Latest NewsKerala

പ്രതിഷേധം: മാതൃഭൂമിയ്ക്ക് പരസ്യം നല്‍കില്ലെന്ന് പ്രമുഖ ജുവലേഴ്സും

തിരുവനന്തപുരം• എസ്. ഹരീഷിന്റെ ‘മീശ’ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ ബഹിഷ്കരണം തുടരുന്നതിനിടെ തന്നെ മാതൃഭൂമിയില്‍ പരസ്യം നല്‍കുന്നവരെയും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്.

മാതൃഭൂമിയില്‍ പരസ്യം ചെയ്ത ഫെഡറല്‍ ബാങ്ക്, ജോയ് ആലുക്കാസ് , ജോസ്കോ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രതിഷേധക്കാരുടെ പൊങ്കാലയുടെ ചൂടറിഞ്ഞിരുന്നു. ഇതിനിടെ കല്യാണ്‍ ജൂവലേഴ്സ് വിവാദം അവസാനിക്കും വരെ മാതൃഭൂമിയ്ക്ക് പരസ്യം നല്‍കില്ലെന്ന് തീരുമാനിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍, പ്രതിഷേധം കണക്കിലെടുത്ത് ഭീമ ജുവലേഴ്സും പത്രത്തിന് പരസ്യം നല്‍കുന്നത് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഒരുങ്ങുകയാണ്.

ഏജന്‍സി വഴിയാണ് ഭീമ പരസ്യം നല്‍കുന്നത്. ഓണത്തിനുള്ള പരസ്യങ്ങള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ ഫേസ്ബുക്ക്‌ പേജിലെ പ്രതിഷേധം കണക്കിലെടുത്ത് ഈ പത്രത്തിനുള്ള പരസ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ പരസ്യ ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഭീമ ഫേസ്ബുക്കില്‍ അറിയിച്ചു.

ഭീമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.

ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻ‌കൂർ നല്കിയിട്ടുള്ളതാണ്. ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്‌ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്ന് ഭീമ ജുവല്ലേഴ്‌സ്

https://www.facebook.com/bhimajewellers/posts/2067475149930517

 

shortlink

Related Articles

Post Your Comments

Related Articles


Back to top button