യുഎഇ: മൂന്നു മാസം നീളുന്ന പൊതുമാപ്പ് യുഎഇ ഇന്ന് ആരംഭിക്കുകയാണ്. രാജ്യത്ത് നിയമംലംഘിച്ച് താമസിക്കുന്നവർ ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസാനത്തെ അവസരമാണിതെന്നും പ്രയോജനപ്പെടുത്തണമെന്നും താമസകാര്യവിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റഷീദ് പറഞ്ഞു. ആദ്യമായാണു പൊതുമാപ്പ് അപേക്ഷകർക്കു ജോലി കണ്ടെത്താൻ താൽക്കാലിക വീസാ സംവിധാനം ഏർപ്പെടുത്തുന്നത്. ആറു മാസത്തിനിടെ ജോലി കണ്ടെത്തി വീസ മാറ്റണം. ഇതിനോടകം ജോലി ലഭിച്ചില്ലെങ്കിൽ കാലാവധിക്കുശേഷം രാജ്യം വിടണം.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവർക്കു വീണ്ടും യുഎഇയിലേക്ക് പുതിയ വീസയിൽ വരാനും അനുമതിയുണ്ട്. കാലാവധിയുള്ള പാസ്പോർട്ട് ഉള്ളവർ പൊതുമാപ്പ് കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ നൽകിയാൽ വിരലടയാളം പകർത്തിയശേഷം എക്സിറ്റ് പാസ് നൽകും. ഇവർ 10 ദിവസത്തിനകം രാജ്യം വിടണം.
ALSO READ: ഇനി സമാധാനത്തോടെ നാട്ടിലേക്കു മടങ്ങാം; യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍
സാധുതയുള്ള രേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസിയിലോ കോൺസുലേറ്റിലോ പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസ് ശാഖകളിലോ പോയി ഔട്ട്പാസിന് അപേക്ഷിക്കണം. പാസ്പോർട്ടിന്റെ പകർപ്പ് കൈവശമില്ലാത്തവർ ഇന്ത്യക്കാരനെന്നു തെളിയിക്കുന്ന എന്തെങ്കിലും രേഖകളുമായാണ് (ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ്) എത്തേണ്ടത്. അപേക്ഷ സ്വീകരിച്ചാൽ മൂന്നു പ്രവൃത്തിദിവസത്തിനകം ലഭിക്കുന്ന ഔട്ട്പാസുമായി പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തി അപേക്ഷ നൽകിയാൽ രാജ്യംവിടാനുള്ള അനുമതി ലഭിക്കും
ഒളിച്ചോടിയതായി പരാതിയുള്ളവർ 500 ദിർഹം നൽകി അതു നീക്കം ചെയ്താൽ എക്സിറ്റ് പെർമിറ്റ് നൽകും. ഏത് എമിറേറ്റിലാണോ വീസയുള്ളത് ആ എമിറേറ്റിലാണു പൊതുമാപ്പിനും അപേക്ഷ നൽകേണ്ടത്. വീസാ കാലാവധി കഴിഞ്ഞതിന്റെപേരിൽ കേസ് നിലനിൽക്കുന്നവർക്കു കോടതിയിൽനിന്നുള്ള ക്ലിയറൻസ് ലഭിച്ചാൽ പൊതുമാപ്പിലൂടെ രാജ്യം വിടാം
എമിഗ്രേഷനിലും തൊഴിൽമന്ത്രാലയത്തിലും ലഭിച്ച, വിദേശികളുടെ പാസ്പോർട്ടുകൾ അതത് എംബസികൾക്കു കൈമാറി. 2011 മുതൽ ഇന്നലെ വരെ ഇന്ത്യൻ എംബസിയിൽ 4400 പാസ്പോർട്ടുകൾ ലഭിച്ചതായി കോൺസൽ എം. രാജമുരുകൻ അറിയിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഉദ്യോഗസ്ഥരെയാണു വിവിധ കേന്ദ്രങ്ങളിൽ പൊതുമാപ്പ് ചുമതല ഏൽപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അപേക്ഷകർക്കു ഭാഷ അറിയാതെ പ്രയാസപ്പെടേണ്ടിവരില്ലെന്ന് എംബസി വ്യക്തമാക്കി.
Post Your Comments