കൊല്‍ക്കത്ത: നിങ്ങള്‍ എത്ര എതിര്‍ത്താലും അസം ദേശീയ പൗരത്വ രജിസ്ട്രേഷമപനുമായി മുന്നോട്ട് പോകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ യുവമോര്‍ച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
മമതാ ബാനര്‍ജി പൗരത്വ രജിസ്ട്രേഷനെ എതിര്‍ക്കുകയാണെന്നും വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണെന്നും അമിത് ഷാ സംസാരിച്ചു. ആരെതിര്‍ത്താലും അസമില്‍ ദേശീയ പൗരത്വ രജിസ്ട്രേഷനുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി ജെ പിയെ ജനങ്ങള്‍ കാണാതിരിക്കാന്‍ ബംഗാളില്‍ ചാനലുകളുടെ സിഗ്നലുകള്‍ താഴ്ത്തുകയാണെന്നും, എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബിജെപിയുടെ ശബ്ദം ബംഗാളിലെ ഓരോ ജില്ലകളിലയേ്ക്കും കടന്നു ചെല്ലുമെന്നും തൃണമൂലിനെ പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് അന്യായമായി കടന്നു കൂടിയവരെ കണ്ടെത്താനാണു ദേശീയ പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കുന്നത്.ബംഗ്ലദേശി കുടിയേറ്റക്കാരെ പുറത്താക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. നേരത്തേ ബംഗാളിലെ തെരുവുകളില്‍ എല്ലാ ദിവസവും രവീന്ദ്ര സംഗീതമായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സ്ഫോടന ശബ്ദമാണ്. മമതാ ബാനര്‍ജി എന്തിനാണു ബംഗ്ലാദേശി കുടിയേറ്റക്കാരെ എന്തിനാണു പിന്തുണയ്ക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ബംഗാളി ഭാഷയില്‍ കവിതാ രൂപത്തിലുള്ള വിമര്‍ശനം പോസ്റ്റ് ചെയ്താണ് മമതാ പ്രതിഷേധം അറിയിച്ചത്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഒപ്പം ഉണ്ടായിരുന്നു. ആരാണു നിങ്ങള്‍, എന്താണു നിങ്ങളുടെ കുടുംബപ്പേര്, ഏതാണു നിങ്ങളുടെ മതം എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡിക, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് സ്ഥാനമില്ലെന്നു പറയുന്നു. എന്താണു നിങ്ങളുടെ സ്വത്വം, എവിടെയാണു നിങ്ങള്‍ ജീവിക്കുന്നത്, എവിടെയാണു നിങ്ങള്‍ പഠിച്ചത് എന്നു ചോദിക്കുന്ന രണ്ടാം ഖണ്ഡികയില്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹിയാകുമെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.
ദേശീയ പൗരത്വ പട്ടികയ്ക്കെതിരെ നേരത്തെയും മമത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളുമായി മമത വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അസം പൊലീസ് മമതയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരകലാപമുണ്ടാകുമെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു
Post Your Comments