരക്ഷയേയോ, ഉത്തരവുകളേയോ ജുഡീഷ്യറിയേയോ ആക്രമിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍, കാര്‍ട്ടൂണുകള്‍, പ്രസിദ്ധികരണങ്ങള്‍ തുടങ്ങിയവ വെബ്‌സൈറ്റിലോ മറ്റോ പരസ്യപ്പെടുത്തുന്നവര്‍ക്ക് താല്ക്കാലിക തടവ് ശിക്ഷയും പത്ത് ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും. കൂടാതെ ആര്‍ട്ടിക്കിള്‍ 42 യു.എ.ഇ പീനല്‍ കോഡിന്റെ 121ആം അനുച്ഛേദ പ്രകാരം ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വിദേശിയെ കോടതി പുറത്താക്കും. പുതുക്കിയ നിയമ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
Post Your Comments