Latest NewsKerala

: ഉരുള്‍ പൊട്ടുമ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഇതാ

കൊച്ചി: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മഴക്കാല ദുരിതമാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുകളും താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളകെട്ടും മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഴക്കെടുതി മൂലം 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഉരുള്‍ പൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നു.

ഉരുള്‍ പൊട്ടലിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
3. എമര്‍ജന്‍സി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാല്‍ കൈയില്‍ കരുതുകയും ചെയ്യുക.
4. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ടെലിഫോണ്‍ നമ്പറുകള്‍ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാല്‍ ഉപയോഗിക്കുകയും ചെയ്യുക.
5. ശക്തമായ മഴയുള്ളപ്പോള്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കുക.
6. വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടുക.
7. കിംവദന്തികള്‍ (rumours) പരത്താതിരിക്കുക.

ഉരുള്‍ പൊട്ടല്‍ സമയത്ത് എന്തു ചെയ്യാം

8. മരങ്ങളുടെ ചുവടെ അഭയം തേടരുത്.
9. പ്രഥമ ശുശ്രൂഷ അറിയുന്നവര്‍ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുക.
10. വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുക.
11. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
12. ഉരുള്‍ പൊട്ടല്‍ സമയത്തു നിങ്ങള്‍ വീട്ടിനകത്താണെങ്കില്‍ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
13. ഉരുള്‍ പൊട്ടലില്‍ പെടുകയാണെങ്കില്‍ നിങ്ങളുടെ തലയില്‍ പരിക്കേല്‍ക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുള്‍ പൊട്ടലിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശനത്തിന് പോകാതിരിക്കുക.
2. ഉരുള്‍ പൊട്ടല്‍ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെല്‍ഫിയോ എടുക്കരുത്.
3. ഉരുള്‍ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക.
4. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെന്‍സിനും മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
5. കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക –

shortlink

Related Articles

Post Your Comments

Related Articles


Back to top button