ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന എസ് ഹരീഷ് എഴുതിയ നോവല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.അഭിമാനി ആയ ഹിന്ദു എന്ന് വിശേഷിപ്പിച്ചാണ് ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണികല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷക ഉഷ നന്ദിനി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് .ഹിന്ദുക്കളുടെ വികാരം വ്രണപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ നടപടി ചാര്‍ളി ഹെബ്ദോയ്ക് സമാനം ആയ പ്രതിഷേധം ഇന്ത്യയില്‍ ക്ഷണിച്ച് വരുത്തുകയാണെന്നും ഹര്‍ജിയിലുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും മത വികാരങ്ങളില്‍ സര്‍ക്കാര്‍ വേര്‍തിരിവ് കാണുന്നു. ജനാധിപത്യ പരമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വിമര്‍ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും രാഷ്ട്രീയ ലാഭവും ലക്ഷ്യവും വച്ച് പ്രോത്സാഹിപ്പിക്കുന്നത് വേദനിപ്പിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്.
സമാധാന പ്രിയരായ ഹിന്ദുമത വിശ്വാസികളുടെ വികാരം നിന്ദിക്കാന്‍ മാത്രമേ ഇത് വഴി വച്ചുള്ളു എന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട് . മറ്റ് പോംവഴി ഇല്ലാത്തതിനാല്‍ ആണ് നേരിട്ട് സുപ്രിം കോടതിയെ സമീപിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .സല്‍മാന്‍ റുഷ്ദിയുടെയും തസ്ലീമ നസ്രീന്റെയും പുസ്തകങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ചില രാഷ്ട്രീയകാര്‍ മീശക്ക് അനുകൂലമായി നിന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments